5 ജി സ്‌പെക്ട്രം ലേലം: ആദ്യദിനം പൂര്‍ത്തിയായി; വിളിച്ചത് 1.45 ലക്ഷം കോടിക്ക് മുകളില്‍
ന്യൂഡല്‍ഹി: 5 ജി സ്‌പെക്ട്രം ലേലത്തിന്റെ ആദ്യദിനത്തില്‍ നാല് റൗണ്ട് ലേലം നടന്നു. 4.3 ലക്ഷം കോടി രൂപ മൂല്യമുള്ള 72 ജിഗാഹെര്‍ട്‌സ് 5 ജി സ്‌പെക്ട്രം പരിധിയാണ് ലേലത്തിന് വച്ചത്. മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ജിയോ, സുനില്‍ ഭാരതി മിത്തലിന്റെ ഭാരതി എയര്‍ടെല്‍, ഗൗതം അദാനിയുടെ അദാനി എന്റര്‍പ്രൈസസ്, വോഡഫോണ്‍ ഐഡിയ തുടങ്ങിയ നാല് സ്ഥാപനങ്ങളും ലേലത്തില്‍ സജീവമായി പങ്കെടുത്തു. നാല് ലേലം റൗണ്ടുകള്‍ പൂര്‍ത്തിയായപ്പോള്‍ ലേലത്തുക 1.45 ലക്ഷം കോടി കടന്നതായി ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
3300 മെഗാഹെര്‍ട്‌സ്, 26 ഗിഗാഹെര്‍ട്‌സ് മിഡ്, ഹൈ എന്‍ഡ് ബാന്‍ഡുകള്‍ക്ക് വേണ്ടിയാണ് ശക്തമായ മല്‍സരമുണ്ടായതെന്നും കമ്പനികളെല്ലാം ശക്തമായാണ് പങ്കെടുക്കുന്നത്. ആരോഗ്യകരമായ പങ്കാളിത്തമായിരുന്നു. സര്‍ക്കാര്‍ സമയബന്ധിതമായി സ്‌പെക്ട്രം വിതരണം ചെയ്യും. സപ്തംബറോടുകടി 5 ജി സേവനങ്ങള്‍ ആരംഭിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആഗസ്ത് 14 ഓടുകൂടി സ്‌പെക്ട്രം അനുവദിക്കാനാണ് ലക്ഷ്യമിടുന്നത്- മന്ത്രി വ്യക്തമാക്കി. സ്‌പെക്ട്രത്തിനുള്ള ആവശ്യകത അനുസരിച്ചായിരിക്കും ലേലം എത്രനാള്‍ നീണ്ടുനില്‍ക്കുമെന്ന് പറയാന്‍ കഴിയൂ. എങ്കിലും രണ്ടുദിവസം കൊണ്ട് ലേലം പൂര്‍ത്തിയാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ലേല നടപടികള്‍ രാവിലെ 10 മണിക്ക് ആരംഭിച്ച് വൈകുന്നേരം 6 മണി വരെ നീണ്ടുനിന്നു. ലേലത്തില്‍ നിന്ന് 70,000 കോടി മുതല്‍ 1 ലക്ഷം കോടി വരെയാണ് കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ലേലത്തില്‍ പങ്കെടുക്കുന്നവരുടെ വിളികള്‍ കൂടുന്നത് അനുസരിച്ച് ലേലം ദിവസങ്ങള്‍ എടുക്കാം. ലേലത്തില്‍ ഒരു കമ്പനിക്ക് ലേലം വിളിക്കാന്‍ സാധ്യതയുള്ള സ്‌പെട്രത്തിന്റെ അളവിന്റെ പ്രതിഫലനമാണ് അവര്‍ കെട്ടിവയ്ക്കുന്ന ഏണസ്റ്റ് മണി ഡെപ്പോസിറ്റ്. ഇത്തവണ 5ജി ലേലത്തില്‍ പങ്കെടുക്കുന്ന നാല് കമ്പനികള്‍ ഇഎംഡി തുക ഇതുവരെ കെട്ടിവച്ചത് 21,800 കോടി രൂപയാണ്.
മത്സരത്തില്‍ ഉണ്ടായിരുന്ന 2021 ലെ ലേലത്തില്‍ നിക്ഷേപിച്ച 13,475 കോടിയേക്കാള്‍ ഉയര്‍ന്ന തുകയാണ് ഇത്. ജൂലൈ 18 ന് ടെലികോം മന്ത്രാലയം പുറത്തുവിട്ട വിവരങ്ങള്‍ അനുസരിച്ച്, റിലയന്‍സ് ജിയോ 14,000 കോടി രൂപയുടെ ഇഎംഡി സമര്‍പ്പിച്ചു. ഇത് സ്‌പെക്ട്രത്തിനായി മത്സരിക്കുന്ന നാല് കമ്പനികളില്‍ ഏറ്റവും ഉയര്‍ന്നതാണ്. അദാനിയുടെ 100 കോടി ഇഎംഡി ഏറ്റവും കുറവാണ്. ഇതിലൂടെ അദാനി വളരെ ചെറിയ അളവ് സ്‌പെക്ട്രം മാത്രമേ വാങ്ങുകയുള്ളൂ എന്നാണ് സൂചന.