കേരളത്തില്‍ മൂന്നാമത്തെ മെഡിക്കല്‍ കോളജിലും വൈറോളജി ലാബ് സജ്ജം

തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളജുകള്‍ക്ക് പുറമേയാണ് തൃശൂര്‍ മെഡിക്കല്‍ കോളജിലും ഇത് സജ്ജമായത്. 2.939 കോടി രൂപ മുതല്‍ മുടക്കിയാണ് ഇത് യാഥാര്‍ത്ഥ്യമാക്കിയത്.

Update: 2020-03-15 15:13 GMT

തിരുവനന്തപുരം: തൃശൂര്‍ മെഡിക്കല്‍ കോളജില്‍ വൈറല്‍ റിസര്‍ച്ച് ഡെവലപ്പ്‌മെന്റ് ലബോറട്ടറി (വിആര്‍ഡിഎല്‍)കൊവിഡ് 19 പരിശോധനക്ക് സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളജുകള്‍ക്ക് പുറമേയാണ് തൃശൂര്‍ മെഡിക്കല്‍ കോളജിലും ഇത് സജ്ജമായത്. 2.939 കോടി രൂപ മുതല്‍ മുടക്കിയാണ് ഇത് യാഥാര്‍ത്ഥ്യമാകുന്നതെന്നും മന്ത്രി വ്യക്തമാക്കി.

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ മൈക്രോബയോളജി വിഭാഗത്തിന്റെ കീഴില്‍ സെന്‍ട്രല്‍ ലാബിനോട് സമീപമാണ് ഈ ലാബ് സജ്ജീകരിച്ചിരിക്കുന്നത്. 2017ലാണ് ഈ ലാബിനായി സംസ്ഥാന സര്‍ക്കാര്‍ വിഹിതത്തോടു കൂടിയ ഭരണാനുമതി നല്‍കിയത്. സംസ്ഥാന സര്‍ക്കാരിന്റെ നിരന്തരമായ ഇടപെടല്‍ മൂലം ലാബിന്റെ പണികള്‍ 2019 മെയ് മാസം പൂര്‍ത്തിയായി. കോവിഡ് 19നുള്ള കളക്ഷന്‍ സെന്റര്‍ ആയി മാര്‍ച്ച് 7ന് തെരഞ്ഞെടുത്തിരുന്നു. തുടര്‍ന്ന് മാര്‍ച്ച് 10ന് പ്രാഥമിക പരിശോധനക്കുള്ള അനുവാദം ലഭിക്കുകയും മാര്‍ച്ച് 12ന് ആദ്യ പരിശോധന ടെസ്റ്റ് കിറ്റ് ഉപയോഗിച്ച് പൂര്‍ത്തീകരിക്കുകയും ചെയ്തു. 13നാണ് അന്തിമ അംഗീകാരം ലഭിച്ചത്. ഏകദേശം 50 ഓളം കൊറോണ സാമ്പിള്‍ ടെസ്റ്റുകള്‍ നടത്താനുള്ള പ്രാപ്തിയാണ് ഇപ്പോഴുള്ളത്. ഇന്നുമുതല്‍ (മാര്‍ച്ച് 16) ടെസ്റ്റുകള്‍ ചെയ്തു തുടങ്ങും. ഇതുകൂടാതെ ഈ ലാബില്‍ എച്ച്.1 എന്‍.1, ഹെപ്പറ്റൈറ്റിസ് വൈറസുകള്‍, മസ്തിഷ്‌ക ജ്വരം ഉണ്ടാകുന്ന വൈറസുകള്‍ മുതലായ വൈറസ് ജന്യ രോഗങ്ങള്‍ കണ്ടത്താനും ഈ ലാബിലൂടെ കഴിയും.


Tags:    

Similar News