കരിപ്പൂര്‍: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 1.17 കോടി രൂപയുടെ സ്വര്‍ണവുമായി യുവതി പോലിസ് പിടിയില്‍. കുന്നമംഗലം സ്വദേശി ഷബ്‌നയാണ് അറസ്റ്റിലായത്. ജിദ്ദയില്‍ നിന്നെത്തിയ ഇവര്‍ വസ്ത്രത്തിന് ഉള്ളില്‍ സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. ഇന്ന് രാവിലെ 6.30ന് ജിദ്ദയില്‍ നിന്നെത്തിയ സ്‌പൈസ് ജെറ്റ് വിമാനത്തിലാണ് ഷബ്‌ന കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയത്. വസ്ത്രത്തിന് ഉള്ളില്‍ മിശ്രിത രൂപത്തിലാണ് 1884 ഗ്രാം സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. കസ്റ്റംസ് പരിശോധനയില്‍ സ്വര്‍ണം കണ്ടെടുത്തിരുന്നില്ലെങ്കിലും പോലിസ് പരിശോധനയിലാണ് പിടിയിലായത്. സ്വര്‍ണക്കടത്ത് സംബന്ധിച്ച് പോലിസിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഷബ്‌നയെ കസ്റ്റഡിയിലെടുത്തത്. മണിക്കൂറുകളോളം ചോദ്യം ചെയ്തിട്ടും ലഗേജുകളും വസ്ത്രങ്ങളും പരിശോധിക്കുകയും ശരീര പരിശോധന നടത്തുകയും ചെയ്‌തെങ്കിലും സ്വര്‍ണം കണ്ടെത്തിയിരുന്നില്ല. തുടര്‍ന്ന് പോലിസ് ഇവരുടെ വാഹനം പരിശോധിച്ചപ്പോഴാണ് ഡോര്‍ പോക്കറ്റില്‍ നിന്ന് സ്വര്‍ണ മിശ്രിതം കണ്ടെത്തിയത്. പിടികൂടിയ സ്വര്‍ണം പോലിസ് കോടതിയില്‍ സമര്‍പ്പിക്കും. ഈ വര്‍ഷം മാത്രം കരിപ്പൂര്‍ വിമാനത്താവളത്തിനു പുറത്ത് വച്ച് പോലിസ് പിടികൂടുന്ന 17ാമത്തെ സ്വര്‍ണക്കടത്ത് കേസാണിത്.