ഞങ്ങള്‍ നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് നിങ്ങള്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയില്ല: കെജ്‌രിവാള്‍
ന്യൂഡല്‍ഹി: കൊറോണ വൈറസ് സംബന്ധിച്ച സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ അസാധുവാക്കിയ ലെഫ്റ്റനന്റ് ഗവര്‍ണറുടെ ഉത്തരവുകള്‍ ചോദ്യം ചെയ്യില്ലെന്നും കര്‍ശനമായി പാലിക്കുമെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കൊവിഡ് 19 സംശയിച്ച് സ്വയം ക്വാറന്റൈനിലേക്കു പോവുകയും നെഗറ്റീവാണെന്ന ഫലം പുറത്തുവരികയും ചെയ്ത ശേഷം നടത്തിയ ആദ്യ ഓണ്‍ലൈന്‍ പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇത് രാഷ്ട്രീയത്തിനുള്ള സമയമല്ല. അഭിപ്രായവ്യത്യാസങ്ങളുടെ സമയമവുല്ലെന്നും അദ്ദേഹം വ്യക്തമാക്കി. 'രാഷ്ട്രീയ പാര്‍ട്ടികള്‍ പോരാട്ടം തുടരുകയാണെങ്കില്‍, കൊറോണ വിജയിക്കും. രാജ്യം മുഴുവന്‍ അതിന്റെ പോരാട്ടത്തില്‍ ഐക്യപ്പെടണം. ഞങ്ങള്‍ നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് നിങ്ങള്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയില്ല'-കെജ്‌രിവാള്‍ പറഞ്ഞു.
കേന്ദ്രം നടത്തുന്ന ആശുപത്രികള്‍ ഒഴികെയുള്ള ആശുപത്രികള്‍ ഡല്‍സി നിവാസികള്‍ക്കായി റിസര്‍വ് ചെയ്യാനുള്ള എഎപി സര്‍ക്കാരിന്റെ തീരുമാനം കേന്ദ്രത്തെ പ്രതിനിധീകരിക്കുന്ന ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍ റദ്ദാക്കിയിരുന്നു. ഡല്‍ഹി തിരഞ്ഞെടുപ്പില്‍ 62 സീറ്റുകളില്‍(70 അംഗ നിയമസഭയില്‍) ഞങ്ങള്‍ വിജയിച്ചു. കേന്ദ്രം ഞങ്ങളെ മറികടക്കാന്‍ തീരുമാനിച്ചു. ഇത് തര്‍ക്കിക്കേണ്ട സമയമല്ല. കേന്ദ്രം തീരുമാനിച്ചതും ലഫ്റ്റനന്റ് ഗവര്‍ണര്‍ ഉത്തരവിട്ടതുമായ കാര്യങ്ങള്‍ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് 19 ചികില്‍സയ്ക്കായി ആശുപത്രി കിടക്കകള്‍ നല്‍കുന്നത് വലിയ വെല്ലുവിളിയാണ്.
ജൂലൈ മാസത്തോടെ കൊവിഡ് കേസുകള്‍ എങ്ങനെ ഉയരുമെന്നതിനെക്കുറിച്ചും കിടക്കകളുടെ ആവശ്യകതകളെ കുറിച്ചും സര്‍ക്കാരിനു ആശങ്കയുണ്ട്. ജൂണ്‍ 15നകം 44,000 കേസുകളും ജൂണ്‍ 30നകം ഒരു ലക്ഷം കേസുകളും ജൂലൈ 15നകം 2.25 ലക്ഷവും ജൂലൈ 31നകം 5.5 ലക്ഷവും കേസുകള്‍ ഉണ്ടാവുമെന്നാണ് ഡല്‍ഹി സര്‍ക്കാരിന്റെ വിലയിരുത്തല്‍. ഇത് വലിയതും അഭൂതപൂര്‍വവുമായ വെല്ലുവിളിയാണ്. ജൂലൈ 15 നകം ഡല്‍ഹിക്ക് 33,000 കിടക്കകള്‍ ആവശ്യമാണ്. നഗരത്തിന് പുറത്തുനിന്ന് ചികിത്സ തേടുന്നവരെ ഉള്‍പ്പെടുത്തിയാല്‍ 65,000 കിടക്കകള്‍ വേണ്ടിവരും. ജൂലൈ 31നകം ഞങ്ങള്‍ക്ക് ആകെ 1.5 ലക്ഷം കിടക്കകള്‍ ആവശ്യമാണെന്നും കെജ്‌രിവാള്‍ പറഞ്ഞു. സ്‌റ്റേഡിയങ്ങളിലേക്കും കോണ്‍ഫറന്‍സ് ഹാളുകളിലേക്കും ഹോട്ടലുകളിലേക്കും പോയി ക്രമീകരണങ്ങള്‍ നടത്തും. എല്ലാ ശ്രമങ്ങളും നടത്തും. ഡല്‍ഹിയില്‍ മതിയായ ആശുപത്രി കിടക്കകള്‍ ഉറപ്പാക്കാന്‍ ഞങ്ങള്‍ എന്തും ചെയ്യുമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കി.
അതിനിടെ, കെജ് രിവാള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. കൊവിഡ് വ്യാപനത്തെ കുറിച്ച് വിശദമായി സംസാരിച്ചെന്നും എല്ലാവിധ സഹകരണം ഉറപ്പുനല്‍കിയതായും കെജ് രിവാള്‍ പറഞ്ഞു.