വയനാട് ദുരന്തം; മണ്ണിനടിയിലുള്ളവരെ കണ്ടെത്താന്‍ അത്യാധുനിക റഡാറുകളെത്തിക്കും

Update: 2024-08-03 05:43 GMT

മേപ്പാടി: മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളുലുണ്ടായ ഉരുള്‍പൊട്ടലില്‍ മണ്ണിനടിയിലുള്ളവരെ കണ്ടെത്താനുള്ള തിരച്ചിലിന് അത്യാധുനിക റഡാര്‍ സംവിധാനം എത്തിക്കുമെന്ന് വയനാട് ജില്ലാ കലക്ടര്‍ ഡി ആര്‍ മേഘശ്രീ അറിയിച്ചു. രണ്ട് ഉപകരണങ്ങളുമായി സൈന്യത്തിന്റെ പ്രത്യേക സംഘം ശനിയാഴ്ച വൈകീട്ടോടെ വയനാട്ടിലെത്തും. ഡല്‍ഹിയില്‍ നിന്നു ഉപകരണങ്ങള്‍ എയര്‍ലിഫ്റ്റ് ചെയ്തതായും കലക്ടര്‍ പറഞ്ഞു. വിവിധ സംഘങ്ങളായി തിരിച്ചുള്ള തിരച്ചില്‍ അഞ്ചാംദിനത്തിലും തുടരുകയാണ്. മുണ്ടക്കൈ, ചൂരല്‍മല, വെള്ളാര്‍മല സ്‌കൂള്‍, പുഞ്ചിരിമട്ടം തുടങ്ങിയ സ്ഥലങ്ങളിലാണ് ഇന്ന് പരിശോധന നടത്തുന്നത്. ജിപിഎസ് കോഓഡിനേറ്റ്‌സ് പരിശോധിച്ചുള്ള തിരച്ചിലും തുടരും.

അതിനിടെ, ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരണസംഖ്യ 300 കടന്നെങ്കിലും 210 പേര്‍ മരിച്ചതായാണ് നിലവിലെ ഔദ്യോഗിക കണക്ക്. 200ഓളം പേരെ ഇനിയും കണ്ടെത്താനുണ്ട്. വെള്ളിയാഴ്ച 91 ക്യാംപുകളിലായി 9328 പേരാണ് കഴിയുന്നത്. അവശ്യമരുന്നുകളും ഡോക്ടര്‍മാരുടെ സേവനവും എല്ലാ കേന്ദ്രങ്ങളിലുമുണ്ട്. രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് അത് നല്‍കാനായി സ്‌പെഷ്യല്‍ ക്യാംപ് രൂപീകരിക്കും. വിവിധ സന്നദ്ധ സംഘടനകളുടെ വോളന്റിയര്‍മാരും ഇന്നും തിരച്ചില്‍ തുടരുന്നുണ്ട്.

Tags:    

Similar News