സുള്ള്യയിലെ യുവമോര്‍ച്ചാ നേതാവിന്റെ കൊലപാതകം; അന്വേഷണം എന്‍ഐഎക്ക് വിട്ടു
പ്രവീണ്‍ നെട്ടാരുവിന്റെ കൊലപാതകം നടന്നതിന് പിന്നാലെ കേസ് എന്‍ഐഎ അന്വേഷിക്കണമെന്ന് ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.
ബംഗളൂരു: സുള്ള്യയിലെ യുവമോര്‍ച്ചാ നേതാവ് പ്രവീണ്‍ നെട്ടാരുവിന്റെ കൊലപാതകം എന്‍ഐഎ അന്വേഷിക്കും. കേസിന്റെ ഗൗരവസ്വഭാവം കണക്കിലെടുത്താണ് തീരുമാനമെന്ന് മുഖ്യമന്ത്രി ബസവ് രാജ് ബൊമ്മൈ പറഞ്ഞു. കൊലപാതകത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ കര്‍ണാടകയിലെത്തി ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്റെ സൂചന ലഭിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
ഈ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് സംസ്ഥാനങ്ങളിലാണ് ഗൂഢാലോചന നടന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ സംസ്ഥാനങ്ങള്‍ ഏതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടില്ല. പ്രവീണ്‍ നെട്ടാരുവിന്റെ കൊലപാതകം നടന്നതിന് പിന്നാലെ കേസ് എന്‍ഐഎ അന്വേഷിക്കണമെന്ന് ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. കേന്ദ്രമന്ത്രി ശോഭ കരന്തലജെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തുനല്‍കുകയും ചെയ്തു. കൊലപാതകത്തിന് പിന്നില്‍ തീവ്രവാദബന്ധമുള്ള സംഘടനകളാണെന്നും കത്തില്‍ പറയുന്നു.
യുവമോര്‍ച്ച ദക്ഷിണ കന്നഡ ജില്ലാ എക്‌സിക്യുട്ടിവ് അംഗം പ്രവീണ്‍ നെട്ടാരുവിനെ ചൊവ്വാഴ്ച രാത്രിയാണ് സുള്ള്യക്കടുത്ത ബെല്ലാരെയില്‍ ബൈക്കിലെത്തിയ സംഘം വെട്ടിക്കൊന്നത്. കേരള രജിസ്‌ട്രേഷനിലുള്ള ബൈക്കിലാണ് അക്രമിസംഘം എത്തിയതെന്നാണ് പോലിസ് പറയുന്നത്. ഇതോടെ കേരളത്തിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കാസര്‍കോട്, കണ്ണൂര്‍ ജില്ലകള്‍ കേന്ദ്രീകരിച്ചാണ് കേരളത്തില്‍ അന്വേഷണം നടക്കുന്നത്.
ബെല്ലാരെയിലെ അക്ഷയ പൗള്‍ട്രി ഫാം ഉടമയായ പ്രവീണ്‍ ചൊവ്വാഴ്ച രാത്രി ഒന്‍പതു മണിയോടെ ഫാം അടച്ച് വീട്ടിലേക്ക് പോകാനൊരുങ്ങുന്നതിനിടെയാണ് കൊല്ലപ്പെട്ടത്. കടയുടെ ഷട്ടര്‍ താഴ്ത്തിക്കൊണ്ടിരിക്കവെ ബൈക്കിലെത്തിയ രണ്ടു പേര്‍ ആയുധങ്ങളുപയോഗിച്ച് ആക്രമിക്കുകയായിരുന്നു. കഴുത്തിന് ആഴത്തില്‍ വെട്ടേറ്റ പ്രവീണ്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരിച്ചു.