തമിഴ് നടന്‍ വിവേക് അന്തരിച്ചു

ഹൃദയാഘാതം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് നടനെ ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

Update: 2021-04-17 01:16 GMT

ചെന്നൈ: തമിഴ് ചലച്ചിത്ര താരവും ഗായകനുമായ വിവേക് അന്തരിച്ചു. 59 വയസായിരുന്നു. ഹൃദയാഘാതത്തെതുടര്‍ന്ന് ഇന്നലെ വാടാപളനിയിലെ സിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഗുരുതര ഹൃദയാഘാതമുണ്ടായ വിവേക് തീവ്രപരിചരണവിഭാഗത്തിലായിരുന്നു. വിവേകിന്റെ ആരോഗ്യനില അതീവഗുരുതരമാണെന്നായിരുന്നു ഇന്നലെ രാത്രി വന്ന മെഡിക്കല്‍ ബുള്ളറ്റിനും വ്യക്തമാക്കിയിരുന്നത്. അവിടെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായ അദ്ദേഹം യന്ത്രങ്ങളുടെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ഇന്നു പുലര്‍ച്ചെ 4.45നാണ് അന്ത്യം.

ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെതുടര്‍ന്നാണ് 59 കാരനായ നടനെ വെള്ളിയാഴ്ച രാവിലെ 11 ഓടെ അബോധാവസ്ഥയില്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെത്തിച്ചത്. പൊതുജനാരോഗ്യ സന്ദേശങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള സംസ്ഥാന അംബാസഡറായി വ്യാഴാഴ്ച നടനെ പ്രഖ്യാപിച്ചിരുന്നു. പിന്നാലെ വിവേകും സുഹൃത്തുക്കളും ചേര്‍ന്ന് വ്യാഴാഴ്ച ചെന്നൈയിലെ സര്‍ക്കാര്‍ ആശുപത്രിയിലെത്തി കൊവിഡ് വാക്‌സീന്‍ സ്വീകരിച്ചിരുന്നു. എല്ലാവരും വാക്‌സീന്‍ സ്വീകരിക്കണമെന്നും നടന്‍ ആഹ്വാനം ചെയ്തിരുന്നു.

എന്നാല്‍ വിവേകിന് ഹൃദയാഘാതമുണ്ടായതും കൊവിഡ് വാക്‌സിനേഷനും തമ്മില്‍ ബന്ധമില്ലെന്നാണ് ആശുപത്രി വൃത്തങ്ങള്‍ പിന്നീട് അറിയിച്ചത്. മൂന്ന് തവണ തമിഴ്‌നാട് സര്‍ക്കാരിന്റെ മികച്ച ഹാസ്യനടനുള്ള പുരസ്‌കാരം നേടിയ നടനാണ് വിവേക്. സാമി, ശിവാജി, അന്യന്‍ തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

തെക്കന്‍ തമിഴ്‌നാട്ടിലെ തൂത്തുക്കുടി ജില്ലയിലെ കോവില്‍പട്ടിയില്‍ ജനിച്ച വിവേക് 1980 കളില്‍ മുതിര്‍ന്ന സംവിധായകന്‍ കെ ബാലചന്ദറിനൊപ്പം അസിസ്റ്റന്റ് ഡയറക്ടര്‍ കം സ്‌ക്രിപ്റ്റ് റൈറ്ററായി ചലച്ചിത്ര ജീവിതം ആരംഭിച്ചു. ടൈമിംഗ് സെന്‍സിലും കോമഡിയിലും ആകൃഷ്ടനായ ബാലചന്ദര്‍ 1987 ല്‍ തമിഴ് ചിത്രമായ 'മനത്തില്‍ ഉറുദി വെന്‍ഡം' എന്ന സിനിമയില്‍ വിവേക്കിന് ഒരു ചെറിയ വേഷം വാഗ്ദാനം ചെയ്തു.

സംവിധായകന്‍ വിവേകിനെ തന്റെ അടുത്ത ചിത്രമായ 'പുട്ടു പുത്ത അര്‍ത്ഥങ്കല്‍' ലും അവതരിപ്പിച്ചു. ഈ സിനിമയില്‍ ഒരു ഹാസ്യനടന്‍ എന്ന നിലയില്‍ വിവേക് തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു.

ഒരു സോളോ ഹാസ്യനടനായി സ്വയം സ്ഥാപിക്കാന്‍ കുറച്ച് വര്‍ഷമെടുത്തെങ്കിലും അതിനുശേഷം അദ്ദേഹത്തിന് അഭിനയ ജീവിതത്തില്‍ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. 90 കളുടെ അവസാനം മുതല്‍ അദ്ദേഹത്തിന്റെ കരിയര്‍ അഭിവൃദ്ധി പ്രാപിക്കുകയും അടുത്ത രണ്ട് ദശകക്കാലം സ്ഥിരമായി തുടരുകയും ചെയ്തു.

മൂര്‍ച്ചയുള്ള നാവ്, സമയബോധം, മറ്റുള്ളവരെ അനുകരിക്കാനുള്ള കഴിവ് എന്നിവയ്ക്ക് അദ്ദേഹം പ്രശസ്തനായിരുന്നു. രണ്ട് മക്കളാണ് വിവേകിനുള്ളത്. മകന്‍ മസ്തിഷ്‌ക ജ്വരം ബാധിച്ച് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചു.

Tags:    

Similar News