മരം കൊള്ളയ്ക്ക് കൂട്ടുനിന്ന കാനം രാജേന്ദ്രനെയും സിപിഐ മലപ്പുറം ജില്ലാ സെക്രട്ടറിയെയും കേസില്‍ പ്രതിചേര്‍ക്കണം: എസ്ഡിപിഐ

മരം കൊള്ള കാനം രാജേന്ദ്രന്റെ അറിവോടെയാണ് നടന്നത് എന്നതിന്റെ തെളിവുകള്‍ പുറത്തുവന്നിരിക്കുകയാണ്.

Update: 2021-08-02 08:30 GMT

കണ്ണൂര്‍: വിവാദ മരം കൊള്ളയ്ക്ക് കൂട്ടുനിന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെയും സിപിഐ മലപ്പുറം ജില്ലാ സെക്രട്ടറിയെയും കേസില്‍ പ്രതിചേര്‍ക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മരം കൊള്ള കാനം രാജേന്ദ്രന്റെ അറിവോടെയാണ് നടന്നത് എന്നതിന്റെ തെളിവുകള്‍ പുറത്തുവന്നിരിക്കുകയാണ്. ടിമ്പര്‍ വ്യവസായികള്‍ക്ക് വേണ്ടി മരംമുറിയില്‍ അനുകൂല ഉത്തരവുണ്ടാവാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് സിപിഐ മലപ്പുറം ജില്ലാ സെക്രട്ടറി പി കെ കൃഷ്ണദാസ് കാനം രാജേന്ദ്രന് അയച്ച കത്താണ് പുറത്തായിരിക്കുന്നത്. ഇതോടെ കര്‍ഷകരുടെ നിരന്തര ആവശ്യപ്രകാരമാണ് ഉത്തരവിറക്കിയതെന്ന സിപിഐയുടേയും സര്‍ക്കാരിന്റെയും വാദം കള്ളമാണെന്ന് തെളിഞ്ഞു.

മുട്ടിലില്‍ ഉള്‍പ്പെടെ നടന്ന കോടികളുടെ മരം കൊള്ളയും അതിന് വഴിയൊരുക്കിയ സര്‍ക്കുലറും രാഷ്ട്രീയ നേതൃത്വത്തിന്റെ അറിവോടെയും ഉദ്ദേശ്യപൂര്‍വ്വവുമാണെന്ന് വ്യക്തമായിരിക്കുകയാണ്. ഏതാനും ഉദ്യോഗസ്ഥരെ ബലി കൊടുത്ത് രക്ഷപ്പെടാനുള്ള നീക്കമാണ് ഇതോടെ പൊളിയുന്നത്. കാനം രാജേന്ദ്രന്‍ ഉള്‍പ്പെടെ സിപിഐയുടെ സംസ്ഥാന നേതൃത്വവും ജില്ലാ നേതൃത്വങ്ങളും അറിഞ്ഞ് കൊണ്ടും അവരുടെ ആസൂത്രണത്തോടെയും നടന്ന കൊള്ളയാണിത്. പട്ടയ ഭൂമിയിലെ മരംമുറിയുമായി ബന്ധപ്പെട്ട് 2020 ഒക്ടോബര്‍ 24നാണ് റവന്യൂ വകുപ്പ് ഉത്തരവ് ഇറക്കുന്നത്. സപ്തംബര്‍ 11 നാണ് മലപ്പുറം ജില്ലാ സെക്രട്ടറി പി കെ കൃഷ്ണദാസ് കാനം രാജേന്ദ്രന് കത്തെഴുതുന്നത്. വിവിധ കര്‍ഷക സംഘടനകള്‍ നേരത്തെ സര്‍ക്കാരിനെ ബന്ധപ്പെട്ടെങ്കിലും അപ്പോഴൊന്നും തന്നെ ഉത്തരവിറങ്ങിയില്ലെന്നതും ശ്രദ്ധേയമാണ്. കര്‍ഷകര്‍ക്ക് വേണ്ടി സിപിഐ ഉള്‍പ്പെടെ എല്‍ഡിഎഫ് ഒഴുക്കുന്നത് മുതലക്കണ്ണീരാണെന്നും ഇതോടെ ബോധ്യപ്പെടുന്നു.

കര്‍ഷകരുടെ ഭൂമിയില്‍നിന്നും ചന്ദനമല്ലാത്ത തേക്ക് ഉള്‍പ്പെടെയുള്ള മരങ്ങള്‍ വെട്ടിയെടുക്കാന്‍ അനുമതിയുണ്ടാക്കണമെന്ന സ്വതന്ത്ര ടിമ്പര്‍ മര്‍ച്ചന്റ് അസോസിയേഷന്‍ സിപിഐ മലപ്പുറം ജില്ലാ കമ്മിറ്റിക്ക് നല്‍കിയ നിവേദനത്തോടൊപ്പമാണ് ജില്ലാ സെക്രട്ടറി കത്തയച്ചിരിക്കുന്നത്. ഈ കാര്യത്തില്‍ അനുകൂല ഉത്തരവ് ഉണ്ടാവാന്‍ ഇടപെടണമെന്നും കത്തില്‍ കൃഷ്ണദാസ് കാനം രാജേന്ദ്രനോട് ആവശ്യപ്പെടുന്നുണ്ട്. കത്തയച്ച് ഒന്നരമാസത്തിനുള്ളില്‍ അനുകൂല ഉത്തരവിറങ്ങുകയും ചെയ്തു. ഇത് തെളിയിക്കുന്നത് മരംകൊള്ളയില്‍ നടന്നിട്ടുള്ള രാഷ്ട്രീയ ഗൂഢാലോചനയാണ്. മരം കൊള്ളയില്‍ ഇടപെട്ടതിന്റെ തെളിവുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ കാനം രാജേന്ദ്രനെയും പി കെ കൃഷ്ണദാസിനെയും കേസില്‍ പ്രതി ചേര്‍ക്കാന്‍ പോലിസ് തയ്യാറാവുകയാണ് ചെയ്യേണ്ടത്. മരംമുറിക്കേസ് പ്രതികളില്‍ നിന്ന് സിപിഐ പാര്‍ട്ടിക്കും അതിന്റെ നേതാക്കള്‍ക്കും എത്ര പണം ലഭിച്ചുവെന്നതിനെ കുറിച്ച് അന്വേഷണം വേണം. റവന്യൂ വകുപ്പ് സിപിഐയില്‍ നിന്ന് എടുത്ത് മാറ്റി നീതിപൂര്‍വ്വകമായ അന്വേഷണത്തിന് മുഖ്യമന്ത്രി വഴിയൊരുക്കണം. സ്വതന്ത്ര ടിമ്പര്‍ മര്‍ച്ചന്റ് അസോസിയേഷന്‍ മലപ്പുറം ജില്ലാ സെക്രട്ടറി ജോസ് അഗസ്റ്റിന്‍ സിപിഐ അനുഭാവിയുമാണ്. മുട്ടില്‍ മരംമുറി കേസിലെ മുഖ്യപ്രതി ആന്റോ അഗസ്റ്റിന്‍ മുന്‍ വനം മന്ത്രി കെ രാജുവിന്റെ അഡീഷനല്‍ െ്രെപവറ്റ് സെക്രട്ടറി ശ്രീകുമാറിനെ ഫോണിലേക്ക് വിളിച്ച വിവരവും നേരത്തേ പുറത്തുവന്നതാണെന്ന് ഫൈസി ചൂണ്ടിക്കാട്ടി.

വാര്‍ത്താസമ്മേളനത്തില്‍ എസ്ഡിപിഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എ സി ജലാലുദ്ദീന്‍, ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ സംബന്ധിച്ചു.

Tags:    

Similar News