തങ്കപ്പന്‍ നായര്‍
കൊല്‍ക്കത്ത നഗരത്തിന് ഒരു ചരിത്രകാരനുണ്ട്- മലയാളിയായ പി തങ്കപ്പന്‍ നായര്‍. കല്‍ക്കത്തയെക്കുറിച്ച് അദ്ദേഹം എഴുതിയ 62ാമത്തെ പുസ്തകമായ ‘ഗാന്ധിജി ഇന്‍ കൊല്‍ക്കത്ത’ അടുത്തു നടക്കാനിരിക്കുന്ന കൊല്‍ക്കത്ത പുസ്തകോല്‍സവത്തില്‍ പുറത്തുവരും.
കൊല്‍ക്കത്ത നഗരത്തിന് ഒരു ചരിത്രകാരനുണ്ട്- മലയാളിയായ പി തങ്കപ്പന്‍ നായര്‍. കല്‍ക്കത്തയെക്കുറിച്ച് അദ്ദേഹം എഴുതിയ 62ാമത്തെ പുസ്തകമായ 'ഗാന്ധിജി ഇന്‍ കൊല്‍ക്കത്ത' അടുത്തു നടക്കാനിരിക്കുന്ന കൊല്‍ക്കത്ത പുസ്തകോല്‍സവത്തില്‍ പുറത്തുവരും. അപ്പോഴേക്കും അദ്ദേഹം നഗരത്തില്‍ നിന്നു സ്വന്തം നാടായ കേരളത്തിലേക്കു താമസം മാറ്റിക്കഴിഞ്ഞുമിരിക്കും.
1955 ഒക്ടോബര്‍ 25നാണ് തങ്കപ്പന്‍ നായര്‍ തൊഴില്‍ അന്വേഷിച്ച് കൊല്‍ക്കത്തയില്‍ എത്തുന്നത്. പല ജോലികളും ചെയ്തുകൊണ്ടുള്ള ജീവിതത്തിനിടയില്‍ അദ്ദേഹം നഗരത്തിന്റെ ചരിത്രവും സംസ്‌കാരവും പഠിച്ചു. അതേപ്പറ്റി പുസ്തകങ്ങള്‍ എഴുതി. സ്വന്തം പുസ്തകങ്ങളുടെ പേരു പോലും ഇപ്പോള്‍ 88ാം വയസ്സില്‍ എത്തിനില്‍ക്കുന്ന തങ്കപ്പന്‍ നായര്‍ക്കു കൃത്യമായി ഓര്‍മയില്ല. നഗരം വിട്ടുപോകാന്‍ അദ്ദേഹത്തിനു താല്‍പര്യവുമില്ല. കുടുംബാംഗങ്ങളുടെ നിര്‍ബന്ധം മൂലം മാത്രമാണ് ഈ പറിച്ചുനടല്‍.
തങ്കപ്പന്‍ നായരെ പോലെത്തന്നെ കൊല്‍ക്കത്തയുടെ സാഹിത്യ-സാംസ്‌കാരിക രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച മറ്റൊരു മലയാളിയുമുണ്ട്. പരേതനായ ജി വിക്രമന്‍ നായര്‍. ആനന്ദബസാര്‍ പത്രികയില്‍ പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം ഇന്ത്യയിലെ അറിയപ്പെട്ട ബംഗാളി പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായിരുന്നു. ബംഗാളി ഭാഷയുടെ പ്രയോഗരൂപങ്ങളിലും വ്യാകരണത്തിലും അവസാനവാക്കായിരുന്നു ഈ മലയാളി എന്നുകൂടി ഓര്‍ക്കണം.