തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടിക പുതുക്കല്‍ നടപടികള്‍ തുടങ്ങി

Update: 2024-06-03 09:34 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ മുന്നോടിയായുള്ള വോട്ടര്‍ പട്ടിക പുതുക്കല്‍ നടപടികള്‍ തുടങ്ങി. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരിട്ട് നടത്തുന്ന തിരഞ്ഞെടുപ്പായതിനാല്‍ പ്രത്യേകം വോട്ടര്‍ പട്ടികയാണ് തിരഞ്ഞെടുപ്പില്‍ പരിഗണിക്കുക. ജൂണ്‍ ആറിന് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. 2024 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയായ മുഴുവന്‍ പേരും വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണം. അവകാശ വാദ അപേക്ഷകളും ആക്ഷേപങ്ങളും ജൂണ്‍ ആറ് മുതല്‍ 21 വരെ സ്വീകരിക്കണം. കരട് പട്ടികയില്‍ ഉള്‍പ്പെട്ട മരണപ്പെട്ടവര്‍, താമസം മാറിയവര്‍, ഇരട്ടിപ്പുള്ളവര്‍ എന്നിവരുടെ പേരു വിവരങ്ങള്‍ ഇആര്‍ഒമാര്‍ പ്രത്യേക പട്ടികയാക്കി ജൂണ്‍ 10നുള്ളില്‍ നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധീകരിക്കണം. ഏഴ് ദിവസത്തിനകം ആക്ഷേപങ്ങള്‍ ലഭിക്കാത്ത പക്ഷം സ്വമേധയാ അവരുടെ പേര് പട്ടികയില്‍ നിന്ന് ഒഴിവാക്കണം. ഓരോ ദിവസവും ലഭിക്കുന്ന അപേക്ഷകളും ആക്ഷേപങ്ങളും ഓഫിസിലെ നോട്ടീസ് ബോര്‍ഡില്‍ ഇആര്‍ഒമാര്‍ പ്രദര്‍ശിപ്പിക്കണം. ജൂണ്‍ 29നകം തുടര്‍ നടപടികള്‍ പൂര്‍ത്തീകരിക്കണം. ജൂലൈ ഒന്നിന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. കരട് വോട്ടര്‍ പട്ടികയുടേയും അന്തിമ വോട്ടര്‍ പട്ടികയുടേയും രണ്ട് പകര്‍പ്പുകള്‍ വീതം ദേശീയ പാര്‍ട്ടികള്‍ക്കും അംഗീകൃത കേരള-സംസ്ഥാന പാര്‍ട്ടികള്‍ക്കും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാനത്ത് പ്രത്യേക ചിഹ്നം അനുവദിച്ച മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സൗജന്യമായി നല്‍കും.

Tags:    

Similar News