കോഴിക്കോട് 70 ലക്ഷം രൂപയുടെ ലഹരി വസ്തുക്കളുമായി യുവാവ് പിടിയില്‍

Update: 2022-03-19 07:28 GMT

കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ സ്‌കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് വില്‍പ്പന നടത്താന്‍ തയ്യാറാക്കി വെച്ച 70 ലക്ഷം രൂപയുടെ ലഹരി വസ്തുക്കള്‍ പിടികൂടി. മാങ്കാവ് സ്വദേശിയായ ഫസലുദ്ദീന്റെ (36) വീട്ടില്‍ നിന്നാണ് വിലപിടിപ്പുള്ള ലഹരി വസ്തുക്കള്‍ പിടികൂടിയത്. ഹാഷിഷ് ഓയില്‍, കൊക്കൈയിന്‍, ലഹരി ഗുളികള്‍ എന്നിവയാണ് പിടിച്ചെടുത്തത്. 83 എല്‍എസ്ഡി സ്റ്റാമ്പുകളും പിടിച്ചെടുത്തിട്ടുണ്ട്.

പിടിയിലായ ഫസലുദ്ദീന്‍ ഇതിന് മുമ്പും ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയതിന്റെ പേരില്‍ ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. ബാംഗളൂരില്‍ നിന്നാണ് പ്രധാനമായും ലഹരി വസ്തുക്കള്‍ ഇയാള്‍ എത്തിക്കുന്നത്. കീഴില്‍ നിരവധി ഏജന്റ് മാരെ വെച്ച് കൊണ്ടാണ് കോഴിക്കോട് നഗരത്തില്‍ വില്‍പ്പന നടത്തുന്നത്. ഇയാളെ വടകര നാര്‍ക്കോട്ടിക് കോടതിയില്‍ ഹാജരാക്കി 14 ദിവസം റിമാന്റ് ചെയ്തു.

കഴിഞ്ഞ ദിവസം കോഴിക്കോട് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വില്‍പ്പനയ്ക്കായി കൊണ്ടുവന്ന നാല് കിലോഗ്രാം കഞ്ചാവുമായി രണ്ട് പേരെ പോലിസ് പിടികൂടിയിരുന്നു.തമിഴ്‌നാട് കുഡ്ഡലോര്‍ സ്വദേശി മുരുകന്‍ , കോഴിക്കോട് സൗത്ത് ബീച്ച് സ്വദേശി മജീദ് എന്ന സൊറോണി മജീദ് എന്നിവരാണ് ഡന്‍സാഫും എലത്തൂര്‍ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ പിടിയിലായത്. പൂളാടിക്കുന്ന് ജംക്ഷന് സമീപത്ത് വെച്ചാണ് ഇവരെ നാല് കിലോ കഞ്ചാവ് സഹിതം പോലിസ് പിടികൂടിയത്.

Tags:    

Similar News