കിളിയന്തറ ആര്‍ടിഒ ചെക്ക് പോസ്റ്റില്‍ വിജിലന്‍സ് പരിശോധന; അനധികൃത പണം കണ്ടെത്തി

ഓപറേഷന്‍ ബാര്‍സ്റ്റ് നിര്‍മൂലന്‍ (Operation Bhrast Nirmoolan) എന്ന പേരില്‍ നടത്തിയ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന യിലാണ് കുടക് -തലശ്ശേരി അന്തര്‍ സംസ്ഥാന പാതയിലെ അതിര്‍ത്തി ചെക്ക് പോസ്റ്റായ കിളിയന്തറയില്‍ നിരവധി ക്രമക്കേടുകളും അനധികൃത പണവും കണ്ടെത്തിയത്.

Update: 2021-08-13 18:34 GMT

ഇരിട്ടി: കിളിയന്തറ ആര്‍ടിഒ ചെക്ക് പോസ്റ്റില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ നിരവധി ക്രമക്കേടുകളും അനധികൃത പണവും കണ്ടെത്തി. സംസ്ഥാന വിജിലന്‍സ് ഡയരക്ടറുടെ നിര്‍ദേശപ്രകാരം സംസ്ഥാനത്തെ വിവിധ ആര്‍ടിഒ ചെക്ക് പോസ്റ്റുകളില്‍ ഓപറേഷന്‍ ബാര്‍സ്റ്റ് നിര്‍മൂലന്‍ (Operation Bhrast Nirmoolan) എന്ന പേരില്‍ നടത്തിയ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന യിലാണ് കുടക് -തലശ്ശേരി അന്തര്‍ സംസ്ഥാന പാതയിലെ അതിര്‍ത്തി ചെക്ക് പോസ്റ്റായ കിളിയന്തറയില്‍ നിരവധി ക്രമക്കേടുകളും അനധികൃത പണവും കണ്ടെത്തിയത്.

വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ കണ്ണൂര്‍ യൂനിറ്റ് മേധാവി ഡിവൈഎസ്പി ബാബു പെരിങ്ങേത്തി നേതൃത്വത്തില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചു മുതല്‍ ആയിരുന്നു പരിശോധന.

ചെക്ക് പോസ്റ്റ് വഴി കടന്നുപോകുന്ന ചെറുവാഹനങ്ങള്‍ക്ക് 50 രൂപ വെച്ചും വലിയ വാഹനങ്ങള്‍ക്ക് 100 രൂപ വെച്ചും പരിശോധന ഒഴിവാക്കുന്നതിന് ആര്‍ടിഒ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കുന്നത് കൈയ്യോടെ പിടികൂടി. ഇത് വഴി കടന്നുപോകുന്ന ഗുഡ്‌സ് ഓട്ടോ വാഹനങ്ങള്‍ പരിശോധനക്ക് വിധേയമാക്കുന്നില്ലെന്നും കണ്ടെത്തി. വാഹന ഡ്രൈവര്‍മാര്‍ പരിശോധന ഒഴിവാക്കുന്നതിന് ആര്‍ടിഒ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ 1600 രൂപ ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്നതിനിടെ പിടികൂടി. കൂടാതെ ഉദ്യോഗസ്ഥര്‍ വാഹനക്കാരില്‍ നിന്നും ഇത്തരത്തില്‍ പിരിച്ചെടുക്കുന്ന കൈക്കൂലി തുക അപ്പപ്പോള്‍ ചെക്കു പോസ്റ്റില്‍ നിന്നും ശേഖരിച്ച് മാറ്റുന്ന ഏജന്റിനെക്കുറിച്ചും വിജിലന്‍സിന് സൂചന ലഭിച്ചിട്ടുണ്ട്.

ചെക്ക് പോസ്റ്റിലെ കാമറ പ്രവര്‍ത്തിക്കുന്നില്ലെന്നും റിക്കാര്‍ഡുകള്‍ കൃത്യമായി സൂക്ഷിക്കുന്നില്ലെന്നും പരിശോധനയില്‍ കണ്ടെത്തി. ആര്‍ടിഒ ജീവനക്കാര്‍ വാങ്ങിക്കുന്ന കൈക്കൂലി തുക ചെക്ക് പോസ്റ്റില്‍ നിന്നും ഇടവേളകളില്‍ വന്ന് ശേഖരിച്ച് സൂക്ഷിക്കുന്ന ഏജന്റിനെപ്പറ്റി കൃത്യമായ വിവരം വിജിലന്‍സിന് ലഭിച്ചിട്ടുണ്ടെന്നും, ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന ഏജന്റിനെതിരെയും , ഉദ്യോഗസ്ഥര്‍ക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കുന്നതിനായി വിജിലന്‍സ് ഡയരക്ടര്‍ക്കും , സര്‍ക്കാരിനും ഉടന്‍ റിപ്പോര്‍ട്ട് നല്‍കും.

വിജിലന്‍സ് സംഘത്തില്‍ ഡിവൈഎസ്പിയെ കൂടാതെ ഇന്‍സ്‌പെക്ടര്‍ പ്രദീപന്‍ കണ്ണി പൊയില്‍, സബ് ഇന്‍സ്‌പെക്ടര്‍മാരായ കെ വി മഹീന്ദ്രന്‍, ജയപ്രകാശ്, എഎസ്‌ഐമാരായ നിജേഷ്, രാജേഷ്, ശ്രീജിത്ത്, സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍മാരായ സുനോജ് കുമാര്‍, നിതേഷ്, മുണ്ടേരി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ വിനീഷ് കുമാര്‍ എന്നിവരും പങ്കെടുത്തു.

Tags:    

Similar News