ആയിരക്കണക്കിന് കുട്ടികളെ പണത്തിനായി വിദേശത്തേക്ക് കയറ്റി അയച്ചെന്ന് സമ്മതിച്ച് സൗത്ത് കൊറിയന്‍ സര്‍ക്കാര്‍; 56 പേര്‍ കുടുംബങ്ങളില്‍ തിരികെയെത്തി

സിയോള്‍: അമേരിക്കക്കാര്‍ക്കും യൂറോപ്പുകാര്‍ക്കും കൊറിയന്‍ കുട്ടികളെ ദത്ത് നല്‍കാന്‍ ഔദ്യോഗിക രേഖകളില്‍ തിരുത്തലുകള്‍ നടത്തിയെന്ന് സമ്മതിച്ച് സൗത്ത് കൊറിയ. 1953 മുതല്‍ കൊറിയന്‍ കുട്ടികളോടും മാതിപിതാക്കളോടും ചെയ്ത ക്രൂരതകളാണ് സര്‍ക്കാര്‍ സമ്മതിച്ചിരിക്കുന്നത്. കൊറിയന്‍ യുദ്ധം അവസാനിച്ച ശേഷം രണ്ടു ലക്ഷം കുട്ടികളെയാണ് സര്‍ക്കാര്‍ വിദേശികള്‍ക്ക് നല്‍കിയത്. ഇവരില്‍ ഭൂരിഭാഗം പേര്‍ക്കും മാതാപിതാക്കളുണ്ടായിരുന്നു. എന്നാല്‍, രേഖകള്‍ തിരുത്തി കുട്ടികളെ അനാഥരാക്കി ചിത്രീകരിക്കുകയാണ് ചെയ്തത്. ദത്ത് നല്‍കാന്‍ തീരുമാനിച്ച ചില കുട്ടികള്‍ മരിച്ചപ്പോള്‍ അവര്‍ക്ക് പകരം മറ്റു പലയിടത്തു നിന്നും കുട്ടികളെ കൊണ്ടുവന്നു. ഇതെല്ലാം സര്‍ക്കാരിന് വലിയ സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നും സര്‍ക്കാര്‍ ഏജന്‍സിയായ ട്രൂത്ത് ആന്‍ഡ് റീകണ്‍സിലിയേഷന്‍ കമ്മീഷന്റെ റിപോര്‍ട്ട് പറയുന്നു.
വിഷയത്തില്‍ നോര്‍വേയും ഡെന്‍മാര്‍ക്കും അന്വേഷണം പ്രഖ്യാപിച്ചു. കൊറിയയില്‍ നിന്നും ഇത്തരത്തില്‍ എത്തിയ കുട്ടികളെ തിരികെ സൗത്ത് കൊറിയക്ക് കൈമാറുമെന്നും അവര്‍ പ്രഖ്യാപിച്ചു. എന്നാല്‍, യുഎസ് ഇക്കാര്യത്തില്‍ നിലപാട് പറഞ്ഞിട്ടില്ല. ഏറ്റവുമധികം കൊറിയന്‍ കുട്ടികളെ യുഎസാണ് കൊണ്ടുപോയത്. 1980 കളില്‍ ദക്ഷിണ കൊറിയയുടെ കുഞ്ഞുങ്ങളുടെ കയറ്റുമതി ഉച്ചസ്ഥായിയിലെത്തിയിരുന്നു. 1985ല്‍ മാത്രം 8,837 കുട്ടികളെയാണ് വിദേശത്തേക്ക് അയച്ചത്. വിമാന സീറ്റുകളില്‍ കെട്ടിയിരിക്കുന്ന ശിശുക്കളുടെയും കൊച്ചുകുട്ടികളുടെയും ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇതുവരെ 56 പേര്‍ ദത്തെടുക്കപ്പെട്ടവരില്‍ നിന്നും മോചിതരായി കൊറിയയിലെ യഥാര്‍ത്ഥ മാതാപിതാക്കളുടെ അടുത്ത് തിരികെ എത്തിയിട്ടുണ്ട്.
