ടിഡിപിക്ക് വോട്ട് ചെയ്യൂ, മുസ്‌ലിമിനെ ഉപമുഖ്യമന്ത്രിയാക്കാമെന്ന് ചന്ദ്രബാബു നായിഡു
മുസ്‌ലിംകള്‍ക്കായി ഇസ്‌ലാമിക് ബാങ്ക് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച ചന്ദ്രബാബു നായിഡു സമുദായത്തിന് പലിശ രഹിത വായ്പയും വാഗ്ദാനം ചെയ്തു.
അമരാവതി: തെലുഗു ദേശം പാര്‍ട്ടി അധികാരത്തില്‍ തിരിച്ചെത്തുകയാണെങ്കില്‍ തെലങ്കാനയിലേത് പോലെ മുസ്‌ലിമിനെ ഉപമുഖ്യമന്ത്രിയാക്കുമെന്ന് ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു. മുസ്‌ലിംകള്‍ക്കായി ഇസ്‌ലാമിക് ബാങ്ക് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച ചന്ദ്രബാബു നായിഡു സമുദായത്തിന് പലിശ രഹിത വായ്പയും വാഗ്ദാനം ചെയ്തു.
കര്‍ണൂല്‍ ജില്ലയിലെ അലുരുവില്‍ വെള്ളിയാഴ്ച തിരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് വിശിഷ്ടമായ ദിനമാണ്. നിങ്ങള്‍ ടിഡിപിക്ക് വോട്ട് ചെയ്യണം. മുസ്‌ലിമിനെ ഉപമുഖ്യമന്ത്രിയാക്കുമെന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പുതരുന്നു നായിഡു പറഞ്ഞു.
നിലവില്‍ നായിഡു രണ്ടു ഉപമുഖ്യമന്ത്രിമാരെ നിയമിച്ചിട്ടുണ്ട്. ഒരാള്‍ കാപു സമുദായത്തില്‍നിന്നും മറ്റൊരാള്‍ പിന്നാക്ക സമുദായത്തില്‍നിന്നുള്ളയാളുമാണ്. തെലങ്കാനയില്‍ ഒരു ദലിതും ഒരു മുസ്‌ലിമുമാണ് ഉപമുഖ്യമന്ത്രിമാര്‍. സംസ്ഥാനത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭയിലേക്കും തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.