ജലനിരപ്പ് ഉയരുന്നു; മുല്ലപ്പെരിയാര്‍ ഡാമിന്റെ എട്ട് ഷട്ടറുകള്‍ ഉയര്‍ത്തി, പെരിയാറിന്റെ തീരങ്ങളില്‍ ജാഗ്രത
ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് വര്‍ധിച്ചതോടെ എട്ട് സ്പില്‍വേ ഷട്ടറുകള്‍ 60 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തി. ഉച്ചയ്ക്ക് 12 മണിക്കുശേഷം രണ്ട് ഷട്ടറുകള്‍കൂടി 60 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തിയതോടെയാണ് ആകെ എട്ട് ഷട്ടറുകള്‍വഴി പുറത്തേക്ക് വെള്ളം ഒഴുക്കിവിടാന്‍ തുടങ്ങിയത്. ഇതോടെ സെക്കന്റില്‍ 3,981 ഘനയടി ജലമാണ് ഡാമില്‍നിന്ന് തുറന്നുവിടുന്നത്. ഈ സാഹചര്യത്തില്‍ പെരിയാറിന്റെ തീരത്തുള്ളവര്‍ക്ക് അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. നിലവില്‍ 138.95 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്.
ശക്തമായ മഴയാണ് അണക്കെട്ടിലെ ജലനിരപ്പ് ഉയരാന്‍ കാരണം. പുറത്തേക്കൊഴുക്കുന്ന വെളളത്തിന്റെ അളവിനേക്കാള്‍ കൂടുതലാണ് നീരൊഴുക്ക്. പുലര്‍ച്ചെ വരെയുണ്ടായ ശക്തമായ മഴയാണ് ഡാമില്‍ ജലനിരപ്പുയരാന്‍ കാരണം. വൃഷ്ടിപ്രദേശത്ത് മഴ കനത്തതോടെ നീരൊഴുക്ക് വര്‍ധിച്ചു. കേന്ദ്ര ജലകമ്മീഷന്‍ അംഗീകരിച്ച റൂള്‍ കര്‍വ് പ്രകാരം തമിഴ്‌നാടിന് നവംബര്‍ 10 വരെ ജലനിരപ്പ് 139.5 അടിയായി നിലനിര്‍ത്താം. തുലാവര്‍ഷം കണക്കിലെടുത്ത് ജലനിരപ്പ് 139.5 അടി എത്തിക്കാന്‍ തമിഴ്‌നാട് ശ്രമിക്കുന്നില്ല.
ജലനിരപ്പ് 138 എത്തിയതോടെ സ്പില്‍വേയിലെ 5 ഷട്ടറുകള്‍ തമിഴ്‌നാട് ഇന്നലെ അടച്ചിരുന്നു. തുറന്നിരുന്ന 6 ഷട്ടറുകളില്‍ മൂന്നെണ്ണം ഇന്നലെ രാവിലെയും രണ്ടെണ്ണം വൈകീട്ടുമാണ് അടച്ചത്. ബാക്കിയുള്ള ഒരു ഷട്ടറിലൂടെ പുറത്തുവിടുന്ന വെള്ളത്തിന്റെ അളവ് പകുതിയുമാക്കിയിരുന്നു. എന്നാല്‍, അപ്രതീക്ഷിത മഴയാണ് വീണ്ടും ആശങ്കയുണ്ടാക്കിയത്. എട്ട് ഷട്ടറുകളും തുറന്നതോടെ പെരിയാറില്‍ ജലനിരപ്പുയര്‍ന്നു. ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ മുന്നറിയിപ്പ്. ഷട്ടറുകള്‍ വീണ്ടും തുറന്നതിനെതിരേ തമിഴ്‌നാട്ടില്‍ പ്രതിഷേധം പുകയുന്നുണ്ട്.
അണക്കെട്ടിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി തമിഴ്‌നാട് ജലവിഭവ മന്ത്രി ദുരൈമുരുകന്‍ വെള്ളിയാഴ്ച അണക്കെട്ട് സന്ദര്‍ശിക്കും. അതേസമയം, മുല്ലപ്പെരിയാര്‍ ജലനിരപ്പ് മണിക്കൂര്‍ അടിസ്ഥാനത്തില്‍ കൃത്യമായി നിരീക്ഷിച്ചുവരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. പുതിയ ഡാം പണിയണമെന്ന കേരളത്തിന്റെ ആവശ്യവും ജലനിരപ്പ് ഉയര്‍ന്നാലുള്ള അപകട സാധ്യതയും സുപ്രിം കോടതിയെ അറിയിച്ചിട്ടുണ്ട്. ഇരുസംസ്ഥാനങ്ങളുടേയും താല്‍പര്യം സംരക്ഷിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ഉറപ്പുനല്‍കിയിട്ടുണ്ടെന്നും ടി പി രാമകൃഷ്ണന്റെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.