അരവിന്ദ് കെജ്‌രിവാളിന്റെ ഇടക്കാലജാമ്യം; സുപ്രിം കോടതി വിധി പറയുന്നത് മാറ്റി
ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കെജ്‌രിവാളിന്റെ ഇടക്കാല ജാമ്യം തേടിയുള്ള ഹരജിയില്‍ വിധി പറയുന്നത് സുപ്രിംകോടതി വ്യാഴാഴ്ചത്തേക്കു മാറ്റി. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കര്‍ ദത്ത എന്നിവരുടെ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പായതിനാല്‍ പ്രചാരണത്തിനു വേണ്ടി ജാമ്യം അനുവദിക്കുന്നത് പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇഡിയും കേന്ദ്ര സര്‍ക്കാരും ശക്തമായി എതിര്‍ക്കുകയായിരുന്നു. ജാമ്യം അനുവദിക്കുകയാണെങ്കില്‍ തന്നെ കെജ്‌രിവാളിന് ഫയലുകളില്‍ ഒപ്പിടുന്നതിന് നിയന്ത്രണമുണ്ടാവുമെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. മാര്‍ച്ച് 21നാണ് ഡല്‍ഹിയിലെ മദ്യനയ അഴിമതി ആരോപണക്കേസിന്‍ കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്യുന്നത്. തുടര്‍ന്ന് തിഹാര്‍ ജയിലില്‍ അടച്ചെങ്കിലും മുഖ്യമന്ത്രിസ്ഥാനം രാജിവച്ചിരുന്നില്ല. ജയിലില്‍ കിടന്നാണ് ഭരണം നിയന്ത്രിക്കുന്നത്. അതിനിടെ, കെജ്‌രിവാളിന്റെ കസ്റ്റഡി കാലാവധി മെയ് 20 വരെ നീട്ടി. ഡല്‍ഹി റോസ് അവന്യൂ കോടതിയാണ് കസ്റ്റഡി കാലാവധി നീട്ടിയത്. സുപ്രിംകോടതി ഇടക്കാല ജാമ്യം പരിഗണിക്കുന്നതിനിടെയാണ് ഡല്‍ഹി കോടതിയുടെ ഉത്തരവ് വന്നത്.