ബാര്‍കോഴ: ചെന്നിത്തലക്കെതിരേ വിജിലന്‍സ് അന്വേഷണത്തിന് അനുമതി
പ്രോസിക്യൂഷന്‍ അനുമതി തേടി ഗവര്‍ണറെയും സ്പീക്കറെയും സമീപിക്കും. കെ ബാബു, വി എസ് ശിവകുമാര്‍ എന്നിവര്‍ക്കെതിരേയും അന്വേഷണമുണ്ടാകും.
തിരുവനന്തപുരം: ബാര്‍ക്കോഴ കേസില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് അനുമതി. കേസെടുത്ത് അന്വേഷിക്കണമെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് മുഖ്യമന്ത്രി അംഗികരിച്ചു. പ്രോസിക്യൂഷന്‍ അനുമതി തേടി ഗവര്‍ണറെയും സ്പീക്കറെയും സമീപിക്കും. കെ ബാബു, വി എസ് ശിവകുമാര്‍ എന്നിവര്‍ക്കെതിരേയും അന്വേഷണമുണ്ടാകും. ബാറുകള്‍ തുറക്കുന്നതിന് കോഴ നല്‍കിയെന്ന ബിജു രമേശിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണം.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ബാര്‍ ലൈസന്‍സ് ഫീസ് കുറയ്ക്കാന്‍ രമേശ് ചെന്നിത്തല, വി എസ് ശിവകുമാര്‍, കെ ബാബു എന്നിവര്‍ക്ക് 20 കോടി രൂപ നല്‍കിയെന്നായിരുന്നു ബിജു രമേശിന്റെ വെളിപ്പെടുത്തല്‍. വെളിപ്പെടുത്തലില്‍ അന്വേഷണം ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശി ഹാഫിസ് വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു.
ബിജു രമേശിന്റെ വെളിപ്പെടുത്തലില്‍ പ്രാഥമിക അന്വേഷണം നടത്താനാണ് അനുമതി നല്‍കിയിട്ടുള്ളത്. ഈ അന്വേഷണത്തിന് ശേഷമാകും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് വിശദമായ അന്വേഷണത്തിലേക്ക് വിജിലന്‍സ് കടക്കുക.
അതേസമയം, ബാര്‍കോഴ കേസില്‍ നിന്ന് പിന്മാറാനായി അന്നത്തെ ധനമന്ത്രി കെ എം മാണിയുടെ മകന്‍ ജോസ് കെ മാണി 10 കോടി രൂപ വാഗ്ദാനം ചെയ്തു എന്ന ബിജു രമേശിന്റെ ആരോപണത്തില്‍ അന്വേഷണത്തിന് അനുമതി നല്‍കിയിട്ടില്ല.