കാണാനില്ലെന്ന് യൂത്ത് കോണ്‍ഗ്രസിന്റെ പരാതി; ആഫ്രിക്കയിലാണെന്ന് പി വി അന്‍വര്‍ എംഎല്‍എ
താന്‍ പൊതുപ്രവര്‍ത്തകന്‍ എന്നതിനൊപ്പം ഒരു വ്യവസായി കൂടിയാണെന്നും ബിസിനസ് ആവശ്യാര്‍ത്ഥം ഇപ്പോള്‍ ആഫ്രിക്കയിലാണെന്നും എംഎല്‍എ തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
മലപ്പുറം: കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരാതി നല്‍കിയ പശ്ചാത്തലത്തില്‍ വിശദീകരണവുമായി നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍. താന്‍ പൊതുപ്രവര്‍ത്തകന്‍ എന്നതിനൊപ്പം ഒരു വ്യവസായി കൂടിയാണെന്നും ബിസിനസ് ആവശ്യാര്‍ത്ഥം ഇപ്പോള്‍ ആഫ്രിക്കയിലാണെന്നും എംഎല്‍എ തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
രാഷ്ട്രീയ പ്രവര്‍ത്തനമല്ല തന്റെ വരുമാനമാര്‍ഗം. അലവന്‍സിനേക്കാള്‍ അധികം ഓരോ മാസവും ചെലവ് വരുന്നുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിലെ തിരക്കിന് ശേഷം ബിസിനസ് ആവശ്യത്തിനാണ് വിദേശത്തേക്കു വന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പി വി അന്‍വറിനെ കാണ്മാനില്ലെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കഴിഞ്ഞ ആഴ്ച നിലമ്പൂര്‍ പോലിസില്‍ പരാതി നല്‍കിയിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
'പി വി അന്‍വറിനെ കാണ്മാനില്ല' എന്ന പരാതിയുമായി ഊത്ത് കോണ്‍ഗ്രസുകാര്‍ പോലീസ് സ്‌റ്റേഷനില്‍ പോയത്രേ..
കഴിഞ്ഞ ദിവസങ്ങളില്‍ ചില ചാനലുകളുടെ സഹായത്തോടേ ചിലര്‍ ആഘോഷിച്ച വാര്‍ത്തയാണിത്..
ആദ്യം തന്നെ പറഞ്ഞുകൊള്ളട്ടേ..
നിങ്ങള്‍ക്ക് ഏവര്‍ക്കും അറിയുന്നത് പോലെ ജനപ്രതിനിധി എന്നതിനൊപ്പം ഒരു ബിസിനസ്സുകാരന്‍ കൂടിയാണീ പി വി അന്‍വര്‍. രാഷ്ട്രീയ പ്രവര്‍ത്തനമല്ല എന്റെ വരുമാനമാര്‍ഗ്ഗം. നിയമസഭാ അംഗം എന്ന നിലയില്‍ ലഭിക്കുന്ന അലവന്‍സിനേക്കാള്‍ എത്രയോ അധികം തുക ഓരോ മാസങ്ങളിലും ചിലവഴിക്കേണ്ടി വരുന്നുണ്ട് എന്ന് എന്നെ വ്യക്തിപരമായി അടുത്തറിയുന്നവര്‍ക്കൊക്കെ കൃത്യമായി അറിയാം.
ഈ തദ്ദേശസ്വയ ഭരണ തിരഞ്ഞെടുപ്പിന്റെ തിരക്കുകള്‍ക്ക് ശേഷം ബിസിനസ് ആവശ്യത്തിനായി വിദേശത്ത് പോകേണ്ടി വന്നു. നിലവില്‍ ആഫ്രിക്കയിലാണുള്ളത്. ബജറ്റ് സമ്മേളനത്തിനായി ഈ മാസം 12നു തിരിച്ച് വരാന്‍ തയ്യാറെടുക്കവെ കൊവിഡ് പോസിറ്റീവായി. തുടര്‍ന്ന് സഭയിലെത്താന്‍ കഴിഞ്ഞില്ല. എങ്കിലും അര്‍ഹമായ പരിഗണന ബജറ്റില്‍ നിലമ്പൂര്‍ മണ്ഡലത്തിനായി ലഭിച്ചിട്ടുമുണ്ട്. ഈ വിവരം കൃത്യമായി സിപിഎമ്മിന്റെ പാര്‍ലമെന്ററി പാര്‍ട്ടി ഓഫിസ് സെക്രട്ടറിയെ രേഖാമൂലം അറിയിക്കുകയും ചെയ്തിരുന്നു.
അന്‍വര്‍ സ്ഥലത്തില്ലാത്തതിനാല്‍ നിലമ്പൂരില്‍ ഒന്നും നടക്കുന്നില്ല എന്നാണല്ലോ പരാതി. നിയമസഭാ അംഗമായി നിലമ്പൂരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട നിമിഷം മുതല്‍ ജനങ്ങള്‍ ഏല്‍പ്പിച്ച ഉത്തരവാദിത്വത്തെ കുറിച്ച് കൃത്യമായ ധാരണയുണ്ട്.അതിന്റെ ഭാഗമായി എല്ലാ ദിവസങ്ങളിലും പ്രവര്‍ത്തിക്കുന്ന ഓഫിസും നിലമ്പൂര്‍ ടൗണിലുണ്ട്. അഡീഷണല്‍ െ്രെപവറ്റ് സെക്രട്ടറിയായ സജീവിന്റെ മേല്‍നോട്ടത്തില്‍, ജനങ്ങളുടെ എന്ത് പ്രശ്‌നങ്ങള്‍ക്കും പരിഹാരവുമായി ഓഫീസ് പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ തന്നെ മുന്‍പോട്ട് പോകുന്നുണ്ട്.
എന്റെ പ്രൈവറ്റ് സെക്രട്ടറിയായ സക്കരിയ തിരുവനന്തപുരത്ത് എംഎല്‍എ ഹോസ്റ്റല്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നു. എല്ലാ ദിവസങ്ങളിലും വിവിധ ആവശ്യങ്ങളുമായി തലസ്ഥാനത്ത് എത്തുന്ന നിരവധി ആളുകളുണ്ട്. അവരുടെ ആവശ്യങ്ങള്‍ക്കെല്ലാം തന്നെ വേണ്ട സഹായങ്ങള്‍ സക്കരിയ കൃത്യമായി ചെയ്ത് നല്‍കാറുണ്ട്. കൂടാതെ വിവിധ വകുപ്പുകളിലെ ആവശ്യങ്ങളുമായി ബന്ധപ്പെട്ടുള്ള ഫയലുകളും കൃത്യമായി ഇദ്ദേഹം അവിടെ ക്യാമ്പ് ചെയ്ത് ഫോളോ അപ്പ് ചെയ്യുന്നുണ്ട്. തികച്ചും പ്രൊഫഷണലായ രീതിയില്‍ തന്നെയാണു നിലമ്പൂര്‍ എം.എല്‍.എയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ജനങ്ങളുടെ ഒരാവശ്യങ്ങള്‍ക്കും ഇന്ന് വരെ ബുദ്ധിമുട്ടുണ്ടായിട്ടില്ല എന്ന് തന്നെ വിശ്വസിക്കുന്നു. ഇക്കാര്യത്തില്‍ അനുഭവസ്ഥരായ നൂറുകണക്കിനാളുകള്‍ നിലമ്പൂരിലുണ്ട്.
2016-2021 കാലയളവില്‍ സമാനതകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുള്ള മണ്ഡലങ്ങളില്‍ ഒന്നാണു നിലമ്പൂര്‍. ഏതാണ്ട് 600 കോടിയില്‍ പരം രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കാന്‍ ഈ കാലയളവില്‍ കഴിഞ്ഞിട്ടുണ്ട്. വെറുതെ പറഞ്ഞ് പോവുകയോ ഡയറിയിലെ കണക്ക് ഉദ്ധരിക്കുകയോ അല്ല, മറിച്ച് വരും ദിവസങ്ങളില്‍ ഓരോ വികസനപദ്ധതികളും എണ്ണിയെണ്ണി പറഞ്ഞ് തന്നെ എന്നെ തിരഞ്ഞെടുത്ത ജനതയെ ബോധിപ്പിക്കുകയും ചെയ്യും.
ഒരു മാസം പോയിട്ട്, വര്‍ഷത്തില്‍ നാലോ അഞ്ചോ ദിവസങ്ങളില്‍ മാത്രമെത്തി മണ്ഡലത്തില്‍ ഓട്ടപ്രദക്ഷിണം നടത്തി പോകുന്ന ജനപ്രതിനിധികളെ എനിക്കറിയാം. അതിനെ കുറിച്ചൊന്നും കൂടുതല്‍ പറയുന്നില്ല.
എന്നെ ജനം ഏല്‍പ്പിച്ച ഉത്തരവാദിത്വത്തെ കുറിച്ച് കൃത്യമായ ബോധ്യമുണ്ട്. അത് കൊണ്ട് തന്നെ, കഴിഞ്ഞ ഇരുപത് വര്‍ഷത്തില്‍ നടന്നതിനേക്കാള്‍ കൂടുതല്‍ വികസനപ്രവര്‍ത്തനങ്ങള്‍ അഞ്ച് വര്‍ഷമെന്ന കാലയളവ് കൊണ്ട് മണ്ഡലത്തില്‍ നടപ്പിലാക്കിയിട്ടുണ്ട്.
പരാതിക്കാരുടെ അടിത്തറ തകര്‍ന്ന് തരിപ്പണമായിട്ടുണ്ട്.'ആനയ്ക്ക് നെറ്റിപ്പട്ടം' എന്ന പോലെ കൊണ്ട് നടന്ന നിലമ്പൂര്‍ നഗരസഭയില്‍ നിന്ന് ജനങ്ങള്‍ ഇവരെ തൂത്തുവാരി കുപ്പതൊട്ടിയിലേക്ക് എറിഞ്ഞിട്ടുണ്ട്. അതിന്റെ വിഷമം ഇങ്ങനെ കരഞ്ഞുതീര്‍ക്കുന്നു എന്ന് മാത്രം!
ഇതൊക്കെ വാര്‍ത്തയാക്കുന്ന മാധ്യമങ്ങളോട് ഒന്നും പറയാനില്ല. വര്‍ഷത്തില്‍ ഒരിക്കല്‍ മണ്ഡലത്തില്‍ എത്തി 'ബേക്കറിയിലെ ചില്ലലമാരികളില്‍'കൈയ്യിടുന്ന വാര്‍ത്ത എഴുതി പൊലിപ്പിക്കുന്ന തിരക്കിലാണിവര്‍. പ്രത്യേകിച്ച് ഏഷ്യാനെറ്റ്. അവരുടെ റിപ്പോര്‍ട്ടിംഗിലുള്ള മറ്റ് ചില ചേതോവികാരങ്ങള്‍ നിലമ്പൂരിലെ ജനങ്ങള്‍ക്ക് മനസ്സിലാകും.
"പി വി അൻവറിനെ കാണ്മാനില്ല"എന്ന പരാതിയുമായി ഊത്ത് കോൺഗ്രസുകാർ പോലീസ് സ്റ്റേഷനിൽ പോയത്രേ..
കഴിഞ്ഞ ദിവസങ്ങളിൽ ചില...
Posted by PV ANVAR on Thursday, 28 January 2021