ലോകം മുഴുവന്‍ തന്റെ സഹോദരനെതിരേ നിന്നപ്പോള്‍ ഒപ്പം നിന്നത് വയനാട് മാത്രം: പ്രിയങ്കാ ഗാന്ധി

Update: 2024-10-23 07:53 GMT

കല്‍പ്പറ്റ: കല്‍പ്പറ്റയില്‍ നടന്ന ലോക്‌സഭാ സ്ഥാനാര്‍ത്ഥി പ്രിയങ്കാ ഗാന്ധിയുടെ റോഡ് ഷോയില്‍ ആവേശക്കടലായി ജനം. പതിനായിരകണക്കിന് ആളുകളാണ് പ്രിയങ്കയെയും സോണിയാ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും കാണാന്‍ കല്‍പ്പറ്റയില്‍ എത്തിയത്. ലോകം മുഴുവന്‍ തന്റെ കുടുംബത്തിനെതിരേ നിന്നപ്പോള്‍ സഹോദരന്‍ രാഹുല്‍ ഗാന്ധിക്കൊപ്പം നിന്നത് വയനാട്ടിലെ ജനങ്ങളാണെന്ന് പ്രിയങ്കാ ഗാന്ധി പറഞ്ഞു. എന്റെ കുടുംബം മുഴുവന്‍ നിങ്ങളോട് കടപ്പെട്ടിരിക്കും. ഗാന്ധി കുടുംബം എന്നും വയനാട്ടിലെ ജനങ്ങളോട് നന്ദി ഉള്ളവരായിരിക്കും. വയനാടിന്റെ ഭാഗമാവുന്നത് തന്റെ അഭിമാനമാണെന്ന് പ്രിയങ്ക പറഞ്ഞു.

വയനാട്ടിലെ പ്രശ്‌നങ്ങളായ രാത്രികാല യാത്രനിരോധനം, വന്യജീവി പ്രശ്‌നങ്ങള്‍, മെഡിക്കല്‍ കോളജ് ഇവയില്‍ ഉചിതമായ തീരുമാനങ്ങള്‍ ഉണ്ടാവും. എന്നെ സംബന്ധിച്ചടുത്തോളം ഇത് പുതിയ യാത്രയാണ്. എന്റെ ഗുരുക്കന്‍മാര്‍ നിങ്ങളാണ്-പ്രിയങ്ക പറഞ്ഞു. എന്നെ വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി അംഗീകരിച്ചതിന് ഹൃദയത്തില്‍ നിന്ന് നന്ദി പറയുന്നു. രണ്ട് ജനപ്രതിനിധികള്‍ ഉള്ള ഇന്ത്യയിലെ ആദ്യത്തെ ലോക്‌സഭാ മണ്ഡലം ഇതാവുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഔദ്ദ്യോഗിക പ്രതിനിധിയായ തന്റെ സഹോദരി പ്രിയങ്കയും അനൗദ്ദ്യോഗിക പ്രതിനിധിയായി താനും ഈ മണ്ഡലത്തില്‍ ഉണ്ടാവും-രാഹുല്‍ ഗാന്ധി പറഞ്ഞു.

''പിതാവ് രാജീവ് ഗാന്ധിക്കും സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും വേണ്ടി 35 വര്‍ഷത്തോളം പ്രചാരണം നടത്തി. ആദ്യമായാണ് എനിക്ക് വേണ്ടി പ്രചാരണം നടത്തുന്നത്. ഈ അവസരത്തിന് ഖര്‍ഗെയോടും കോണ്‍ഗ്രസിനോടും നന്ദി പറയുന്നു. ഞാന്‍ ചൂരല്‍മലയും മുണ്ടക്കെയും സന്ദര്‍ശിച്ചു. എല്ലാം നഷ്ടമായവരെ അവിടെ കണ്ടു. എല്ലാവരും പരസ്പരം പിന്തുണ നല്‍കി. വയനാട്ടുകാരുടെ ധൈര്യം ആഴത്തില്‍ സ്പര്‍ശിച്ചു. വയനാട് കുടുംബത്തിന്റെ ഭാഗമാകാന്‍ സാധിക്കുന്നത് ഭാഗ്യവും ആദരവുമാണ്. അധികാരം നല്‍കിയര്‍ അധികാരം വിദ്വേഷം പ്രചരിപ്പിക്കുന്നു'' പ്രിയങ്ക ജനങ്ങളെ അഭിസംബോധന ചെയ്തു പറഞ്ഞു.

സോണിയ ഗാന്ധി, മല്ലികാര്‍ജുന്‍ ഖര്‍ഗെ, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, പികെ കുഞ്ഞാലിക്കുട്ടി, പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങള്‍, മറ്റു കോണ്‍ഗ്രസ് നേതാക്കള്‍ തുടങ്ങിയ നിരവധി പേര്‍ കല്‍പ്പറ്റയിലെ പൊതുപരിപാടിയില്‍ പങ്കെടുത്തു.










Tags:    

Similar News