ഹിമാചലില്‍ നവംബര്‍ 12 ന് വോട്ടെടുപ്പ്; ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചില്ല
ഈ മാസം 17ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കും. ഒക്ടോബര്‍ 25 ആണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. ഒക്ടോബർ 27ന് നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. ഒക്ടോബര്‍ 29 ആണ് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി.
ന്യൂഡല്‍ഹി: ഹിമാചല്‍പ്രദേശില്‍ നവംബര്‍ 12 ന് നിയമസഭ തിരഞ്ഞെടുപ്പ് നടക്കും. ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുക. വോട്ടെണ്ണല്‍ ഡിസംബര്‍ എട്ടിന് നടക്കും. ഹിമാചലിലെ മഞ്ഞുവീഴ്ച ഉള്‍പെടെ കാലാവസ്ഥ പരിഗണിച്ചാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു. ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പ് തീയതി പിന്നീട് പ്രഖ്യാപിക്കും.
ഈ മാസം 17ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കും. ഒക്ടോബര്‍ 25 ആണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. ഒക്ടോബർ 27ന് നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. ഒക്ടോബര്‍ 29 ആണ് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഹിമാചൽ പ്രദേശിൽ പെരുമാറ്റ ചട്ടം നിലവിൽ വന്നതായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ പറഞ്ഞു.
കൊവിഡ് ഭീഷണി വലിയ തോതില്‍ ഇപ്പോഴില്ല. എങ്കിലും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും തിരഞ്ഞെടുപ്പ് നടത്തുക. ജാഗ്രത അനിവാര്യമാണ്. മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കും. 80 വയസ്സു കഴിഞ്ഞവര്‍ക്കും കൊവിഡ് രോഗബാധിതര്‍ക്കും വീടുകളില്‍ വോട്ടു ചെയ്യാം. ഇതിനായി ഉദ്യോഗസ്ഥര്‍ സൗകര്യമൊരുക്കും.
തിരഞ്ഞെടുപ്പ് പ്രക്രിയയിലെ പങ്കാളിത്തത്തിന് യുവജനങ്ങള്‍ക്ക് കൂടുതല്‍ അവസരമൊരുക്കി. ഇനിമുതല്‍ വര്‍ഷത്തില്‍ നാലു തവണ വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാം. നേരത്തെ വര്‍ഷത്തില്‍ ഒരു തവണ മാത്രമാണ് പേരു ചേര്‍ക്കാന്‍ കഴിഞ്ഞിരുന്നത് എന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു.
ഹിമാചല്‍ പ്രദേശ് നിയമസഭയുടെ കാലാവധി അടുത്തവര്‍ഷം ജനുവരി 8നാണ് അവസാനിക്കുന്നത്. ഹിമാചലില്‍ ആകെയുള്ള 68 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുക. കഴിഞ്ഞ തവണ 44 സീറ്റ് നേടിയാണ് ബിജെപി അധികാരത്തിലെത്തിയത്. കോണ്‍ഗ്രസിന് 21 സീറ്റുകളാണ് ലഭിച്ചത്. ബിജെപിയും കോണ്‍ഗ്രസുമായാണ് ഹിമാചലില്‍ മുഖ്യമത്സരം.