പശ്ചിമഘട്ടം: പരിസ്ഥിതി ലോല മേഖലയില്‍ ഇളവു തേടി കേരളം

പശ്ചിമഘട്ട മലനിരകളെ കോര്‍, നോണ്‍ കോര്‍ ആക്കി തരം തിരിക്കുന്നതിന് സ്വീകരിച്ച മാനദണ്ഡങ്ങളാണ് സംസ്ഥാനം ആരാഞ്ഞത്

Update: 2021-12-04 14:49 GMT

ന്യൂഡല്‍ഹി: പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ലോല മേഖലകളെ തരം തിരിക്കുന്നതിന്റെ മാനദണ്ഡം എന്തൊക്കെയാണെന്നു വ്യക്തമാക്കണമെന്ന് കേരളസര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. പശ്ചിമഘട്ട മലനിരകളെ കോര്‍, നോണ്‍ കോര്‍ ആക്കി തരം തിരിക്കുന്നതിന് സ്വീകരിച്ച മാനദണ്ഡങ്ങളാണ് സംസ്ഥാനം ആരാഞ്ഞത്. നിലവിലുള്ള പരിസ്ഥിതി ലോല മേഖല സംബന്ധിച്ച നയത്തില്‍ എന്തൊക്കെ ഇളവുകളാണ് നോണ്‍ കോര്‍ വിഭാഗത്തില്‍ ഉണ്ടാവുക എന്നതില്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവുമായി നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ജനവാസമുള്ള 1337 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം പരിസ്ഥിതി ലോല മേഖലയില്‍ നിന്ന് ഒഴിവാക്കണമെന്നാണ് കേരളത്തിന്റെ നിലപാട്്. ഇളവുകളുള്ള നോണ്‍കോര്‍ വിഭാഗമാക്കുന്നതില്‍ കേന്ദ്രതലത്തില്‍ ചര്‍ച്ച നടക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.


1337 ചതുരശ്ര കിലോമീറ്റര്‍ സ്ഥലം ജനവാസമുള്ളതാണെന്ന് കേന്ദ്രം തത്വത്തില്‍ അംഗീകരിച്ചതായും മന്ത്രി പറഞ്ഞു. നിലവിലെ കരട് വിജ്ഞാപനം അനുസരിച്ച് കേരളത്തിലെ 123 വില്ലേജുകളാണ് ഇഎസ്എ ( പരിസ്ഥിതി ലോല മേഖല) പരിധിയിലുള്ളത്. ഈ 123 വില്ലേജുകളിലായി 13108 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്തെയാണ് കസ്തൂരിരംഗന്‍ സമിതി പരിസ്ഥിതി ലോല പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതോതുടര്‍ന്ന് കേരളത്തില്‍ വലിയ പ്രതിഷേധമുണ്ടായി. ഇതു കണക്കിലെടുത്ത് ഉമ്മന്‍ വി ഉമ്മന്‍ സമിതി തയ്യാറാക്കിയ പട്ടിക പ്രകാരം പട്ടികയില്‍ 9993.7 ചതുരശ്ര കിലോമീറ്ററായി ലോല മേഖല കുറച്ച് 2018 ഡിസംബറില്‍ പുതിയ കരട് വിജ്ഞാപനം പുറത്തിറക്കി. ജനവാസ മേഖലയില്‍ വരുന്ന 880 ചതുരശ്ര കിലോമീറ്റര്‍ കൂടി കുറക്കണമെന്നാണ് ഇപ്പോള്‍ കേരളത്തിന്റെ ആവശ്യം. കേരളത്തിന്റെ ആവശ്യം അംഗീകരിച്ചാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും വ്യവസായങ്ങള്‍ക്കും കര്‍ശന നിയന്ത്രണമുള്ള വില്ലേജുകളുടെ എണ്ണം 92 ആയി കുറയും.


ഇഎസ്എ മേഖലയില്‍ ഖനനം, ക്വാറി, മണല്‍ വാരല്‍, താപോര്‍ജ്ജ നിലയം, 20,000 ചതുരശ്ര മീറ്റര്‍ വിസതൃതിയുള്ള നിര്‍മ്മാണങ്ങള്‍, ചുവപ്പ് ഗണത്തിലുള്ള വ്യവസായങ്ങള്‍ എന്നിവയ്ക്ക പൂര്‍ണ്ണ നിരോധനമുണ്ട്. നാലാമത്തെ കരട് വിജ്ഞാപനത്തിന്റെ കാലാവധി ഈ മാസം 31നാണ് അവസാനിക്കുക. അതിന് മുമ്പ് അന്തിമ വിജ്ഞാപനം ഇറക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ ശ്രമം. പരിസ്ഥിതി ലോല മേഖലയുടെ പരിധിയില്‍ മാറ്റം വരുത്തുന്നത് തടഞ്ഞ് ദേശീയ ഹരിത െ്രെടബ്യൂണല്‍ 2018 ല്‍ ഉത്തരവിട്ടിരുന്നു. ഇനി ഇതില്‍ മാറ്റം വരുത്തണമെങ്കില്‍ െ്രെടബ്യൂണലിന്റെ അനുമതി കൂടി വേണ്ടി വരും. ജനവാസ മേഖലയെ പരിസ്ഥിതി ലോല മേഖലയാക്കി പ്രഖ്യാപിച്ചതോടെ മലയോര മേഖലയിലെകര്‍ഷകര്‍ വലിയ പ്രതിസന്ധിയിലായിരുന്നു.

Tags:    

Similar News