ഗുലാം നബിയും സല്‍മാന്‍ ഖുര്‍ഷിദുമെവിടെ? ന്യൂനപക്ഷ അവഗണനയില്‍ വീണ്ടും കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് കോടിയേരി
ഇന്ത്യ ഭരിക്കേണ്ടത് ഹിന്ദുക്കളാണെന്ന് പറഞ്ഞ രാഹുല്‍ ഗാന്ധിയുടേത് ഏറ്റവും വലിയ വര്‍ഗീയ പരാമര്‍ശമാണെന്നും കോടിയേരി തുറന്നടിച്ചു.
കണ്ണൂര്‍: കോണ്‍ഗ്രസ് നേതൃത്വത്തിലെ ന്യൂനപക്ഷ അവഗണനയില്‍ കോണ്‍ഗ്രസിനെ വീണ്ടും കടന്നാക്രമിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. രാഹുല്‍ ഗാന്ധിയുടെ നയമാണോ കേരളത്തിലെ കോണ്‍ഗ്രസ് പിന്തുടരുന്നതെന്നും കോടിയേരി ചോദിച്ചു. ഇന്ത്യ ഭരിക്കേണ്ടത് ഹിന്ദുക്കളാണെന്ന് പറഞ്ഞ രാഹുല്‍ ഗാന്ധിയുടേത് ഏറ്റവും വലിയ വര്‍ഗീയ പരാമര്‍ശമാണെന്നും കോടിയേരി തുറന്നടിച്ചു.
കോണ്‍ഗ്രസിന് മതേതര മുഖം നഷ്ടമായി.ദേശീയ തലത്തില്‍ തന്നെ കോണ്‍ഗ്രസ് ന്യൂനപക്ഷ നേതാക്കളെ തഴഞ്ഞു.കോണ്‍ഗ്രസ് നേതാക്കളായി ആര് വരണം എന്നുള്ളത് കോണ്‍ഗ്രസുകാര്‍ തീരുമാനിക്കേണ്ടതാണെന്നതില്‍ തര്‍ക്കമില്ല. പക്ഷേ, കേരളത്തിലെ കോണ്‍ഗ്രസിന് എല്ലാക്കാലത്തും ഒരു മതേതരത്വ സ്വഭാവം ഉണ്ടെന്ന് സ്ഥാപിക്കാന്‍ വ്യത്യസ്ത മതവിഭാഗത്തില്‍പ്പെട്ട ഒരു നേതൃനിരയായിരുന്നു ഉണ്ടായിരുന്നത്-അദ്ദേഹം ചൂണ്ടിക്കാട്ടി.
കെ കരുണാകരന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന കാലത്ത് എ എല്‍ ജേക്കബിനെ കെപിസിസി പ്രസിഡന്റാക്കി നിയമിച്ചു. എ കെ ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്ത് കെ മുരളീധരനെ കെപിസിസി പ്രസിഡന്റാക്കി. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ കെപിസിസി പ്രസിഡന്റ് സ്ഥാനത്തുണ്ടായിരുന്നത് മുല്ലപ്പള്ളി രാമചന്ദ്രനായിരുന്നു'- കോടിയേരി പറഞ്ഞു.മതേതരത്വം കാത്തുസൂക്ഷിക്കാനാണ് ഇത്തരത്തില്‍ ന്യൂനപക്ഷങ്ങള്‍ക്ക് പ്രതിനിധ്യം കൊടുക്കുന്നതെന്നാണ് കോണ്‍ഗ്രസ് അപ്പോഴെല്ലാം അവകാശപ്പെട്ടിരുന്നതെന്നും ഇപ്പോള്‍ ആ കീഴ്‌വഴക്കം ലംഘിക്കാന്‍ കാരണമെന്താണെന്നും അദ്ദേഹം ചോദിച്ചു. വര്‍ഷങ്ങളായി പാലിക്കുന്ന കീഴ്‌വഴക്കം ലംഘിച്ചതിന് പിന്നില്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ ദേശീയ രാഷ്ട്രീയത്തില്‍ വന്നുകൊണ്ടിരിക്കുന്ന നിലപാടാണെന്നും അദ്ദേഹം ആരോപിച്ചു.
ഇന്ത്യ ഹിന്ദുക്കളുടെ രാജ്യമാണെന്നും ഹിന്ദുക്കളാണ് ഇന്ത്യ ഭരിക്കേണ്ടതെന്നുമല്ലേ രാഹുല്‍ ഗാന്ധി പരസ്യമായി പറഞ്ഞതെന്നും അദ്ദേഹം ചോദിച്ചു. ഈ കാഴ്ച്ചപാടിന്റെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസിലെ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട നേതാക്കളെയെല്ലാം അവഗണിച്ച് ഒതുക്കി വെച്ചിരിക്കുന്നുവെന്നും കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. ഗുലാം നബി ആസാദ് എവിടെ? കെ വി തോമസ് എവിടെ? സല്‍മാന്‍ ഖുര്‍ഷിദ് എവിടെ? ഇവരെയെല്ലാം ഒതുക്കി വെച്ചത് ഇപ്പോള്‍ കോണ്‍ഗ്രസ് സ്വീകരിച്ചുവരുന്ന നിലപാടിന്റെ ഭാഗമാണ്. ഇക്കാര്യമാണ് കോണ്‍ഗ്രസുകാര്‍ ചര്‍ച്ച ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സിപിഎം നേതൃത്വത്തില്‍ ന്യൂനപക്ഷ നേതാക്കളില്ലല്ലോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇടതുപക്ഷ പാര്‍ട്ടികള്‍ ഒരിക്കലും ഇക്കാര്യം അവകാശപ്പെട്ടിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ഇടതുപക്ഷത്തില്‍ ഏത് വിഭാഗത്തില്‍പ്പെട്ട നേതാക്കളായാലും മതനിരപേക്ഷ നിലപാട് സ്വീകരിക്കുന്ന ആളായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളനത്തിലും കോടിയേരി സമാന പ്രസ്താവന നടത്തിയിരുന്നു. കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയ്‌ക്കെതിരെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ രംഗത്തെത്തിയിരുന്നു. കോടിയേരി വര്‍ഗീയ വിഷം തുപ്പുകയാണെന്നും അദ്ദേഹത്തിന്റെ വാ തുന്നിക്കെട്ടാന്‍ സിപിഎം നേതൃത്വം തയ്യാറാകണമെന്നുമായിരുന്നു സുധാകരന്‍ പറഞ്ഞിരുന്നത്.