രാജ്യത്ത് കൊവിഡ് വര്‍ധിക്കാന്‍ കാരണം തബ് ലീഗ് ജമാഅത്തെന്ന് യോഗി ആദിത്യനാഥ്
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കാന്‍ കാരണം തബ് ലീഗ് ജമാഅത്താണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മാര്‍ച്ചില്‍ ഡല്‍ഹിയില്‍ നടന്ന തബ് ലീഗ് ജമാഅത്ത് പരിപാടിയാണ് കൊവിഡ് 19 കേസുകളുടെ എണ്ണം രാജ്യവ്യാപകമായി ഉയര്‍ന്നതിനു കാരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കൊറോണ വൈറസ് അണുബാധയുടെ വാഹകരായാണ് തബ് ലീഗ് ജമാഅത്തുമായി ബന്ധമുള്ളവര്‍ പ്രവര്‍ത്തിക്കുന്നതെന്ന് ആജ് തക്കിനോട് സംസാരിക്കുന്നതിനിടെ യോഗി ആദിത്യനാഥ് പറഞ്ഞു. 'തബ് ലീഗ് ജമാഅത്ത് ചെയ്തത് അപലപനീയമാണ്. അവര്‍ അങ്ങനെ പെരുമാറിയിരുന്നില്ലെങ്കില്‍, ലോക്ക്ഡൗണിന്റെ ആദ്യ ഘട്ടത്തില്‍ രാജ്യം കൊറോണ വൈറസിനെ കൈകാര്യം ചെയ്യുമായിരുന്നു. തബ്ലീഗി ജമാഅത്തുകാര്‍ ചെയ്തത് ക്രിമിനല്‍ പ്രവൃത്തിയാണ്. അതിനനുസരിച്ച് അവ കൈകാര്യം ചെയ്യേണ്ടതുണ്ട്. ഡല്‍ഹിയില്‍ നടന്ന തബ് ലീഗ് ജമാഅത്ത് പരിപാടിയുമായി മൂവായിരത്തോളം പേര്‍ ബന്ധപ്പെട്ടതായാണ് സര്‍ക്കാര്‍ കണ്ടെത്തിയതെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ഒരു രോഗം വരുന്നത് കുറ്റകരമല്ല. എന്നാല്‍ കൊവിഡ് 19 പോലുള്ള അസുഖങ്ങള്‍ മറച്ചുവയ്ക്കുന്നത് തീര്‍ച്ചയായും കുറ്റകരമാണ്. നിയമം ലംഘിച്ചവര്‍ക്കെതിരേ ഞങ്ങള്‍ നടപടിയെടുക്കുമെന്നും യോഗി പറഞ്ഞു.
അതിനിടെ, ഉത്തര്‍പ്രദേശില്‍ കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 2,328 ആയി. 654 പേര്‍ സുഖം പ്രാപിച്ചു. 42 പേരാണ് സംസ്ഥാനത്ത് മരണപ്പെട്ടത്. ആയിരത്തിലേറെ കൊവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്ത ചുരുക്കം ചില സംസ്ഥാനങ്ങളില്‍ ഉത്തര്‍പ്രദേശും ഉള്‍പ്പെടുന്നു. മാര്‍ച്ച് ആദ്യം ആഗ്രയിലാണ് സംസ്ഥാനത്തെ ആദ്യത്തെ കേസ് റിപോര്‍ട്ട് ചെയ്തത്. സംസ്ഥാനത്ത് റെഡ് സോണിന് കീഴില്‍ 19 ജില്ലകളും ഓറഞ്ച് സോണിന് കീഴില്‍ 36 ജില്ലകളും ഗ്രീന്‍ സോണിനു കീഴില്‍ 20 ജില്ലകളുമാണുള്ളത്. ആഗ്ര, ലക്‌നോ, ഗൗതം ബുദ്ധ നഗര്‍, ഗാസിയാബാദ്, മൊറാദാബാദ് എന്നിവയാണ് സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിത ജില്ലകള്‍.