ബെയ്‌റൂത്ത് കത്തുന്നു; ലെബനാനെ കാത്തിരിക്കുന്നത് ആഭ്യന്തര യുദ്ധം?

പശ്ചിമേഷ്യയിലെ പാരിസ് എന്നു വിളിപ്പേരുള്ള ലെബനാന്‍ തലസ്ഥാനമായ ബൈറൂത്ത് വീണ്ടും കത്തുകയാണ്. കഴിഞ്ഞ 13 വര്‍ഷത്തിനിടെ രാജ്യം കണ്ട ഏറ്റവും ഭീകരമായ തെരുവു യുദ്ധത്തിനാണ് തലസ്ഥാനമായ ബൈറൂത്ത് നഗരം കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്.

Update: 2021-10-15 18:51 GMT

ബെയ്‌റൂത്ത്: സാധാരണക്കാരായ ലെബനാനികള്‍ ഇപ്പോഴും ഞെട്ടലിലാണ്. ഇന്നലെ ബെയ്‌റൂത്തിലെ തെരുവുകളില്‍ കണ്ട കാഴ്ച ഒരു ദുസ്വപ്‌നമായി കണ്ട് മറക്കാന്‍ ശ്രമിക്കുകയാണ് അവര്‍. ഹിസ്ബുല്ല പോരാളികളും അമലും സംയുക്തമായി നടത്തിയ പ്രകടനത്തിനു നേരെയുണ്ടായ വെടിവയ്പില്‍ ഏഴു പേരാണ് കൊല്ലപ്പെട്ടത്. 32 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. യന്ത്രത്തോക്കുകളേന്തിയ ചെറുപ്പക്കാരുടെ ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലാണിപ്പോള്‍. ആക്രമണത്തിനു പിന്നില്‍ ക്രിസ്ത്യന്‍ പാര്‍ട്ടിയായ ലെബനീസ് ഫോഴ്‌സസിന്റെ പ്രവര്‍ത്തകരാണെന്നാണ് രണ്ട് ഷിയാ പാര്‍ട്ടികളും ആരോപിക്കുന്നത്.

പശ്ചിമേഷ്യയിലെ പാരിസ് എന്നു വിളിപ്പേരുള്ള ലെബനാന്‍ തലസ്ഥാനമായ ബൈറൂത്ത് വീണ്ടും കത്തുകയാണ്. കഴിഞ്ഞ 13 വര്‍ഷത്തിനിടെ രാജ്യം കണ്ട ഏറ്റവും ഭീകരമായ തെരുവു യുദ്ധത്തിനാണ് തലസ്ഥാനമായ ബൈറൂത്ത് നഗരം കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്. നിരവധി പേരുടെ ജീവന്‍ അപഹരിച്ച 1975 മുതല്‍ 1990 വരെ നീണ്ട നിര്‍ഭാഗ്യകരമായ ആഭ്യന്തര കലാപത്തിന് സമാനമായ അവസ്ഥയിലേക്ക് രാജ്യം വീണ്ടും ചെന്നെത്തുമോ എന്നു ഭയപ്പാടിലാണ് സാധരണക്കാര്‍.

വെടിവയ്പിനു പിന്നാലെ നൂറുകണക്കിന് ഹിസ്ബുള്ള, അമല്‍ പോരാളികളാണ് ഷിയാ, ഷിയ, ഷിയ എന്ന മുദ്രാവാക്യവുമായി ബെയ്‌റൂത്തിലെ തെരുവിലിറങ്ങിയത്. ഐന്‍ അല്‍ റുമ്മനയിലാണ് ഏറ്റുമുട്ടലുണ്ടായത്. വിരോധാഭാസമെന്നു പറയട്ടെ, 1975ല്‍ രാജ്യത്തെ ആഭ്യന്തര യുദ്ധത്തിലേക്ക് തള്ളിവിട്ട ബസ്സിലുണ്ടായ വെടിവയ്പ് നടന്നതും ഇവിടെയായിരുന്നു.

കഴിഞ്ഞ വര്‍ഷം ആഗസ്തിലുണ്ടായ ബൈറൂത്ത് തുറമുഖത്തെ അതിശക്തമായ സ്‌ഫോടനത്തിന്റെ അന്വേഷണത്തിന് നിയോഗിക്കപ്പെട്ട ജഡ്ജി ത്വാരിഖ് ബിതാര്‍ പക്ഷപാതിയാണെന്നും അദ്ദേഹത്തെ പുറത്താക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹിസ്ബുല്ലയും സഖ്യ കക്ഷിയായ അമല്‍ പാര്‍ട്ടിയും പ്രതിഷേധം നടത്തിയത്. ഇതിനു നേരെയാണ് വെടിവയ്പുണ്ടായത്.സൈനിക നടപടിയിലല്ല മരണങ്ങള്‍ ഉണ്ടായതെന്നും കെട്ടിടങ്ങളുടെ മുകളില്‍നിന്നാണ് വെടിവെപ്പുണ്ടായതെന്നും സൈന്യം വ്യക്തമാക്കിയിട്ടുണ്ട്. ഹിസ്ബുല്ലയുടെ പ്രതിഷേധത്തെ നേരിടാന്‍ ലെബനീസ് ഫോഴ്‌സസ് പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയതാണ് പ്രശ്‌നം രൂക്ഷമാക്കിയത്.

കൊല്ലപ്പെട്ട ഏഴു പേരുടെയും മൃതദേഹങ്ങള്‍ തെക്കന്‍ ലബനാനിലെ അവരവരുടെ ഗ്രാമങ്ങളില്‍ അടക്കം ചെയ്യും. ഷിയാ ഭൂരിപക്ഷമുള്ള ഈ പ്രദേശങ്ങള്‍ ഹിസ്ബുല്ലയുടേയും അമലിന്റെയും പൂര്‍ണ്ണ നിയന്ത്രണത്തിലാണ്. അതിനാല്‍ ശവസംസ്‌കാര സമയത്ത് ഏറ്റുമുട്ടല്‍ ഉണ്ടാകില്ല.

എന്നാല്‍, സംസ്‌കാരച്ചടങ്ങുകള്‍ക്ക് ശേഷം സംഘം ഇതിനു പ്രതികാരം ചെയ്യാനൊരുങ്ങിയാല്‍ കഥമാറും.ഇത് ഒരു പുതിയ ആഭ്യന്തരയുദ്ധത്തിന്റെ തുടക്കമാണോ അതോ ലെബനനിലെ രക്തരൂക്ഷിതമായ നിരവധി സംഭവങ്ങളില്‍ ഒന്ന് മാത്രമാണോ, അതോ വെല്ലുവിളികളില്ലാതെ കടന്നുപോകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

അടുത്ത 48 മണിക്കൂറിനുള്ളില്‍ ഇരു പാര്‍ട്ടികളുടെയും നേതാക്കള്‍ എങ്ങനെ പ്രതികരിക്കും എന്നതിനെ ആശ്രയിച്ചിരിക്കും രാജ്യത്തിന്റെ ഭാവി. നബിഹ് ബെറി അമലിന്റെ നേതാവ് മാത്രമല്ല, സൗദി അറേബ്യ, ഇറാന്‍ മുതല്‍ റഷ്യയും അമേരിക്കയും ഉള്‍പ്പെടെയുള്ള പ്രാദേശിക, അന്തര്‍ദേശീയ ശക്തികളുമായി ശക്തമായ ബന്ധമുള്ള ലെബനീസ് പാര്‍ലമെന്റിന്റെ സ്പീക്കര്‍ കൂടിയാണ്. തന്റെ മണ്ഡലത്തിലെ ജനതയെ പ്രീതിപ്പെടുത്താന്‍ അദ്ദേഹം പ്രതികാരത്തിനിറങ്ങുമോ എന്നതിലാണ് ഏവരും ആശങ്കപ്പെടുന്നത്.

അതേസമയം, രക്തച്ചൊരിച്ചിലിന് കാരണമായ ബെയ്‌റൂട്ട് തുറമുഖ സ്‌ഫോടനത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍നിന്ന് ജഡ്ജി ത്വാരിഖ് ബിതാറിനെ മാറ്റി പ്രശ്‌ന പരിഹാരം സാധ്യമാക്കാനുള്ള ഉപാധി അദ്ദേഹം മുന്നോട്ട് വയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നവരും ഏറെയാണ്.

230 പേരുടെ ജീവന്‍ അപഹരിക്കുകയും ആറു ലക്ഷം പേരെ മാറ്റിപ്പാര്‍പ്പിക്കാനും കാരണമായ തുറമുഖ സ്‌ഫോടനത്തില്‍, അന്വേഷണം ഏറ്റെടുത്തതിനു പിന്നാലെ 47 കാരനായ ത്വാരീഖ് ബിത്താര്‍ ഒരുപിടി ലെബനീസ് ഉദ്യോഗസ്ഥരെ പ്രധാന പ്രതികളായി പ്രഖ്യാപിച്ചിരുന്നു. ഒരു വിഭാഗത്തില്‍നിന്നുള്ളവരെ മാത്രം പ്രതികളാക്കി കൊണ്ടുള്ളതായിരുന്നു ഈ പട്ടിക. ഇതാണ് ത്വാരീഖിനെതിരേ തിരിയാന്‍ ലെബനീസ് രാഷ്ട്രീയ വരേണ്യവര്‍ഗത്തെ പ്രേരിപ്പിച്ചത്.

ഇതില്‍ മുന്‍ ആഭ്യന്തര മന്ത്രി നൗഹാദ് അല്‍ മച്‌നൗക്ക് (സാദ് ഹരീരിയുടെ ഫ്യൂച്ചര്‍ മൂവ്‌മെന്റില്‍നിന്നുള്ള സുന്നി), മുന്‍ ധനകാര്യ മന്ത്രി അലി ഹസന്‍ ഖലീല്‍ (അമല്‍ പ്രസ്ഥാനത്തില്‍ നിന്നുള്ള ഷിയ), മുന്‍ പൊതുമരാമത്ത് മന്ത്രി ഗാസി സെയ്താര്‍ (അമല്‍ പ്രസ്ഥാനത്തില്‍ നിന്നുള്ള ഷിയാ അംഗം), മുന്‍ പൊതുമരാമത്ത് മന്ത്രി യൂസഫ് ഫിനിയാനോസ് (മറഡ മൂവ്‌മെന്റില്‍നിന്നുള്ള മാരോനൈറ്റ് ക്രിസ്ത്യന്‍) എന്നിവരാണ് പ്രതി പട്ടികയില്‍ ഇടംപിടിച്ച പ്രമുഖര്‍. കൂടാതെ, പ്രസിഡന്റ് മിഷേല്‍ ഔനിന്റെ ആശ്രിതനായ മുന്‍ പ്രധാനമന്ത്രി ഹസന്‍ ദിയാബിനെതിരേ സ്‌ഫോടനത്തിലേക്ക് നയിച്ച 'ക്രിമിനല്‍ അശ്രദ്ധ'യും ആരോപിക്കപ്പെട്ടിട്ടുണ്ട്.

എല്‍എഫ് നേതാവ് സമീര്‍ ഗിയാഗിയയെ അഡോള്‍ഫ് ഹിറ്റ്‌ലറുമായി ഉപമിച്ച് ഹിസ്ബുള്ള അനുകൂല പത്രം 'അല്‍ അഖ്ബര്‍' ഫോട്ടോ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സൈനിക യൂനിഫോം ധരിച്ച് ഹിറ്റലറുടെ മീശയുമായുള്ള സമീറിന്റെ പടമാണ് 'സംശയമില്ല (അയാള്‍ കൊലപാതകത്തിന് ഉത്തരവിട്ടു)' എന്ന വാക്കുകള്‍ക്കൊപ്പം പ്രസിദ്ധീകരിച്ചിട്ടുള്ളത്.


ത്വാരിഖിനെ അന്വേഷണച്ചുമതയില്‍നിന്നു മാറ്റാനുള്ള സമ്മര്‍ദ്ദം പരാജയപ്പെടുകയും കഴിഞ്ഞാഴ്ച മുന്‍ മന്ത്രിയും ലബനീസ് പാര്‍ലമെന്റിലെ നിലവിലെ എംപിയുമായ അലി ഹസ്സന്‍ ഖലീലിനെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയും ചെയ്തതോടെയാണ് ത്വാരീഖിനെതിരേ തെരുവിലിറങ്ങാന്‍ ഹിസ്ബുല്ലയേയും അമലിനേയും നിര്‍ബന്ധിതരാക്കിയത്.

ഹിസ്ബുല്ലയുടെ പ്രതികരണം

ഹിസ്ബുല്ല ഒരു ആഭ്യന്തര യുദ്ധത്തിന് തയ്യാറല്ല. ഹിസ്ബുല്ല പോരാളികളുടെ പ്രധാന നിര നില സിറിയയില്‍ ബശാറുല്‍ അസദിന് വേണ്ടി നിലയുറപ്പിച്ചിരിക്കുകയാണ്. 2018ല്‍ ഇറാനെതിരെ വീണ്ടും ഉപരോധം ഏര്‍പ്പെടുത്തിയത് ഹിസ്ബുല്ലയെ സാമ്പത്തികമായി പ്രതിസന്ധിയിലാക്കുകയും ചെയ്തിട്ടുണ്ട്. ഇതാദ്യമായല്ല ഹിസ്ബുല്ല തങ്ങളുടെ സൈന്യത്തെ തെരുവിലേക്ക് അയക്കുന്നത്. എന്നിരുന്നാലും, വര്‍ഷങ്ങളായി ഹിസ്ബുല്ല തങ്ങളുടെ ആയുധങ്ങള്‍ ഇസ്രായേലിനെതിരേ മാത്രമേ ഉപയോഗിക്കാറുള്ളു.

ലബ്‌നാനിലെ രാഷ്ട്രീയ സമവാക്യങ്ങള്‍

നിലവിലെ സാമുദായിക സമവാക്യത്തിന്റെ അടിസ്ഥാനത്തില്‍ അധികാരം വീതംവയ്ക്കുകയാണ് ഇവിടെ പതിവ്. ആഭ്യന്തര കലാപത്തില്‍നിന്ന് രാജ്യത്തെ രക്ഷിക്കാനുള്ള ഫോര്‍മുലയായിരുന്നു സുന്നി മുസ്‌ലിം വിഭാഗത്തിന് പ്രധാന മന്ത്രി പദവിയും മറോണൈറ്റ് ക്രിസ്ത്യന്‍ വിഭാഗത്തിന് പ്രസിഡന്റ് പദവിയും ഷിയാ വിഭാഗത്തിന് പാര്‍ലമെന്റ് സ്പീക്കര്‍ പദവിയും സംവരണം ചെയ്തുള്ള തീരുമാനം.

മാര്‍ച്ച് 8 സഖ്യം, മാര്‍ച്ച് 14 സഖ്യം എന്നിങ്ങനെ രണ്ട് മുന്നണികളാണ് രാജ്യത്തിന്റെ രാഷ്ട്രീയ ഭാഗധേയം നിര്‍ണയിക്കുന്നത്. ഇരു മുന്നണികളിലും മുസ്‌ലിം, ക്രിസ്ത്യന്‍ പാര്‍ട്ടികളുണ്ട്.

ലെബനീസ് ഫോഴ്‌സസ്

ലെബനാനിലെ ശക്തമായ ക്രിസ്ത്യന്‍ സ്വാധീനമുള്ള പാര്‍ട്ടിയാണ് സമീര്‍ ഗിയാഗിയ നയിക്കുന്ന ലെബനീസ് ഫോഴ്‌സസ്. 128 അംഗ പാര്‍ലമെന്റില്‍ ക്രിസ്ത്യാനികള്‍ക്ക് സംവരണം ചെയ്യപ്പെട്ട 63 സീറ്റുകളില്‍ 15 എണ്ണത്തില്‍ ഇവരുടെ പ്രതിനിധികാണ്. ആഭ്യന്തര കലാപകാലത്തെ വര്‍ഗീയ സംഘര്‍ഷങ്ങളില്‍ മുഖ്യപങ്കുവഹിച്ച പ്രസ്ഥാനമാണ് മറോണൈറ്റ് ക്രിസ്ത്യാനികളുടെ ഈ പാര്‍ട്ടി. ഇസ്രായിലിന്റെ ലെബനാന്‍ അധിനിവേശത്തിന് ഒത്താശ ചെയ്തുകൊടുത്തത് ബഷീര്‍ ഗമായേല്‍ പാര്‍ട്ടിക്ക് നേതൃത്വം നല്‍കിയ കാലത്തായിരുന്നു. യാസര്‍ അറഫാത്തിന്റെ നേതൃത്വത്തിലുള്ള പാലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷനെ (പി.എല്‍.ഒ) ലെബനാനില്‍നിന്ന് പുറത്താക്കാന്‍ ഇസ്രായില്‍ സഹായം ആവശ്യപ്പെട്ടപ്പോള്‍ ഫലാഞ്ചിസ്റ്റ് മിലീഷ്യകളെ അതിന് നിയോഗിച്ചതും ബഷീര്‍ ഗമായേല്‍ ആയിരുന്നു. 1982 സെപ്റ്റംബറില്‍ ഇസ്രായിലിന്റെ ഐ.ഡി.എഫും ഫലാഞ്ചുകളും ചേര്‍ന്നാണ് സബ്‌റയിലെയും ശത്തിലയിലെയും ഫലസ്ത്വീന്‍ ക്യാമ്പുകളില്‍ കൂട്ടക്കൊല നടത്തിയത്. ഫലസ്ത്വീനികളും ലെബനീസ് ശിഈകളും ഉള്‍പ്പെടെ രണ്ടായിരത്തിലേറെ പേര്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്കാക്കുന്നത്. തുടര്‍ന്ന് ഇസ്രായിലിന് തെക്കന്‍ ലെബനാനില്‍ അധിനിവേശത്തിന് സൗകര്യമൊരുക്കിയതും ലെബനീസ് ഫോഴ്‌സസ് എന്ന പാര്‍ട്ടിയാണ്.


ലെബനീസ് പ്രസിഡന്റും മറോണൈറ്റ് ക്രിസ്ത്യാനിയുമായ മിഷെല്‍ ഔനിന്റെ പാര്‍ട്ടിയായ ഫ്രീ പെയ്ട്രിയറ്റിക് മൂവ്‌മെന്റ് ഹിസ്ബുല്ല ഉള്‍പ്പെട്ട മാര്‍ച്ച് 8 സഖ്യത്തിന്റെ ഭാഗമാണ്. പാര്‍ട്ടിക്ക് 18 സീറ്റുകളുമുണ്ട്.ലെബനാന്‍ രാഷ് ട്രീയം ഏറെക്കാലമായി അസ്വസ്ഥമാണ്.

Tags:    

Similar News