ന്യൂനപക്ഷങ്ങളെയും ആദിവാസികളെയും വേട്ടയാടുന്ന ഭീകരസത്വമായി മോദി സര്‍ക്കാര്‍ മാറുന്നു: നജ്മ ബീഗം
കൊച്ചി: ന്യൂനപക്ഷങ്ങളെയും ആദിവാസികളെയും വേട്ടയാടുന്ന ഭീകര സത്വമായി മോദി സര്‍ക്കാര്‍ മാറിയിരിക്കുകയാണെന്ന് വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് ദേശീയസമിതിയംഗം നജ്മ ബീഗം. 'അട്ടപ്പാടിയില്‍ മരിച്ചുവീഴുന്നത് നമ്മുടെ മക്കളാണ്, തുടര്‍ക്കഥകളാവുന്ന ശിശു മരണങ്ങള്‍' എന്ന മുദ്രാവാക്യമുയര്‍ത്തി വിമന്‍ ഇന്ത്യാ മൂവ്‌മെന്റ്മ നുഷ്യാവകാശ ദിനത്തില്‍ സംഘടിപ്പിച്ച വെബ്ബിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് കെ കെ റൈഹാനത്ത് അധ്യക്ഷത വഹിച്ചു. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ അട്ടപ്പാടിയിലെ ആദിവാസികള്‍ക്കായി കോടികള്‍ വകയിരുത്തുമ്പോഴും പോഷകാഹാരക്കുറവ് മൂലം ശിശുക്കളുള്‍പ്പെടെ മരിച്ചുവീഴുകയാണ്.
അരിവാള്‍ രോഗം ഉള്‍പ്പെടെ മാരകമായ രോഗങ്ങള്‍ ആദിവാസികളെ ഇഞ്ചിഞ്ചായി കൊല്ലുമ്പോഴും ചികില്‍സാ സംവിധാനങ്ങളോ മരുന്നോ ലഭിക്കുന്നില്ല. ഭക്ഷണത്തിന് പകരം ലഹരിയാണ് ആദിവാസി മേഖലയില്‍ സുലഭമാവുന്നത്. യാത്രാ സൗകര്യം, വിദ്യാഭ്യാസ സൗകര്യം ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യം ഉറപ്പാക്കാന്‍ നാളിതുവരെ സര്‍ക്കാരുകള്‍ക്കായിട്ടില്ല. താമസ ഭൂമിക്ക് പട്ടയം നല്‍കാതെ ഭൂമി തട്ടിയെടുക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നതെന്നും റൈഹാനത്ത് പറഞ്ഞു. അട്ടപ്പാടിയില്‍ നടക്കുന്നത് നിശബ്ദമായ വംശഹത്യയാണെന്ന് പ്രമുഖ സാമൂഹിക പ്രവര്‍ത്തക ശ്രീജാ നെയ്യാറ്റിന്‍കര പറഞ്ഞു.
ശിശു മരണങ്ങള്‍ക്കു പിന്നില്‍ രാഷ്ട്രീയ കാരണങ്ങളാണെന്നും ഭൂമി തട്ടിയെടുക്കാന്‍ ആദിവാസികളെ ഇഞ്ചിഞ്ചായി കൊല്ലുകയാണെന്നും ശിവാനി അട്ടപ്പാടി പറഞ്ഞു. വനിതാ ലീഗ് സംസ്ഥാന ട്രഷറര്‍ സീമ യഹ്‌യ, സാമൂഹിക പ്രവര്‍ത്തകരായ സരസ്വതി തൃശൂര്‍, ബല്‍ക്കീസ് ഭാനു, അഡ്വ. ആനന്ദ കനകം, ഇര്‍ഷാന ടീച്ചര്‍ ജമീല വയനാട് മേരി എബ്രഹാം എന്നിവര്‍ സംസാരിച്ചു.