ഇടതു സര്‍ക്കാര്‍ കേരളത്തിന് ബാധ്യതയായെന്ന് സുനിതാ നിസാര്‍; വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സെക്രട്ടറിയേറ്റ് ധര്‍ണ നടത്തി
തിരുവനന്തപുരം: വിലക്കയറ്റവും നികുതി ഭാരവും മൂലം സംസ്ഥാനത്ത് ജനജീവിതം ദുസ്സഹമായിരിക്കുകയാണെന്നും ഇടതു സര്‍ക്കാര്‍ കേരളത്തിലെ ജനങ്ങള്‍ക്ക് ബാധ്യതയായി മാറിയിരിക്കുകയാണെന്നും വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് സുനിതാ നിസാര്‍. ഇടതു സര്‍ക്കാരിന്റെ ജനവിരുദ്ധ നയനിലപാടുകളില്‍ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിനു മുമ്പില്‍ വിമന്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ജനവികാരം സര്‍ക്കാരിന് എതിരാണെന്ന് ബോധ്യപ്പെട്ടതിനാലാണ് നവകേരളാ സദസ്സിനു മുന്നോടിയായി ഇന്ന് ചില പ്രഖ്യാപനങ്ങള്‍ സര്‍ക്കാര്‍ നടത്തിയത്. ഖജനാവ് കാലിയാക്കിയും കിട്ടുന്നിടത്തുനിന്നെല്ലാം കടം വാങ്ങിയും ധൂര്‍ത്തും ആര്‍ഭാടവും നടത്തി ആഘോഷ തിമര്‍പ്പിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും. വാങ്ങിക്കൂട്ടുന്ന കടമെല്ലാം കൊടുത്തുവീട്ടേണ്ട ബാധ്യത നികുതി വര്‍ധനവായും നിരക്ക് വര്‍ധനവായും വിലക്കയറ്റമായും ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയാണ്.
സാമൂഹിക സുരക്ഷാ പെന്‍ഷനുകള്‍ നല്‍കാനെന്ന പേരില്‍ കോടിക്കണക്കിന് രൂപ ഇന്ധന വിലയോടൊപ്പം സെസ് ഇനത്തില്‍ സര്‍ക്കാര്‍ പിരിച്ചെടുത്തുകൊണ്ടിരിക്കുന്നുണ്ടെങ്കിലും മാസങ്ങളായി ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയിരിക്കുകയാണ്. നിലവില്‍ ഒരു മാസത്തെ പെന്‍ഷന്‍ കൊടുത്താല്‍ മതിയെന്നാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഒരു കോടി അഞ്ചു ലക്ഷം രൂപ മുടക്കി ഇ ടോയ്‌ലെറ്റ് ഉള്‍പ്പെടെ തയ്യാറാക്കി എസി ബസ്സാണ് മന്ത്രിസഭയ്ക്ക് കേരളം ചുറ്റാന്‍ ഒരുക്കുന്നത്. സംസ്ഥാനത്ത് റോഡുകളിലെ കുഴികളില്‍ വീണ് യാത്രക്കാരുടെ നടുവൊടിയുമ്പോള്‍ നവകേരളാ സദസ്സിന്റെ വേദിയിലേക്ക് എത്താന്‍ മാത്രം ടാറിങ് നടത്തുന്നത് അപഹാസ്യമാണ്. ഇടതുസര്‍ക്കാരിന്റെ ജനവിരുദ്ധതയെ തുറന്നുകാണിച്ച് സംസ്ഥാന വ്യാപകമായി പ്രചാരണങ്ങളും പ്രതിഷേധങ്ങളും സംഘടിപ്പിക്കുമെന്നും സുനിത നിസാര്‍ കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന ജനറല്‍ സെക്രട്ടറി എം ഐ ഇര്‍ഷാന അധ്യക്ഷത വഹിച്ചു. എസ്ഡിപിഐ സംസ്ഥാന സമിതിയംഗങ്ങളായ ടി നാസര്‍, എല്‍ നസീമ, വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന സമിതി അംഗങ്ങളായ ബാബിയ ടീച്ചര്‍, സുമയ്യ റഹീം, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സബീന ലുഖ്മാന്‍ സംസാരിച്ചു.