ബംഗാളിലെ ക്രമസമാധാനനില അങ്ങേയറ്റം ഭയപ്പെടുത്തുന്നത്; ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്തി ഗവര്‍ണര്‍
പശ്ചിമബംഗാള്‍ ഗവര്‍ണര്‍ ജഗദീപ് ധന്‍ഖര്‍ ക്രമസമാധാനനിലയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു. സംസ്ഥാനത്തെ ക്രമസമാധാനനിലയെക്കുറിച്ച് വിശദീകരണം നല്‍കാനും ക്രമസമാധാനനില പുനസ്ഥാപിക്കുന്നതിന് സ്വീകരിച്ച നടപടികളെക്കുറിച്ച് വിശദീകരിക്കാനും ഗവര്‍ണര്‍ ആവശ്യപ്പെട്ടു.
കൊല്‍ക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിനെത്തുടര്‍ന്ന് പശ്ചിമബംഗാളില്‍ അരങ്ങേറുന്ന അക്രമസംഭവങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തി ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖര്‍. സംസ്ഥാനത്തെ ക്രമസമാധാനനില അങ്ങേയറ്റം ഭയപ്പെടുത്തുന്നതാണെന്നും മനുഷ്യരാശിയെ ലജ്ജിപ്പിക്കുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ചീഫ് സെക്രട്ടറി എച്ച് കെ ദ്വിവേദിയെ ഗവര്‍ണര്‍ വിളിച്ചുവരുത്തി. വോട്ടെടുപ്പിനുശേഷം അക്രമത്തിന്റെ പിടിയിലാണ് സംസ്ഥാനം. സങ്കല്‍പ്പിക്കാനാവാത്ത വിധത്തില്‍ ലക്ഷക്കണക്കിനാളുകള്‍ കുടിയൊഴിപ്പിക്കപ്പെടുകയും നൂറുകണക്കിന് കോടി രൂപയുടെ സ്വത്ത് നശിപ്പിക്കുകയും ചെയ്തു.
പശ്ചിമബംഗാള്‍ ഗവര്‍ണര്‍ ജഗദീപ് ധന്‍ഖര്‍ ക്രമസമാധാനനിലയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു. സംസ്ഥാനത്തെ ക്രമസമാധാനനിലയെക്കുറിച്ച് വിശദീകരണം നല്‍കാനും ക്രമസമാധാനനില പുനസ്ഥാപിക്കുന്നതിന് സ്വീകരിച്ച നടപടികളെക്കുറിച്ച് വിശദീകരിക്കാനും ഗവര്‍ണര്‍ ആവശ്യപ്പെട്ടു. ജൂണ്‍ 7ന് ക്രമസമാധാനനിലയെക്കുറിച്ച് അറിയിക്കണമെന്നാണ് നിര്‍ദേശം. തിരഞ്ഞെടുപ്പിന് ശേഷം വ്യാപകമായ പ്രതികാര അക്രമസംഭവങ്ങളാണ് ബംഗാളില്‍ റിപോര്‍ട്ട് ചെയ്യുന്നതെന്ന് ഗവര്‍ണര്‍ ട്വീറ്റില്‍ പറഞ്ഞു. മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ തിരിച്ചറിയുകയോ വേണ്ട നടപടികള്‍ കൈക്കൊളളുകയോ ചെയ്യുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
പോലിസിനെതിരേയും വിമര്‍ശനമുണ്ട്. പശ്ചിമബംഗാള്‍ പോലിസും കൊല്‍ക്കത്ത പോലിസും നിര്‍ഭാഗ്യവശാല്‍ രാഷ്ട്രീയ എതിരാളികള്‍ക്കെതിരേ നടക്കുന്ന പ്രതികാരനടപടികള്‍ തടയാന്‍ ശ്രമിച്ചില്ല. രൂക്ഷവിമര്‍ശനമുള്ള രണ്ട് പേജ് കത്തും അദ്ദേഹം ട്വീറ്റില്‍ പോസ്റ്റ് ചെയ്തു. 2021 മെയ് മാസത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മൂന്നാം തവണവും അധികാരത്തില്‍ കയറിയത് മുതല്‍ വോട്ടെടുപ്പിലെ അക്രമത്തെക്കുറിച്ച് ഗവര്‍ണര്‍ രൂക്ഷവിമര്‍ശനമുന്നയിച്ചുവരികയാണ്. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വന്ന മെയ് രണ്ടിന് ശേഷം സംസ്ഥാനത്തുണ്ടായ അക്രമസംഭവങ്ങളില്‍ ഇരയായവരുടെ പുനരധിവാസത്തിനായി കല്‍ക്കട്ട ഹൈക്കോടതി ഒരു സമിതിക്ക് രൂപം നല്‍കിയിരുന്നു.