കോഴിക്കോട്: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ജനയുഗം കോഴിക്കോട് റസിഡന്റ് എഡിറ്ററുമായിരുന്ന കെ ടി സുരേഷ് (75) വെള്ളയില്‍ റെയില്‍വേ സ്റ്റേഷനു സമീപം ചോയുണ്ണി മാസ്റ്റര്‍ റോഡില്‍ സുധന്യയില്‍ അന്തരിച്ചു. അസുഖ ബാധിതനായി കിടപ്പിലായിരുന്നു. സിറാജ് ദിനപത്രം എക്‌സിക്യൂട്ടീവ് എഡിറ്റര്‍, ന്യൂസ് കേരള സായാഹ്ന പത്രം ന്യൂസ് എഡിറ്റര്‍ എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സംസ്‌കാരം ഇന്നു രാത്രി എട്ടിന് വെസ്റ്റ് ഹില്‍ ശ്മശാനത്തില്‍.
പരേതരായ സിപിഐ നേതാവ് കെ ടി ഗോപാലന്‍ മാസ്റ്ററുടെയും കേരള മഹിളാ സംഘം ജില്ലാ സെക്രട്ടറി രുഗ്മിണിയുടെയും മകനാണ്. ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ തന്നെ എഐഎസ്എഫിലൂടെ പൊതുരംഗത്തെത്തി. എഐഎസ്എഫിന്റെ ജില്ലാ സെക്രട്ടറിയും എഐവൈഎഫിന്റെ സിറ്റി പ്രസിഡന്റുമായിരുന്നു. മലബാര്‍ ക്രിസ്ത്യന്‍ കോളജില്‍ എഐഎസ്എഫിന്റെ യൂനിറ്റ് സെക്രട്ടറിയും കോളജിന്റെ ഫുട്‌ബോള്‍ ടീം ക്യാപ്റ്റനുമായിരുന്നു. ഫുട്‌ബോള്‍ സംഘാടകനായിരുന്ന അദ്ദേഹം
മികച്ച കളിയെഴുത്തുകാരനുമായിരുന്നു. കോളജ് പഠന കാലത്തുതന്നെ പത്രപ്രവര്‍ത്തന രംഗത്തെത്തി. ഹംഗറിയിലെ ബുഡാപെസ്റ്റില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമ നേടി. കാലിക്കറ്റ് പ്രസ്‌ക്ലബ് സെക്രട്ടറി, കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം, സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: എന്‍ കെ വിജയകുമാരി (റിട്ട. ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റ്) . മക്കള്‍: സൂരജ്(ബേരക്കുട നെറ്റ് വര്‍ക്ക്, ബെംഗളുരു), ധന്യാ സുരേഷ്(എച്ച്ആര്‍ മാനേജര്‍, മെറാള്‍ഡ ജുവല്‍സ്, കോഴിക്കോട്). മരുമക്കള്‍: വിനോദ് ദാസ്(ബിസിനസ്), ദീപാ സൂരജ്. സഹോദരങ്ങള്‍: ആശാ ഗോകുലന്‍(പരപ്പനങ്ങാടി), പരേതനായ കെ ടി രമേശ്(ഹുന്‍സൂര്‍).