അഴിമതിയില്‍ നടപടി സ്വീകരിച്ചില്ല; പട്‌നയിലെ അറബിക് ആന്റ് പേര്‍ഷ്യന്‍ യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ രാജിവച്ചു

യൂനിവേഴ്‌സിറ്റിയിലെ അഴിമതി ചൂണ്ടിക്കാട്ടി നവംബര്‍ 20ന് ബിഹാര്‍ ഗവര്‍ണര്‍ ഫാഗു ചൗഹാന് കത്തെഴുതിയതോടെയാണ് ഖുദ്ദൂസ് ശ്രദ്ധനേടുന്നത്.

Update: 2021-12-18 13:51 GMT

പട്‌ന: പട്‌നയിലെ മൗലാന മസ്ഹറുല്‍ ഹഖ് അറബിക് ആന്റ് പേര്‍ഷ്യന്‍ യൂനിവേഴ്‌സിറ്റി (എംഎംഎച്ച്എപിയു) വൈസ് ചാന്‍സലര്‍ മുഹമ്മദ് ഖുദ്ദൂസ് രാജിവച്ചു. സ്ഥാപനത്തിലെ അഴിമതിക്കെതിരേ ഒരു മാസത്തോളം തുടര്‍ന്ന പോരാട്ടത്തിനു ശേഷമാണ് രാജി. യൂനിവേഴ്‌സിറ്റിയിലെ അഴിമതി ചൂണ്ടിക്കാട്ടി നവംബര്‍ 20ന് ബിഹാര്‍ ഗവര്‍ണര്‍ ഫാഗു ചൗഹാന് കത്തെഴുതിയതോടെയാണ് ഖുദ്ദൂസ് ശ്രദ്ധനേടുന്നത്.

നിലവിലെ സാഹചര്യത്തില്‍ എംഎംഎച്ച്എപിയു വിസിയായി പ്രവര്‍ത്തിക്കാന്‍ തനിക്ക് കഴിയില്ലെന്ന് ഖുദ്ദൂസ് രാജ്ഭവന് അയച്ച കത്തില്‍ പറഞ്ഞു.

'നിലവിലെ സാഹചര്യത്തില്‍ ജോലിയുടെ അന്തരീക്ഷം അത്ര നല്ലതല്ല. അതിനാല്‍, എംഎംഎച്ച്എപിയു വിസി സ്ഥാനത്ത് നിന്ന് താന്‍ രാജിവെക്കുന്നു'- ഖുദ്ദൂസ് തന്റെ കത്തില്‍ പറഞ്ഞു. മുന്‍ വിസി സുരേന്ദ്ര പ്രസാദ് സിങിന്റെ കാലത്ത് വന്‍ അഴിമതി നടന്നെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.

ബിഹാര്‍ ഗവര്‍ണര്‍ക്കും സിഎംഒയിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും നവംബര്‍ 20നും ഡിസംബര്‍ 9നും ഖുദ്ദൂസ് രണ്ട് കത്തുകള്‍ എഴുതിയിരുന്നു. മുഖ്യമന്ത്രി നിതീഷ് കുമാര്‍ വിഷയം മനസിലാക്കി രാജ്ഭവന് കത്തെഴുതുകയും വിദ്യാഭ്യാസ മന്ത്രിയെ ഗവര്‍ണറെ കാണാന്‍ അയയ്ക്കുകയും ചെയ്തിരുന്നു.

അഴിമതിയെക്കുറിച്ച് അന്വേഷിക്കണമെന്ന് ഗവര്‍ണര്‍ക്കും സിഎംഒയ്ക്കും അയച്ച കത്തില്‍ ഖുദ്ദൂസ് ആവശ്യപ്പെട്ടിരുന്നു. എംഎംഎച്ച്എപിയുടെ അഡീഷണല്‍ വിസിയായിരുന്ന സുരേന്ദ്ര പ്രസാദ് സിംഗ് ഉത്തരക്കടലാസുകള്‍ അച്ചടിക്കുന്നതിന് നിലവില്‍ നല്‍കി വരുന്നതിന്റെ രണ്ടു ഇരട്ടി തുകയ്ക്ക് ഒരു സ്വകാര്യ കമ്പനിക്ക് നല്‍കുകയും അവര്‍ അത് ലക്‌നൗ ആസ്ഥാനമായുള്ള ഒരു പ്രിന്റിങ് പ്രസിന് നല്‍കുകയും ചെയ്തതായി അദ്ദേഹം ആരോപിച്ചു.

Tags:    

Similar News