സിഎഎ ന്യായീകരണ യോഗത്തിനിടെ യുവതിക്കു നേരെ കൊലവിളി; പോലിസില്‍ പരാതി നല്‍കി
യുവതിയെ ആക്രമിക്കുകയും വര്‍ഗീയ പരാമര്‍ശം നടത്തുകയും ചെയ്തവര്‍ക്കെതിരേ സമൂഹത്തില്‍ മതസ്പര്‍ധയുണ്ടാക്കിയതിനും ഒരു സമൂഹത്തെ ആക്ഷേപിക്കുകയും ചെയ്തതിനു ക്രിമിനല്‍ കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം.
എറണാകുളം: പൗരത്വ ഭേദഗതി നിയമത്തെ ന്യായീകരിക്കുന്ന പരിപാടിയില്‍ ചോദ്യങ്ങളുന്നയിച്ച യുവതിയെ സംഘപരിവാര്‍ അനുകൂലികളായ ഒരുസംഘം സ്ത്രീകള്‍ കൈയേറ്റം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ പോലിസില്‍ പരാതി നല്‍കി. വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന കാര്യാലയത്തോടു ചേര്‍ന്ന കലൂര്‍ പാവക്കുളം ശിവക്ഷേത്രം ഹാളില്‍ നടന്ന സിമ്പോസിയത്തിനിടെ മതവിദ്വേഷമുണ്ടാക്കുന്ന വിധത്തില്‍ കൊലവിളിയുയര്‍ത്തിയ സ്ത്രീകള്‍ക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് രാജു പി നായര്‍ എറണാകുളം പോലിസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടെയാണ് പരാതി നല്‍കിയിട്ടുള്ളത്. പരിപാടിയില്‍ ചോദ്യമുന്നയിച്ച യുവതിയെ ആക്രമിക്കുകയും വര്‍ഗീയ പരാമര്‍ശം നടത്തുകയും ചെയ്തവര്‍ക്കെതിരേ സമൂഹത്തില്‍ മതസ്പര്‍ധയുണ്ടാക്കിയതിനും ഒരു സമൂഹത്തെ ആക്ഷേപിക്കുകയും ചെയ്തതിനു ക്രിമിനല്‍ കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം. പരാതി തുടര്‍ നടപടികള്‍ക്കായി കൊച്ചി അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് കൈമാറി.
ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. സിഎഎയെ ന്യായീകരിച്ച് മാതൃസമിതി നടത്തിയ വിശദീകരണ പരിപാടിയില്‍ അഞ്ജിത ഉമേഷ് എന്ന യുവതിക്കു നേരെയാണ് ഒരുകൂട്ടം സംഘപരിവാര വനിതാ പ്രവര്‍ത്തകര്‍ ആക്രമണഭീഷണിയുമായെത്തിയത്. സിഎഎയ്‌ക്കെതിരേ വിമര്‍ശനമുന്നയിച്ച അഞ്ജിത ഉമേഷിനോട് 'ഇത് ഹിന്ദുവിന്റെ ഭൂമിയാണെന്നും വേണമെങ്കില്‍ നിന്നെയും കൊല്ലാന്‍ മടിക്കില്ലെ'ന്നും പറഞ്ഞ് ഇറങ്ങിപ്പോവാന്‍ ആവശ്യപ്പെടുകയും തള്ളിമാറ്റുകയുമായിരുന്നു. മാത്രമല്ല, ''ഞാന്‍ ഇത് തൊട്ടു നടക്കുന്നത് എന്തിനാണെന്ന് അറിയാമോ, എനിക്ക് രണ്ടു പെണ്‍മക്കളുണ്ട്. അവരെ ഒരു കാക്കയും തൊടാതെയിരിക്കാനാണ്. നിനക്ക് നല്ല അടി വേണോ'' എന്ന് ഒരു യുവതി തന്റെ സിന്ദൂരപ്പൊട്ട് ചൂണ്ടിക്കാട്ടി അഞ്ജിതയോട് ആക്രോശിക്കുകയും ചെയ്യുന്നുണ്. വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് വിവാദമായത്.
പാവക്കുളം ക്ഷേത്രത്തില്‍ നടന്ന പരിപാടിയിലെ പല പരാമര്‍ശങ്ങളും ദേശവിരുദ്ധവും വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്നതുമാണെന്നും യോഗത്തില്‍ നടന്ന പ്രസംഗങ്ങള്‍ വിശദമായി പരിശോധിക്കുകയും അത്തരം പരാമര്‍ശങ്ങള്‍ ഉണ്ടെങ്കില്‍ സംഘാടകര്‍ക്കെതിരേ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കേസെടുക്കുകയും വേണമെന്നാണും പരാതിയില്‍ പറയുന്നുണ്ട്. സംസ്ഥാന ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രിക്കും പരാതി നല്‍കുമെന്ന് രാജു പി നായര്‍ അറിയിച്ചു. അതേസമയം, സിമ്പോസിയം അലങ്കോലമാക്കാന്‍ ശ്രമിച്ചെന്ന വിഎച്ച്പിയുടെ പരാതിയില്‍ അഞ്ജിത ഉമേഷിനെതിരേ പോലിസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല, യുവതി സെക്‌സ് റാക്കറ്റിലെ കണ്ണിയാണെന്നും നിരവധി ക്രിമിനല്‍ കേസുകളുണ്ടെന്നും പ്രചരിപ്പിക്കുകയും ശക്തമായ സൈബര്‍ ആക്രമണം തുടരുകയും ചെയ്യുന്നുണ്ട്.