വിദേശ നിക്ഷേപ നിയമങ്ങള്‍ ലംഘിച്ചതിന് പിഴ; നോട്ടീസ് അയച്ച ഇഡിക്കെതിരേ ഫ്‌ളിപ്കാര്‍ട്ട് കോടതിയില്‍
ന്യൂഡല്‍ഹി: വിദേശ നിക്ഷേപ നിയമങ്ങള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി നോട്ടീയ് അയച്ച എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരേ കോടതിയെ സമീപിച്ച് ഇ- കൊമേഴ്‌സ് ഭീമനായ ഫ്‌ളിപ്കാര്‍ട്ട്. 2009- 2015 കാലയളവില്‍ വിദേശ നിക്ഷേപ നിയമം ലംഘിച്ചതിന് 1.35 ബില്യന്‍ ഡോളര്‍ പിഴയടയ്ക്കാതിരിക്കാന്‍ എന്തെങ്കിലും കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കണമെന്ന് ആരാഞ്ഞ് ഫ്‌ളിപ്കാര്‍ട്ടിനും അതിന്റെ ചില നിക്ഷേപകര്‍ക്കുമെതിരേ ജൂലൈയില്‍ ഇഡി ഷോക്കോസ് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരേയാണ് ഫ്‌ളിപ്കാര്‍ട്ടിന്റെ സഹസ്ഥാപകനായ സച്ചിന്‍ ബന്‍സാല്‍ കോടതിയെ സമീപിച്ചത്.
ഏജന്‍സിയുടെ നോട്ടീസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സച്ചിന്‍ ബന്‍സാല്‍ തമിഴ്‌നാട്ടിലെ ഒരു കോടതിയെ സമീപിച്ചതായി കോടതി രേഖകളും മാധ്യമറിപോര്‍ട്ടുകളും വ്യക്തമാക്കുന്നു. ജഡ്ജി ആര്‍ മഹാദേവന്‍ വെള്ളിയാഴ്ച ഹരജി കേള്‍ക്കുകയും ഇഡിയോട് വിശദീകരണം തേടുകയും ചെയ്തിട്ടുണ്ട്. നോട്ടീസ് ലഭിച്ച വാര്‍ത്ത സംബന്ധിച്ച് പ്രതികരിക്കാന്‍ സച്ചിന്‍ ബന്‍സാലും ഫ്‌ളിപ്കാര്‍ട്ടും തയ്യാറായിട്ടില്ല. ഇന്ത്യന്‍ നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും അനുസൃതമായാണ് ഫ്‌ളിപ്കാര്‍ട്ട് മുന്നോട്ടുപോവുന്നതെന്നും അതോറിറ്റിയുമായി സഹകരിക്കുമെന്നുമാണ് ബന്‍സാല്‍ മുമ്പ് പറഞ്ഞിരുന്നത്.
മള്‍ട്ടിബ്രാന്‍ഡ് റീട്ടെയില്‍ കര്‍ശനമായി നിയന്ത്രിക്കാന്‍ ഫ്‌ളിപ്കാര്‍ട്ട്, ആമസോണ്‍ തുടങ്ങിയ ഇ- കൊമേഴ്‌സ് ഭീമന്‍മാര്‍ വിദേശ നിക്ഷേപ നിയമം ലംഘിക്കുന്നുണ്ടോ എന്ന് ഇഡി നേരത്തെ മുതല്‍ നിരീക്ഷിച്ചുവരുന്നുണ്ട്. 2018ല്‍ ഫ്‌ളിപ്കാര്‍ട്ടിന്റെ ഭൂരിഭാഗം ഓഹരികളും 16 ബില്യന്‍ ഡോളറിന് വാള്‍മാര്‍ട്ടിന് വില്‍ക്കുകയും കോ ഫൗണ്ടറായ ബിന്നി ബന്‍സാല്‍ കമ്പനി വിടുകയും ചെയ്തിരുന്നു. സഹസ്ഥാപകനായ ബിന്നി ബന്‍സാല്‍ ഒരു ചെറിയ ഓഹരി മാത്രമാണ് നിലനിര്‍ത്തിയത്.
ഫ്‌ളിപ്കാര്‍ട്ട് വിദേശ നിക്ഷേപം ആകര്‍ഷിക്കുകയും അനുബന്ധ സ്ഥാപനമായ ഡബ്ല്യുഎസ് റീട്ടെയില്‍ അതിന്റെ ഷോപ്പിങ് വെബ്‌സൈറ്റില്‍ ഉപഭോക്താക്കള്‍ക്ക് സാധനങ്ങള്‍ വില്‍ക്കുകയും ചെയ്തു എന്ന ആരോപണത്തെക്കുറിച്ചുള്ള അന്വേഷണമാണ് ഇഡി നടത്തുന്നത്. ഇത് നിയമപ്രകാരം നിരോധിച്ചതാണെന്നാണ് ഇഡിയുടെ വാദമെന്ന് റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്യുന്നു.