മരിക്കാനും ജയിലിൽ പോകാനും തയ്യാർ പക്ഷേ ബിജെപിക്ക് മുന്നിൽ മുട്ടുമടക്കില്ല: മമത ബാനര്‍ജി

സംസ്ഥാനത്തെ നിരവധി മന്ത്രിമാര്‍ക്കും തൃണമൂല്‍ നേതാക്കള്‍ക്കുമെതിരെ സിബിഐ സമന്‍സയച്ച സാഹചര്യത്തിലാണ് കൊല്‍ക്കത്തയില്‍ വിദ്യാര്‍ഥി റാലിയെ അഭിസംബോധന ചെയ്ത് അവർ ഇക്കാര്യം പറഞ്ഞത്.

Update: 2019-08-28 15:35 GMT

കൊല്‍ക്കത്ത: മരിക്കാനും ജയിലില്‍ പോകാനും തയ്യാര്‍ എന്നാല്‍, ബിജെപിയുടെ വര്‍ഗീയ രാഷ്ട്രീയത്തിന് മുന്നില്‍ മുട്ടുമടക്കാന്‍ തയ്യാറല്ല എന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് തന്റെ സര്‍ക്കാരിന്റെ കഴുത്തു ഞെരിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. സംസ്ഥാനത്തെ നിരവധി മന്ത്രിമാര്‍ക്കും തൃണമൂല്‍ നേതാക്കള്‍ക്കുമെതിരെ സിബിഐ സമന്‍സയച്ച സാഹചര്യത്തിലാണ് കൊല്‍ക്കത്തയില്‍ വിദ്യാര്‍ഥി റാലിയെ അഭിസംബോധന ചെയ്ത് അവർ ഇക്കാര്യം പറഞ്ഞത്. ബംഗാള്‍ പിടിച്ചെടുക്കാനാണ് ബിജെപി ശ്രമിക്കുന്നത്. അവര്‍ക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് ശക്തമായ പോരാട്ടം നടത്തുന്നതിനാലാണിത്. തങ്ങളെ നിശബ്ദരാക്കാന്‍ കഴിയില്ല. കേന്ദ്ര ഏജന്‍സികളെ ഭയമില്ല. ഇന്ന് എന്റെ സഹോദരന് അവര്‍ സമന്‍സയച്ചു. നാളെ എനിക്കും സമന്‍സ് വരും. ഞാന്‍ എന്തും നേരിടാന്‍ തയ്യാറാണ്. ജയിലില്‍ പോകാനും തയ്യാര്‍. മമത പറഞ്ഞു.

രാജ്യത്തെ പ്രധാനപ്പെട്ട സ്ഥാപനങ്ങളെല്ലാം ഭരിക്കുന്നത് വിരമിച്ച ഉദ്യോഗസ്ഥരാണെന്ന് മമത ആരോപിച്ചു. അവര്‍ കേന്ദ്രസര്‍ക്കാരിന്റെ ആജ്ഞാനുവര്‍ത്തികളായാണ് പ്രവര്‍ത്തിക്കുന്നത്. അവരില്‍ ഒരാള്‍ക്കുപോലും ജനങ്ങളോട് യാതൊരു പ്രതിബദ്ധതയുമില്ലെന്നും മമത ബാനര്‍ജി ആരോപിച്ചു.

Similar News