അവതാരകന്റെ മുഖത്തടിച്ച സംഭവം: വില്‍ സ്മിത്തിന് ഓസ്‌കര്‍ ചടങ്ങുകളില്‍ 10 വര്‍ഷത്തെ വിലക്ക്
ലോസ് ഏഞ്ചല്‍സ്: ഓസ്‌കര്‍ പുരസ്‌കാര വിതരണ ചടങ്ങില്‍ അമേരിക്കന്‍ ഹാസ്യനടനും അവതാരകനുമായ ക്രിസ് റോക്കിന്റെ മുഖത്തടിച്ചതിന്റെ പേരില്‍ ഹോളിവുഡ് താരം വില്‍ സ്മിത്തിനെ അക്കാദമി ചടങ്ങുകളില്‍ നിന്ന് 10 വര്‍ഷത്തേക്ക് വിലക്കി. ഓസ്‌കര്‍ പുരസ്‌കാരം ഉള്‍പ്പെടെയുള്ള എല്ലാ അക്കാദമി പരിപാടികളില്‍ നിന്നുമാണ് വിലക്കിയത്. ഏപ്രില്‍ എട്ട് മുതല്‍ തീരുമാനം പ്രാബല്യത്തിലായി. ലോസ് ഏഞ്ചല്‍സില്‍ ചേര്‍ന്ന പുരസ്‌കാര ചടങ്ങുകള്‍ അടക്കം സംഘടിപ്പിക്കുന്ന അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്‌സ് ആന്റ് സയന്‍സിന്റെ യോഗമാണ് വെള്ളിയാഴ്ച തീരുമാനമെടുത്തത്. അസ്വീകാര്യമായ പെരുമാറ്റമാണ് സ്മിത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് അക്കാദമി വിലയിരുത്തി.
അക്കാദമി പ്രസിഡന്റ് ഡേവിഡ് റൂബിനും സിഇഒ ഡോണ്‍ ഹഡ്‌സണും തീരുമാനം സംയുക്തമായി അറിയിക്കുകയായിരുന്നു. 94ാമത് ഓസ്‌കാര്‍ അവാര്‍ഡ് വിതരണ വേദിയിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. മുടികൊഴിച്ചില്‍ അവസ്ഥയായ 'അലോപ്പീസിയയുടെ' ഫലമായി മൊട്ടയടിച്ച ഭാര്യയുടെ തലയെക്കുറിച്ച് തമാശ പറഞ്ഞതിനാണ് താരം ക്രിസ് റോക്കിന്റെ മുഖത്തടിച്ചത്. രോഗിയായ തന്റെ ഭാര്യയെക്കുറിച്ച് അവഹേളനപരമായ തമാശ പറഞ്ഞുവെന്ന് ആരോപിച്ചാണ്, ഇത്തവണത്തെ മികച്ച നടനുള്ള ഓസ്‌കര്‍ ജേതാവുകൂടിയായ വില്‍ സ്മിത്ത് അവതാരകന്റെ മുഖത്തടിച്ചത്. മര്‍ദ്ദനത്തില്‍ പിന്നീടദ്ദേഹം ഖേദം പ്രകടിപ്പിക്കുകയും ഇതിനുള്ള പ്രത്യാഘാതങ്ങള്‍ ഏറ്റുവാങ്ങാന്‍ സന്നദ്ധനാണെന്ന് പ്രതികരിക്കുകയും ചെയ്തിരുന്നു.