രാജ്യത്ത് അഞ്ചാം തലമുറ (5 ജി) ടെലികോം സേവനങ്ങള്‍ ലഭ്യമാക്കാനായി 5 ജി സ്‌പെക്ട്രം ലേലത്തിന് ജൂലൈ 26ന് ചൊവ്വാഴ്ച തുടക്കമാവും. 4 ജിയെക്കാള്‍ പത്തിരട്ടി വേഗമുള്ളതും 3 ജിയേക്കാള്‍ 30 മടങ്ങ് വേഗമുള്ളതുമാണ് 5 ജി. 20 വര്‍ഷത്തേക്കാണ് സ്‌പെക്ട്രം നല്‍കുന്നത്. വൊഡഫോണ്‍ ഐഡിയ, ഭാരതി എയര്‍ടെല്‍, രാജ്യത്തെ പ്രമുഖ ടെലികോം വ്യവസായി മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ എന്നീ കമ്പനികള്‍ ലേലത്തില്‍ പങ്കെടുക്കും. ഈ കമ്പനികളാണ് നിലവില്‍ രാജ്യത്ത് ടെലികോം ബിസിനസിലുള്ളത്.
എന്നാല്‍, നാലാമതായി ഒരാള്‍ കൂടി ലേലത്തില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. രാജ്യത്തെ ഊര്‍ജ, തുറമുഖ മേഖലകളിലെ അതികായന്‍ ഗൗതം അദാനി. അദാനി ഡാറ്റാ നെറ്റ്‌വര്‍ക്ക് ലിമിറ്റഡും ലേലത്തില്‍ പങ്കെടുക്കും. ഈ മേഖലയിലേക്കുള്ള അദാനിയുടെ കടന്നുവരവിനെ ബിസിനസ് ലോകം ഉറ്റുനോക്കുകയാണ്. ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ലേലപ്രക്രിയ വൈകുന്നേരം 6 മണി വരെ നീളും.
ലേലം നേടുന്നവര്‍ക്ക് സ്‌പെക്ട്രം ഉപയോഗിക്കാനുള്ള ലൈസന്‍സ് അവകാശം 20 വര്‍ഷത്തിലേക്കായിരിക്കും ലഭിക്കുക. കുറഞ്ഞത് 4.3 ലക്ഷം കോടി രൂപ വിലമതിക്കുന്ന 72,097.85 മെഗാഹെര്‍ഡ്‌സ് സ്‌പെക്ട്രമാണ് ലേലത്തിലുണ്ടാവുക. 600 മെഗാഹെര്‍ഡ്‌സ്, 700 മെഗാഹെഡ്‌സ്, 800 മെഗാഹെഡ്‌സ്, 900 മെഗാഹെഡ്‌സ്, 2100 മെഗാഹെഡ്‌സ്, 2300 മെഗാഹെഡ്‌സ്, 2500 മെഗാഹെഡ്‌സ്, 3300 മെഗാഹെഡ്‌സ്, 26 ജിഗാഹെഡ്‌സില്‍ സ്‌പെക്ട്രം ഉപയോഗിക്കുന്നതിനുള്ള ലൈസന്‍സിനായാണ് ലേലം നടക്കുന്നത്.
സ്‌പെക്ട്രത്തിന്റെ അടിസ്ഥാനവില 90 ശതമാനമെങ്കിലും കുറയ്ക്കണമെന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആവശ്യം അംഗീകരിച്ചിട്ടില്ല. എന്നാല്‍, ലേലക്കാരെ ആകര്‍ഷിക്കാന്‍ പേയ്‌മെന്റ് നിബന്ധനകളില്‍ ഇളവ് വരുത്തിയിട്ടുണ്ട്. സ്‌പെക്ട്രത്തിന് മുന്‍കൂര്‍ പണം അടയ്‌ക്കേണ്ട. 20 തവണയായി അടയ്ക്കാം. 10 വര്‍ഷം കഴിയുമ്പോള്‍ ആവശ്യമെങ്കില്‍ സ്‌പെക്ട്രം മടക്കിനല്‍കാം. ശേഷിക്കുന്ന തവണകളുടെ കാര്യത്തില്‍ ബാധ്യതയുണ്ടാവില്ല.
ഇന്ത്യയില്‍ തുടക്കത്തില്‍ 13 നഗരത്തിലാവും 5 ജി സേവനം ലഭ്യമാവുക. തുടക്കത്തില്‍ കേരളമില്ല. ഗുജറാത്തിലെ അഹമ്മദാബാദിലും ജാംനഗറിലും ഗാന്ധിനഗറിലും ആദ്യംതന്നെ ലഭ്യമാവും. ബംഗളൂരു, ഛണ്ഡീഗഢ്, ഡല്‍ഹി, ഹൈദരാബാദ്, പുണെ, ലഖ്‌നോ, മുംബൈ, കൊല്‍ക്കത്ത നഗരങ്ങളും പട്ടികയിലുണ്ട്. ലേലപ്രക്രിയയും മറ്റും പ്രതീക്ഷിച്ച നിലയില്‍ പുരോഗമിച്ചാല്‍ സപ്തംബറോടെ 5 ജി സേവനം ലഭിച്ചുതുടങ്ങും. സെക്ടര്‍ റെഗുലേറ്റര്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ശുപാര്‍ശ ചെയ്ത കരുതല്‍ വിലയില്‍ 5 ജി ലേലത്തിന് കഴിഞ്ഞ മാസമാണ് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയത്.