ഭാര്യയെ ബലാല്‍സംഗം ചെയ്ത ഭര്‍ത്താവിനും 50 ഓണ്‍ലൈന്‍ സുഹൃത്തുക്കള്‍ക്കും ശിക്ഷ

Update: 2024-12-19 12:58 GMT

പാരിസ്: ഭാര്യക്ക് ഉറക്കഗുളിക നല്‍കി ബലാല്‍സംഗം ചെയ്യുകയും ഓണ്‍ലൈനില്‍ അന്യപുരുഷന്‍മാരെ ബലാല്‍സംഗത്തിന് ക്ഷണിക്കുകയും ചെയ്ത ഭര്‍ത്താവിനെ 20 വര്‍ഷം തടവിന് ശിക്ഷിച്ചു. ഭര്‍ത്താവ് കൊണ്ടുവന്ന അമ്പത് പേര്‍ക്ക് മൂന്നു മുതല്‍ 15 വര്‍ഷം വരെ തടവും ലഭിച്ചു. മസാല സ്വദേശിയായ ജിസേല പെലിക്കോട്ടിനെ (72) 2011 മുതല്‍ 2020 വരെ ഭര്‍ത്താവ് ഡൊമിനിക്ക് പെലിക്കോട്ടും മറ്റുള്ളവരും പീഡിപ്പിച്ചതിന് തെളിവുണ്ടെന്ന് തെക്കന്‍ ഫ്രാന്‍സിലെ അവിഗ്‌നോന്‍ കോടതിയിലെ അഞ്ചംഗ ബെഞ്ച് പറഞ്ഞു. ഡൊമിനിക്ക് പെലിക്കോട്ടില്‍ നിന്ന് പിടിച്ചെടുത്ത 20,000 വീഡിയോകളും ചിത്രങ്ങളും കൃത്യമായ തെളിവാണെന്നും കോടതി ചൂണ്ടിക്കാട്ടി.

ജിസേല പെലിക്കോട്ടും ഡൊമിനിക്ക് പെലിക്കോട്ടും സംഘടിപ്പിക്കുന്ന ഉഭയസമ്മതപ്രകാരമുള്ള സെക്‌സ് ഗെയിം ആണെന്നാണ് കരുതിയതെന്നായിരുന്നു മറ്റു പ്രതികളുടെ വാദം. ജിസേലയ്ക്ക് ഇത് അറിയില്ലെന്ന വിവരം വീട്ടിലേക്കു വിളിച്ചുവരുത്തിയ എല്ലാവര്‍ക്കും അറിയാമായിരുന്നുവെന്ന് ഡൊമിനിക് മൊഴി നല്‍കിയിരുന്നതായി കോടതി ചൂണ്ടിക്കാട്ടി. ട്രക്ക് ഡ്രൈവര്‍മാര്‍, ആശാരിമാര്‍, ഒരു ജയില്‍ ഗാര്‍ഡ്, നഴ്‌സ്, ഐടി ജീവനക്കാരന്‍, മാധ്യമപ്രവര്‍ത്തകന്‍ എന്നിവര്‍ അടക്കം അമ്പത് പേരെയാണ് ശിക്ഷിച്ചിരിക്കുന്നത്.

മസാല പ്രദേശത്തെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ ഒരു സ്ത്രീയുടെ ചിത്രം സമ്മതമില്ലാതെ എടുത്തതിന് 2020 സെപ്റ്റംബര്‍ 12ന് ഡൊമിനിക്കിനെ പോലിസ് പിടികൂടിയിരുന്നു. ഇയാളുടെ ഫോണുകളും റെക്കോര്‍ഡറുകളും കസ്റ്റഡിയില്‍ സൂക്ഷിച്ച് ഡൊമിനിക്കിനെ വിട്ടയച്ചു. പോലിസ് തന്നെ പിടികൂടിയെന്നും വിളിക്കാന്‍ സാധ്യതയുണ്ടെന്നും ഇയാള്‍ ഭാര്യയോട് പറഞ്ഞു. അല്‍പ്പദിവസത്തിന് ശേഷം ഭാര്യയെ പോലിസ് വിളിച്ചു. എന്നാല്‍, ഡൊമിനിക്കിന്റെ ഫോണില്‍ കണ്ട ദൃശ്യങ്ങളെ കുറിച്ച് പറയാനാണ് വിളിച്ചത്. തുടര്‍ന്ന് വീട്ടിലെത്തി റെയ്ഡ് നടത്തി. ഹാര്‍ഡ് ഡിസ്‌കുകളില്‍ നിന്ന് 20,000 ദൃശ്യങ്ങളും ചിത്രങ്ങളും സംഭാഷണങ്ങളും പോലിസ് പിടിച്ചെടുത്തു. 2021 തുടക്കത്തില്‍ തന്നെ ദൃശ്യങ്ങളില്‍ നിന്ന് തിരിച്ചറിഞ്ഞ പ്രതികളെ പിടികൂടി തുടങ്ങി. ഉറക്കഗുളിക പൊടിച്ച് ഭക്ഷണത്തില്‍ കലക്കി നല്‍കിയാണ് ഭാര്യയെ പീഡിപ്പിച്ചതെന്ന് ഡാനിയല്‍ സമ്മതിച്ചിരുന്നു.

Similar News