വയനാട് ഉരുള്‍പൊട്ടല്‍; ഇന്നലെ വരെ സ്ഥിരീകരിച്ചത് 365 മരണം; 148 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു
കല്‍പ്പറ്റ: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ മേഖലകളിലെ ഇന്നലെ അവസാനിപ്പിച്ച തിരച്ചില്‍ ഇന്ന് തുടങ്ങി. മുണ്ടക്കൈ, പുഞ്ചിരിമട്ടം എന്നിവിടങ്ങളിലാണ് തെരച്ചില്‍. ചാലിയാറിലും തിരച്ചില്‍ രാവിലെ ഏഴ് മണിയോടെ തുടങ്ങി. ചാലിയാറിലെ തിരച്ചിലും തിങ്കളാഴ്ചയോടെ അവസാനിപ്പിക്കും.
അതേസമയം, ഉരുള്‍പൊട്ടല്‍ ദുരന്തത്തിലെ മരണസംഖ്യ 365 ആയി. 148 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞ് ബന്ധുക്കള്‍ക്ക് കൈമാറിയിട്ടുണ്ട്. ഇനി 206 പേരെയാണ് കണ്ടെത്താനുള്ളത്. മരിച്ചവരില്‍ 30 കുട്ടികളും ഉള്‍പ്പെടുന്നുണ്ട്. 93 ദുരിതാശ്വാസ കേന്ദ്രങ്ങളിലായി 10042 പേരാണ് കഴിയുന്നത്. തിരിച്ചറിയാനാകാത്ത മൃതദേഹങ്ങള്‍ പൊതുശ്മശാനങ്ങളില്‍ സംസ്‌ക്കരിക്കും. സര്‍വ്വമത പ്രാര്‍ത്ഥനയോടെ ആയിരിക്കും സംസ്‌കാരം നടത്തുക.
ഇന്നലെ നാല് മൃതദേഹങ്ങളാണ് ദുരന്തഭൂമിയില്‍ നിന്നും കണ്ടെടുത്തത്. ഉരുള്‍പൊട്ടല്‍ ബാധിച്ച എല്ലാ സ്ഥലങ്ങളിലും ഇന്നലെ തിരച്ചില്‍ നടത്തി. ആദ്യ ദിവസങ്ങളിലെ പോലെ തന്നെ വിവിധ സേനകളുടെയും സന്നദ്ധസംഘടനകളുടെയും നേതൃത്വത്തിലാണ് ഇന്നലെയും തിരച്ചില്‍ നടത്തിയത്. ഇന്നലെ തമിഴ്‌നാടിന്റെ ഫയര്‍ഫോഴ്‌സ് ഡോഗ് സ്‌ക്വാഡിന്റെ സഹകരണം കൂടി ഇന്ന് ലഭിച്ചിരുന്നു.
ഇന്നും ഇതേ രീതിയില്‍ തന്നെ പരിശോധന തുടരും. വിവിധ സംഘങ്ങളായി തിരിഞ്ഞ് പുഞ്ചിരിമട്ടം, ചൂരല്‍മല, മുണ്ടക്കൈ ഒപ്പം തന്നെ സൂചിപ്പാറയിലെ താഴ്ഭാഗങ്ങള്‍, ചാലിയാര്‍ പുഴയിലെ വിവിധ ഭാഗങ്ങള്‍ എന്നിവിടങ്ങളിലെ പരിശോധനയും തുടരും. അഞ്ചാം ദിവസവും ആരെയും ജീവനോടെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ചാലിയാറില്‍ നിന്ന് ഇന്നലെ കണ്ടെത്തിയത് 12 മൃതദേഹങ്ങളാണ്. പുഴ ഗതിമാറിയൊഴുകിയ സ്ഥലങ്ങളിലടക്കം തിങ്കളാഴ്ച പരിശോധന നടത്തും. തുടര്‍ന്ന് തിങ്കളാഴ്ചയോടെ പരിശോധന അവസാനിപ്പിക്കാനാണ് തീരുമാനം.