ത്രിപുരയിലെ പുതിയ മുഖ്യമന്ത്രിയില്‍ അതൃപ്തി: കസേര തകര്‍ത്ത് തട്ടിക്കയറി ബിജെപി നേതാവ് (വീഡിയോ)

ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് രാജിവെച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് മണിക് സാഹയെ ബിജെപി നേതൃത്വം മുഖ്യമന്ത്രിയായി നിയമിച്ചത്.

Update: 2022-05-15 06:42 GMT

ഗുവാഹത്തി: ത്രിപുരയില്‍ പുതിയ മുഖ്യമന്ത്രിയെ ബിജെപി നിയമിച്ചതിനെ കടുത്ത എതിര്‍പ്പുമായി ചില പാര്‍ട്ടി എംഎല്‍എമാര്‍. തങ്ങളുമായി കൂടിയാലോചന നടത്താതെയാണ് പാര്‍ട്ടി നേതൃത്വം പുതിയ മുഖ്യമന്ത്രിയെ നിശ്ചയിച്ചതെന്ന് എംഎല്‍എമാര്‍ ആരോപിച്ചു.

ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് രാജിവെച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് മണിക് സാഹയെ ബിജെപി നേതൃത്വം മുഖ്യമന്ത്രിയായി നിയമിച്ചത്. വടക്കുകിഴക്കന്‍ സംസ്ഥാനമായ ത്രിപുരയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് കഷ്ടിച്ച് ഒരു വര്‍ഷം തികയുന്നതിനിടെയാണ് നേതൃമാറ്റമുണ്ടായത്.

ത്രിപുര ബിജെപി അധ്യക്ഷനും ദന്തരോഗവിദഗ്ദ്ധനുമായ 69 കാരനായ സാഹ കഴിഞ്ഞ മാസം രാജ്യസഭാ എംപിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ബിജെപി പുതിയ മുഖ്യമന്ത്രിയുടെ പേര് പ്രഖ്യാപിച്ച ചടങ്ങില്‍ പാര്‍ട്ടി എംഎല്‍എയും സംസ്ഥാന മന്ത്രിയുമായ രാം പ്രസാദ് പോള്‍ ക്ഷുഭിതനായി സഹപ്രവര്‍ത്തകരുമായി തട്ടിക്കയറുന്നതും കസേര തകര്‍ക്കുന്നതുമായി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

മുന്‍ ത്രിപുര രാജകുടുംബാംഗവും ഉപമുഖ്യമന്ത്രിയുമായ ജിഷ്ണു ദേവ് വര്‍മ്മയെ അടുത്ത മുഖ്യമന്ത്രിയാക്കണമെന്നാണ് പോളിന്റെ ആഗ്രഹം.

പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്ന വേദിയില്‍ നിന്നുള്ള മറ്റ് ദൃശ്യങ്ങളില്‍ ബിജെപി എംഎല്‍എമാര്‍ പരസ്പരം വാഗ്വാദത്തില്‍ ഏര്‍പ്പെടുന്നതും ഉന്തും തള്ളും നടത്തുന്നതും കാണാം. സാഹയെ മുഖ്യമന്ത്രിയാക്കുന്നതിന് മുമ്പ് പാര്‍ട്ടിക്കുള്ളില്‍ ഒരു കൂടിയാലോചനയും നടന്നിട്ടില്ലെന്ന് ബിജെപി എംഎല്‍എ പരിമള്‍ ദേബ്ബര്‍മ പറഞ്ഞു.


Tags:    

Similar News