വികാസ് ദുബെ 'ഏറ്റുമുട്ടല്‍ കൊല': ആരും തെളിവ് നല്‍കിയില്ല; യുപി പോലിസിന് ക്ലീന്‍ചിറ്റ് നല്‍കി ജുഡീഷ്യല്‍ കമ്മീഷന്‍
അന്വേഷണ റിപോര്‍ട്ട് കമ്മീഷന്‍ സുപ്രിംകോടതിക്കും യുപി സര്‍ക്കാരിനും സമര്‍പ്പിച്ചിട്ടുണ്ട്. പൊതുജനങ്ങളോ കൊല്ലപ്പെട്ട കുറ്റവാളിയുടെ കുടുംബമോ മാധ്യമങ്ങളോ യുപി പോലിസിനെതിരേ തെളിവുനല്‍കാന്‍ തയ്യാറായില്ലെന്ന് കമ്മീഷന്‍ കുറ്റപ്പെടുത്തി.
ന്യൂഡല്‍ഹി: കൊടുംകുറ്റവാളി വികാസ് ദുബെയുടെ 'ഏറ്റുമുട്ടല്‍ കൊലപാതകം' അന്വേഷിച്ച സുപ്രിംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ബി എസ് ചൗഹാന്റെ നേതൃത്വത്തിലുള്ള ജുഡീഷ്യല്‍ കമ്മീഷന്‍ ഉത്തര്‍പ്രദേശ് പോലിസിന് ക്ലീന്‍ചിറ്റ് നല്‍കി. വികാസ് ദുബെയെ ഏറ്റുമുട്ടലിലൂടെയല്ല, കൊലപ്പെടുത്തിയതാണ് എന്നതിന് ഉത്തര്‍പ്രദേശ് പോലിസിനെതിരേ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് കമ്മീഷന്‍ റിപോര്‍ട്ടില്‍ വ്യക്തമാക്കി. അന്വേഷണ റിപോര്‍ട്ട് കമ്മീഷന്‍ സുപ്രിംകോടതിക്കും യുപി സര്‍ക്കാരിനും സമര്‍പ്പിച്ചിട്ടുണ്ട്. പൊതുജനങ്ങളോ കൊല്ലപ്പെട്ട കുറ്റവാളിയുടെ കുടുംബമോ മാധ്യമങ്ങളോ യുപി പോലിസിനെതിരേ തെളിവുനല്‍കാന്‍ തയ്യാറായില്ലെന്ന് കമ്മീഷന്‍ കുറ്റപ്പെടുത്തി.
പോലിസ് നടത്തിയ ഏറ്റുമുട്ടല്‍ തള്ളിക്കളയാന്‍ പറ്റുന്ന തരത്തിലുള്ള ഭൗതികമായ തെളിവുകളൊന്നുമില്ല. എന്നാല്‍, പോലിസിന്റെ വാദത്തെ സാധൂകരിക്കുന്ന ധാരാളം വിവരങ്ങള്‍ തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന് കമ്മീഷന്‍ റിപോര്‍ട്ടില്‍ പറയുന്നു. കേസില്‍ തെളിവുകള്‍ ശേഖരിക്കാന്‍ ഞങ്ങള്‍ പരമാവധി ശ്രമിച്ചു. പൊതുജനങ്ങളോടും മാധ്യമങ്ങളോടും അവരുടെ ഭാഗം വിശദീകരിക്കാന്‍ ആവശ്യപ്പെട്ടു. മാധ്യമങ്ങള്‍ യുപി പോലിസിനെതിരേ നിരവധി സ്റ്റോറികള്‍ നല്‍കിയിട്ടുണ്ടെങ്കിലും ആരും തെളിവുകള്‍ നല്‍കാനായി മുന്നോട്ടുവരാന്‍ തയ്യാറായില്ല. അന്വേഷണത്തില്‍ പൗരന്‍മാരും മാധ്യമങ്ങളും സഹകരിക്കാതിരുന്നത് കമ്മീഷന്‍ സ്ഥാപിച്ചതിന്റെ ഉദ്ദേശ്യത്തെ തന്നെ പരാജയപ്പെടുത്തിയെന്ന് പാനല്‍ റിപോര്‍ട്ടില്‍ പറയുന്നു.
അന്വേഷണത്തില്‍ പാനല്‍ മികച്ച ഇടപെടലുകള്‍ നടത്തിയെങ്കിലും വികാസ് ദുബെയുടെ ഭാര്യയോ കുടുംബാംഗങ്ങളോ പോലിസിനെതിരേ തെളിവുകളുമായി മുന്നോട്ടുവരികയുണ്ടായില്ല. തെളിവുകള്‍ നല്‍കുന്നതിനായി പ്രാദേശിക പത്രങ്ങളില്‍ നോട്ടീസ് നല്‍കിയെങ്കിലും ആരും ഹാജരായില്ലെന്ന് അന്വേഷണ കമ്മീഷന്‍ പറയുന്നു. യുപി പോലിസിനെതിരേ തെളിവ് നല്‍കാന്‍ മാധ്യമങ്ങള്‍ എന്തുകൊണ്ട് മുന്നോട്ടുവന്നില്ല? പാനലിന്റെ അഭ്യര്‍ഥന വകവയ്ക്കാതെ മാധ്യമങ്ങള്‍ പോലിസിനെതിരേ ബഹളമുണ്ടാക്കി. മാധ്യമങ്ങള്‍ പറയുന്ന കാര്യങ്ങളില്‍ ജാഗ്രതപാലിക്കുകയും അവരുടെ സ്റ്റോറികളില്‍ ഉറച്ചുനില്‍്കകുകയും വേണം. അവര്‍ കമ്മീഷനെ സഹായിക്കേണ്ടതായിരുന്നുവെന്നും കമ്മീഷന്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
സുപ്രിംകോടതിയാണ് ജസ്റ്റിസ് ചൗഹാനെ സമിതി അധ്യക്ഷനാക്കി അന്വേഷണ കമ്മീഷന്‍ പുനസ്സംഘടിപ്പിച്ചത്. അലഹബാദ് ഹൈക്കോടതി മുന്‍ ജഡ്ജി ശശികാന്ത് അഗര്‍വാള്‍, ഉത്തര്‍പ്രദേശ് പോലിസ് മുന്‍ മേധാവി കെ എല്‍ ഗുപ്ത എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. കേസ് പരിഗണിച്ച ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന് മുന്നില്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് ജസ്റ്റിസ് ചൗഹാന്റെയും കെ എല്‍ ഗുപ്തയുടെയും പേര് നിര്‍ദേശിച്ചത്. ജസ്റ്റിസ് ശശികാന്ത് അഗര്‍വാളിനെ മാത്രമാണ് നേരത്തെ അന്വേഷണത്തിനായി യുപി സര്‍ക്കാര്‍ നിയമിച്ചിരുന്നത്. ഇത് പുനസ്സംഘടിപ്പിക്കാന്‍ യുപി സര്‍ക്കാരിനോട് സുപ്രിംകോടതി നിര്‍ദേശിക്കുകയായിരുന്നു.
എട്ട് പോലിസുകാരെ വെടിവച്ചുകൊന്ന കേസിലെ മുഖ്യപ്രതിയും കൊടുംകുറ്റവാളിയുമായ വികാസ് ദുബെ ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടതെന്നാണ് യുപി പോലിസിന്റെ വാദം. ദുബെയുമായി കാണ്‍പൂരിലേക്ക് പോവുകയായിരുന്നു പോലിസ്. യാത്രയ്ക്കിടെ സഞ്ചരിച്ച വാഹനം അപകടത്തില്‍പെടുകയും മറിഞ്ഞ വാഹനത്തില്‍ നിന്ന് ദുബെ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പോലിസ് വെടിവച്ചുവെന്നുമാണ് പോലിസ് റിപോര്‍ട്ടുകള്‍. വികാസ് ദുബെയുടെ അടുത്ത രണ്ട് അനുയായികളെ 'ഏറ്റുമുട്ടലില്‍' യുപി പോലിസ് കൊലപ്പെടുത്തിയിരുന്നു.