തമിഴ്നാട്ടില്‍ ത്രിഭാഷ നയം നടപ്പാക്കില്ലന്ന് പളനിസ്വാമി

തമിഴും ഇംഗ്ലീഷും പഠിപ്പിക്കുന്ന ദ്വിഭാഷാ പദ്ധതിയാണ് വര്‍ഷങ്ങളായി തമിഴ്നാട്ടില്‍ പിന്തുടരുന്നത്.

Update: 2020-08-03 09:14 GMT

ചെന്നൈ: പുതിയ വിദ്യാഭ്യാസ നയത്തിലെ ത്രിഭാഷാ പഠന രീതി നടപ്പാക്കില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി. ത്രിഭാഷാ പഠനം തമിഴ്നാട്ടില്‍ അംഗീകരിക്കാനാകില്ലെന്നും ഇക്കാര്യം പുനഃപരിശോധിക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിക്കുന്നതായും പളനിസ്വാമി പറഞ്ഞു. തമിഴും ഇംഗ്ലീഷും പഠിപ്പിക്കുന്ന ദ്വിഭാഷാ പദ്ധതിയാണ് വര്‍ഷങ്ങളായി തമിഴ്നാട്ടില്‍ പിന്തുടരുന്നത്.

കേന്ദ്ര സര്‍ക്കാറിന്റെ പുതിയ വിദ്യാഭ്യാസ നയം വേദനാജനകവും സങ്കടകരവുമാണ്. പുതിയ വിദ്യാഭ്യാസ നയത്തിലെ മൂന്ന് ഭാഷകള്‍ പഠിപ്പിക്കണമെന്ന നിര്‍ദേശം പുനര്‍വിചിന്തനം നടത്തണമെന്നും വിഷയത്തില്‍ സ്വന്തം നയം നടപ്പാക്കാന്‍ സംസ്ഥാനങ്ങളെ അനുവദിക്കണമെന്നും പളനിസ്വാമി പറഞ്ഞു. കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയ പുതിയ വിദ്യാഭ്യാസ നയം ഹിന്ദിയും സംസ്‌കൃതവും അടിച്ചേല്‍പ്പിക്കാനുള്ള നീക്കമാണെന്ന്് ചൂണ്ടിക്കാട്ടി ദ്രാവിഡ പാര്‍ട്ടികള്‍ പ്രതിഷേധം ശക്തമാക്കിയതിനിടയിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിന് എതിരെ അണ്ണാദുരൈയും എംജിആറും ജയലളിതയും നടത്തിയ പ്രതിഷേധം മറക്കാനാവില്ലെന്ന് ഓര്‍മ്മിപ്പിച്ച പളനിസ്വാമി ത്രിഭാഷാ പഠന സംവിധാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതുമെന്ന് വ്യക്തമാക്കി. ത്രിഭാഷാ പഠനരീതിയെ ചൊല്ലി അണ്ണാ ഡിഎംകെ ബിജെപി സഖ്യത്തില്‍ ഭിന്നത രൂക്ഷമായ സാഹചര്യത്തിലാണ് എടപ്പാടി പളനിസാമിയുടെ പ്രതികരണം. ഹിന്ദി, സംസ്‌കൃതം എന്നിവ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണ് ഈ നയമെന്ന് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് എംകെ സ്റ്റാലിന്‍ പറഞ്ഞു.


Tags:    

Similar News