കോവാക്‌സിന് ഡബ്ല്യുഎച്ച്ഒ അംഗീകാരം ഈയാഴ്ച ലഭിച്ചേക്കുമെന്ന് റിപോര്‍ട്ട്
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവാക്‌സിന് ജനുവരിയില്‍ വാക്‌സിനേഷന്‍ ആരംഭിച്ചതു മുതല്‍ ഡബ്ല്യുഎച്ച്ഒയുടെ അംഗീകാരം കിട്ടാന്‍ ഇന്ത്യ ശ്രമിച്ച് വരികയാണ്.
ന്യൂഡല്‍ഹി: ഭാരത് ബയോടെക്കിന്റെ കോവിഡ് വാക്‌സിന്‍ കോവാക്‌സിന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ഈ ആഴ്ച അംഗീകാരം നല്‍കിയേക്കും. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവാക്‌സിന് ജനുവരിയില്‍ വാക്‌സിനേഷന്‍ ആരംഭിച്ചതു മുതല്‍ ഡബ്ല്യുഎച്ച്ഒയുടെ അംഗീകാരം കിട്ടാന്‍ ഇന്ത്യ ശ്രമിച്ച് വരികയാണ്.
കോവാക്‌സിന്റെ രോഗപ്രതിരോധ ശേഷി, സുരക്ഷ, ഫലപ്രാപ്തി എന്നീ ഡാറ്റകള്‍ സമഗ്രമായി വിലയിരുത്തിയാകും ഡബ്ല്യുഎച്ച്ഒയുടെ അനുമതി. കോവാക്‌സിന്‍ വളരെ മികച്ചതാണ് എന്ന് ലോകാരോഗ്യ സംഘടനയുടെ വാക്‌സിന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ മരിയന്‍ഗെല സിമാവോ ഈ മാസമാദ്യം അഭിപ്രായപ്പെട്ടിരുന്നു.
സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ (സിഡിഎസ്‌സിഒ) വിദഗ്ധ സമിതിക്കു സമര്‍പ്പിച്ച മൂന്നാംഘട്ട ക്ലിനിക്കല്‍ ട്രയല്‍ ഡേറ്റ പ്രകാരം 77.8 ശതമാനമാണു കോവാക്‌സിന്റെ ഫലപ്രാപ്തി. അടിയന്തര ഉപയോഗാനമതിക്കു മുന്നോടിയായുള്ള പ്രീസബ്മിഷന്‍ യോഗം ജൂണിലാണു നടന്നത്.
ലോകാരോഗ്യ സംഘടനയുടെ പാനല്‍ അടിയന്തര ഉപയോഗാനുമതി പട്ടികയില്‍ കോവാക്‌സിനെ ഉടനുള്‍പ്പെടുത്തുമെന്നു നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു. അടിയന്തര ഉപയോഗാനുമതി കിട്ടിയാല്‍ കോവാക്‌സിന്‍ ഡോസ് എടുത്തവര്‍ക്കു സ്വതന്ത്രമായി യാത്ര ചെയ്യാനാകും. രാജ്യത്തെ വാക്‌സിനേഷന്റെ വേഗവും കൂടും.