അടുത്തത് ആരായിരിക്കും? മുഹമ്മദ് സുബൈറിന്റെ അറസ്റ്റില്‍ പ്രതികരണവുമായി ജിഗ്‌നേഷ് മേവാനി

'ഇതിപ്പോള്‍ മുഹമ്മദ് സുബൈറിന്റെ ഊഴമാണ്. നിയമപരമായ യാതൊരു നടപടിക്രമങ്ങളും പാലിക്കാതെയാണ് ഡല്‍ഹി പോലിസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. തന്നെ വിശ്വസിച്ചാലും, സത്യത്തിന് വേണ്ടി പോരാടുന്ന ഏതൊരു ആക്ടിവിസ്റ്റിനെയും മാധ്യമപ്രവര്‍ത്തകനെയും പൗരനെയും ഈ ഫാസിസ്റ്റ് ശക്തികള്‍ വെറുതെവിടുകയില്ല. ഒരേയൊരു ചോദ്യം; അടുത്തത് ആരായിരിക്കും?'- ജിഗ്‌നേഷ് മേവാനി ട്വിറ്ററില്‍ കുറിച്ചു.

Update: 2022-06-28 09:53 GMT

അഹമ്മദാബാദ്: ആള്‍ട്ട് ന്യൂസ് സഹ സ്ഥാപകന്‍ മുഹമ്മദ് സുബൈറിന്റെ അന്യായമായ അറസ്റ്റിനെതിരേ കടുത്ത പ്രതികരണവുമായി ഗുജറാത്ത് സ്വതന്ത്ര എംഎല്‍എ ജിഗ്‌നേഷ് മേവാനി. നിയമത്തിന്റെ യാതൊരു നടപടിക്രമങ്ങളും പാലിക്കാതെയാണ് മുഹമ്മദ് സുബൈറിനെ ഡല്‍ഹി പോലിസ് അറസ്റ്റ് ചെയ്തതെന്ന് ജിഗ്‌നേഷ് മേവാനി ട്വീറ്റില്‍ കുറ്റപ്പെടുത്തി.

'ഇതിപ്പോള്‍ മുഹമ്മദ് സുബൈറിന്റെ ഊഴമാണ്. നിയമപരമായ യാതൊരു നടപടിക്രമങ്ങളും പാലിക്കാതെയാണ് ഡല്‍ഹി പോലിസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. തന്നെ വിശ്വസിച്ചാലും, സത്യത്തിന് വേണ്ടി പോരാടുന്ന ഏതൊരു ആക്ടിവിസ്റ്റിനെയും മാധ്യമപ്രവര്‍ത്തകനെയും പൗരനെയും ഈ ഫാസിസ്റ്റ് ശക്തികള്‍ വെറുതെവിടുകയില്ല. ഒരേയൊരു ചോദ്യം; അടുത്തത് ആരായിരിക്കും?'- ജിഗ്‌നേഷ് മേവാനി ട്വിറ്ററില്‍ കുറിച്ചു.

2018ല്‍ പങ്കുവെച്ച ഒരു ട്വീറ്റുമായി ബന്ധപ്പെട്ടാണ് മുഹമ്മദ് സുബൈറിനെ പോലിസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. വ്യാജ വാര്‍ത്തകള്‍ കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്യുന്ന ഫാക്ട് ഫൈന്‍ഡിങ് വെബ്‌സൈറ്റായ ആള്‍ട്ട് ന്യൂസിന്റെ സഹ സ്ഥാപകനാണ് മുഹമ്മദ് സുബൈര്‍. 2014ന് മുമ്പ് ഹിണിമൂണ്‍ ഹോട്ടല്‍ എന്നായിരുന്നു പേര്.

2014ന് ശേഷം ഹനുമാന്‍ ഹോട്ടല്‍ എന്നായി മാറി എന്നായിരുന്നു ബോളിവുഡ് സിനിമയില്‍ നിന്നുള്ള ഒരു ചിത്രം സഹിതം സുബൈര്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. ഇത് ഹിന്ദു മതവികാരങ്ങളെ വ്രണപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടി ഹനുമാന്‍ ഭക്ത് എന്ന പേരിലുള്ള ഒരു ട്വിറ്റര്‍ ഹാന്‍ഡില്‍ നല്‍കിയ പരാതിയിലാണ് പോലിസ് സുബൈറിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമം 153 (എ) പ്രകാരം വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷമുണ്ടാക്കിയെന്നും 295 (എ) പ്രകാരം മതവികാരം വ്രണപ്പെടുത്തിയെന്നുമാണ് സുബൈറിനെതിരായ കേസ്.

നരസിംഹാനന്ദ, മഹന്ദ് ബജ്‌റാംഗ് മുനി, ആനന്ദ് സ്വരൂപ് എന്നിവര്‍ നടത്തിയ വിദ്വേഷപ്രസംഗം ആള്‍ട്ട് ന്യൂസ് പുറത്ത് വിട്ടിരുന്നു. തുടര്‍ന്ന് ആള്‍ട്ട് ന്യൂസിനെതിരേ ഹിന്ദുത്വ വാദികള്‍ സൈബര്‍ ആക്രമണം നടത്തുകയും ചെയ്തിരുന്നു. ഈയിടെ കേന്ദ്രസര്‍ക്കാറിനെ വലിയ സമ്മര്‍ദ്ദത്തിലാക്കിയ ബിജെപി ദേശീയ വക്താവ് നൂപുര്‍ ശര്‍മയുടെ പ്രവാചക നിന്ദ പരാമര്‍ശം പുറത്തുകൊണ്ടുവന്നതും ആള്‍ട്ട് ന്യൂസാണ്. ഇത് അന്താരാഷ്ട്ര തലത്തില്‍ കടുത്ത പ്രതിഷേധത്തിന് കാരണമായിരുന്നു.

Tags:    

Similar News