സൈനുല്‍ ആബിദിന്റേത് ഉള്‍പ്പെടെ നിരവധി കൊലക്കേസുകളില്‍ പ്രതിയായ ആര്‍എസ്എസ്സുകാരന്‍ തൂങ്ങിമരിച്ചു
. ചൊവ്വാഴ്ച പുലര്‍ച്ചെ നാലോടെ അണങ്കൂര്‍ ജെപി നഗറിലെ വീട്ടിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഉടന്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു
കാസര്‍കോട്: എസ്ഡിപിഐ പ്രവര്‍ത്തകന്‍ നുസ്രത്ത് നഗറിലെ സൈനുല്‍ ആബിദിനെകുത്തിക്കൊലപ്പെടുത്തിയതുള്‍പ്പെടെ നിരവധി കൊലക്കേസുകളില്‍ പ്രതിയായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ജ്യോതിഷിനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ച പുലര്‍ച്ചെ നാലോടെ അണങ്കൂര്‍ ജെപി നഗറിലെ വീട്ടിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഉടന്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. 2014 ഡിസംബര്‍ 22ന് രാത്രി തളങ്കര നുസ്രത്ത് നഗറിലെ സൈനുല്‍ ആബിദിനെ കാസര്‍കോട് നഗരത്തിലെ കടയില്‍ കയറി ജ്യോതിഷ് ഉള്‍പ്പെടെയുള്ള സംഘം വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്.
സൈനുല്‍ ആബിദിന്റെ പിതാവ് കെഎ മുഹമ്മദ് കുഞ്ഞിയുടെ ഉടമസ്ഥതയിലുള്ള കട അടക്കാനായി സാധനങ്ങള്‍ അടുക്കിവെക്കുന്നതിനിടെ രാത്രി പത്തു മണിയോടെ കടയിലെത്തിയ അക്രമികള്‍ പിതാവിന്റെ മുന്നിലിട്ട് കുത്തുകയായിരുന്നു.
കാസര്‍ഗോട്ടെ സ്വകാര്യ ആശുപത്രിയില്‍ നിന്നും പ്രാഥമിക ശ്രുശ്രൂഷ നല്‍കിയ ശേഷം നില ഗുരുതരമായതിനാല്‍ മംഗളൂരുവിലേക്ക് കൊണ്ടു പോകും വഴിയാണ് മരണം സംഭവിച്ചത്.
ആബിദ് വധക്കേസ് ഉള്‍പ്പെടെ പ്രമാദമായ നിരവധി കേസുകളിലടക്കം പ്രതിയായിരുന്ന ജ്യോതിഷിനെ മാസങ്ങള്‍ക്ക് മുമ്പ് ഗുണ്ടാ ലിസ്റ്റില്‍ പെടുത്തി ജില്ലാ പോലിസ് കാപ്പ ചുമത്തിയിരുന്നു.മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ഭാര്യയും രണ്ടു കുട്ടികളുമുണ്ട്.
കഴിഞ്ഞ ദിവസം ആബിദ് വധക്കേസിലെ മറ്റൊരു പ്രതിയായ പ്രശാന്ത് നെല്‍ക്കള (28) യ്ക്ക് കുത്തേറ്റിരുന്നു. ആബിദ് വധകേസിലെ കൂട്ടുപ്രതിയായിരുന്ന മഹേഷ് ബട്ടംപാറ (27)യാണ് പ്രശാന്തിനെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. ഇയാളെ കാസര്‍കോട് ടൗണ്‍ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.