ട്വിറ്ററിന് പുതിയ ബദല്‍; 16 മാസം കൊണ്ട് 'കൂ' ആപ്പില്‍ ചേര്‍ന്നത് ഒരുകോടി ഉപയോക്താക്കള്‍

Update: 2021-08-30 11:03 GMT

ന്യൂഡല്‍ഹി: ട്വിറ്ററിന് ബദലായി രംഗത്തുവന്ന 'കൂ ആപ്പി'ന് ജനപ്രീതി വര്‍ധിക്കുന്നു. 'കൂ ആപ്പ്' ഉപയോക്താക്കളുടെ എണ്ണം 16 മാസം കൊണ്ട് ഒരുകോടിയിലെത്തിയത് ഉപയോക്താക്കളെ എത്രമാത്രം ഈ ആപ്പ് ആകര്‍ഷിച്ചിട്ടുണ്ടെന്ന് തെളിയിക്കുന്നു. കേന്ദ്രസര്‍ക്കാരും ട്വിറ്ററും തമ്മിലുള്ള പോര് മൂര്‍ച്ഛിച്ച പശ്ചാത്തലത്തിലാണ് 'കൂ ആപ്പ്' സേവനം കൂടുതല്‍ പേര്‍ ഉപയോഗപ്പെടുത്താന്‍ തുടങ്ങിയത്. ഉപയോക്താക്കളില്‍ 85 ശതമാനം പേരും കഴിഞ്ഞ ഫെബ്രുവരിയിലാണ് 'കൂ ആപ്പി'ല്‍ ചേര്‍ന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. മറ്റ് ആപ്പുകളില്‍നിന്ന് വിഭിന്നമായി മാതൃഭാഷയിലൂടെയും ഇതില്‍ കാര്യങ്ങള്‍ അവതരിപ്പിക്കാം. 'ട്വിറ്ററും കേന്ദ്രസര്‍ക്കാരും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്ത സാഹചര്യത്തിലാണ് 'കൂ ആപ്പ്' കൂടുതല്‍ പ്രസക്തമായത്.

ഉപഭോക്താക്കള്‍ തങ്ങളുടെ വികാരങ്ങള്‍ കൂ ആപ്പിലൂടെ മാതൃഭാഷയിലും അവതരിപ്പിക്കാമെന്ന് തിരിച്ചറിഞ്ഞു- ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള കൂ ആപ്പിന്റെ സഹസ്ഥാപകനും സിഇഒയുമായ അപ്രമേയ രാധാകൃഷ്ണ പറഞ്ഞു. ഞങ്ങളുടെ ആപ്ലിക്കേഷന്‍ ഇംഗ്ലീഷ് സംസാരിക്കുന്ന ഇന്ത്യയെ ഇംഗ്ലീഷ് സംസാരിക്കാത്ത ഇന്ത്യയുമായി 700 ദശലക്ഷം ഇന്റര്‍നെറ്റ് ഉപയോക്താക്കളുള്ള ഒരു രാജ്യത്ത് ബന്ധിപ്പിക്കുന്നു, അത് ശക്തമാണ്. ഒരുവര്‍ഷം കൊണ്ട് 10 കോടി ഉപഭോക്താക്കളെ ലക്ഷ്യമിടുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടൂള്‍ കിറ്റ്, പ്രമുഖരുടെ പോസ്റ്റുകള്‍ തുടങ്ങിയ വിഷയങ്ങളില്‍ ട്വിറ്റര്‍ സ്വീകരിച്ച നിലപാടുകള്‍ക്കെതിരേ നിരവധി തവണ കേന്ദ്രസര്‍ക്കാര്‍ രംഗത്തുവന്നിരുന്നു.

കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ ഐടി നിയമങ്ങള്‍ അംഗീകരിക്കാത്തതിന്റെ പേരിലാണ് ട്വിറ്ററും കേന്ദ്രസര്‍ക്കാരും തമ്മില്‍ കൊമ്പുകോര്‍ത്തത്. സ്വകാര്യതാ ലംഘനം ചൂണ്ടിക്കാട്ടിയാണ് ട്വിറ്റര്‍ പുതിയ ഐടി നിയമങ്ങള്‍ നടപ്പാക്കില്ലെന്ന് ആദ്യം നിലപാട് സ്വീകരിച്ചത്. ഇതിന്റെ പേരില്‍ ട്വിറ്ററിനെതിരേ നിരവധി കേസുകളാണെടുത്തത്. ട്വിറ്റര്‍ ഇന്ത്യ മേധാവിയെ കേന്ദ്രം വിളിച്ചുവരുത്തുകയും ചെയ്തു.

കര്‍ഷക സമരവുമായി ബന്ധപ്പെട്ട് 1178 ഓളം പാകിസ്താനി- ഖാലിസ്താനി ബന്ധമുള്ള അക്കൗണ്ടുകള്‍ മരവിപ്പിക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം ട്വിറ്റര്‍ തള്ളിയിരുന്നു. ഒടുവില്‍ ഐടി നിയമങ്ങള്‍ പാലിക്കാന്‍ ട്വിറ്റര്‍ തയ്യാറാവണമെന്ന് കോടതിയും ആവശ്യപ്പെട്ടു. തുടര്‍ന്ന് ഈ മാസം ആദ്യം ഇന്ത്യയുടെ പുതിയ ഐടി നയങ്ങള്‍ പൂര്‍ണമായും പാലിക്കാമെന്ന് ട്വിറ്റര്‍ വ്യക്തമാക്കി. ദക്ഷിണേഷ്യ, ആഫ്രിക്ക, ദക്ഷിണ അമേരിക്ക, ഈസ്‌റ്റേണ്‍ യൂറോപ്പ് എന്നിങ്ങനെ ഇംഗ്ലീഷ് പ്രാധാന്യമില്ലാത്ത രാജ്യങ്ങളിലേക്ക് കൂ ആപ്പ് വ്യാപിപ്പിക്കാനായി കമ്പനി പദ്ധതിയിടുന്നുണ്ട്. ഉപയോക്താക്കള്‍ക്ക് ഇംഗ്ലീഷിലും ഹിന്ദി, കന്നഡ തുടങ്ങിയ ഏഴ് ഇന്ത്യന്‍ ഭാഷകളിലും ട്വീറ്റ് പോലുള്ള പോസ്റ്റുകള്‍ അയയ്ക്കാന്‍ അനുവദിക്കുന്നു. ട്വിറ്ററിന് സമാനമായ ഫീച്ചറുകളാണ് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം നടത്തിയ ആത്മനിര്‍ഭര്‍ ഭാരത് ആപ്പ് ചാലഞ്ചില്‍ ഒന്നാം സ്ഥാനം നേടിയ 'കൂ ആപ്പ്' ഒരുക്കുന്നത്.

ആരാണ് കൂ ആപ്പിന് പിന്നില്‍

അപ്രമേയ രാധാകൃഷ്ണ, മായങ്ക് ബിദവാട്ക എന്നിവര്‍ ചേര്‍ന്ന് കഴിഞ്ഞ മാര്‍ച്ചില്‍ തയ്യാറാക്കിയതാണ് കൂ ആപ്പ്. ടാക്‌സി അശ്രഗേറ്റര്‍ ആപ്പ് ആയിരുന്ന ടാക്‌സിഫോര്‍ഷുവര്‍ സ്ഥാപകനാണ് അപ്രമേയ രാധാകൃഷ്ണ. മായങ്ക് ബിദവാട്ക അവിടത്തെ മുന്‍ കണ്‍സള്‍ട്ടന്റും. ബോംബിനെറ്റ് ടെക്‌നോളോജിസ് hdjwവറ്റ് ലിമിറ്റഡ് ആണ് കൂ ആപ്പിന്റെ മാതൃകമ്പനി. പ്രശസ്തമായ അമേരിക്കന്‍ ചോദ്യോത്തര വെബ്‌സൈറ്റായ കോറയുടെ (Quora) ഇന്ത്യന്‍ ബദല്‍ വോക്കല്‍ (Vokal) അവതരിപ്പിച്ചത് ഇതേ കമ്പനിയാണ്. ബ്ലും വെഞ്ച്വേഴ്‌സ്, കാലാരി ക്യാപിറ്റല്‍, ആക്‌സില്‍ പാര്‍ട്‌നെര്‍സ് ഇന്ത്യ എന്നിവയാണ് പ്രധാന നിക്ഷേപകര്‍. പുതിയ ഫയലിങ് അനുസരിച്ച് മുന്‍ ഇന്‍ഫോസിസ് സിഎഫ്ഓ ടിവി മോഹന്‍ദാസ് പൈയുടെ 3one4 ക്യാപിറ്റലും നിക്ഷേപം നടത്തിയിട്ടുണ്ട്.

കൂ ആപ്പ് സവിശേഷതകള്‍

ഉപയോക്താക്കള്‍ക്ക് തങ്ങളുടെ അഭിപ്രായങ്ങള്‍, ചിത്രങ്ങള്‍, ചെറിയ വിഡിയോകള്‍ എന്നിവ രേഖപെടുത്താവുന്ന ട്വിറ്ററിന് സമാനമായ മൈക്രോബ്ലോഗിങ് സേവനമാണ് കൂ ആപ്പ് ഒരുക്കുന്നത്.

1. ട്വിറ്ററിന് പോസ്റ്റ് ചെയ്യാവുന്ന അക്ഷരങ്ങളുടെ പരിധി 280 ആണെങ്കില്‍ കൂ ആപ്പിള്‍ ഇത് 400 ആണ്. ഇത് കൂടാതെ 1 മിനിറ്റ് വരെ ദൈര്‍ഖ്യമുള്ള ഓഡിയോ, വിഡിയോകള്‍ കൂ ആപ്പില്‍ പോസ്റ്റ് ചെയ്യാം. ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുന്നവയെ ട്വീറ്റ് എന്ന് വിളിക്കുന്നതുപോലെ കൂ ആപ്പില്‍ പോസ്റ്റ് ചെയ്യുന്നവയെ കൂവ്‌സ് എന്ന് വിളിക്കുന്നത്.

2. ട്വിറ്റര്‍ ഇംഗ്ലീഷില്‍ മാത്രമാണ് ലഭിക്കുന്നതെങ്കില്‍, കൂ ആപ്പ് ഇംഗ്ലീഷ് കൂടാതെ പ്രാദേശിക ഭാഷകളെയും പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഇപ്പോള്‍ കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലാണ് കൂ ആപ്പ് ലഭിക്കുന്നത്. അധികം താമസമില്ലതെ മറാത്തി, ബംഗ്ലാ, ഗുജറാത്തി, മലയാളം, ഒറിയ, പഞ്ചാബി, അസമീസ് പതിപ്പുകള്‍ ലഭിക്കുമെന്നും കൂ ആപ്പ് വ്യക്തമാക്കുന്നു.

3. പീപ്പിള്‍ ഫീഡ്, 11 മെസ്സേജിങ്, ഇംഗ്ലീഷില്‍നിന്നും പ്രാദേശിക ഭാഷ കീബോര്‍ഡ്, പ്രാദേശിക ഭാഷയിലുള്ള ന്യൂസ് ഫീഡ്, ഹൈപ്പര്‍ ലോക്കല്‍ ഹാഷ് ടാഗ് എന്നിവയാണ് കൂ ആപ്പിന്റെ മറ്റുള്ള സവിശേഷതകള്‍.

കൂ ആപ്പ് എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം?

ആന്‍ഡ്രോയിഡ്, ഐഓഎസ് ആപ്പ് ആയും വെബ്‌സൈറ്റിലൂടെയും കൂ ആപ്പ് പ്രവര്‍ത്തിപ്പിക്കാം. ഗൂഗിള്‍ പ്ലെ സ്‌റ്റോറില്‍ Koo എന്ന് സെര്‍ച്ച് ചെയ്താല്‍ മാത്രം മതി. 'കൂ: കണക്ട് വിത്ത് ഇന്ത്യന്‍സ് ഇന്‍ ഇന്ത്യന്‍ ലന്‍ഗുവേജസ്' എന്നാണ് ഗൂഗിള്‍ പ്ലെ സ്‌റ്റോറില്‍ ആപ്പിന്റെ പൂര്‍ണമായ പേര്. ഐഓഎസ് ആപ്പ് സ്‌റ്റോറില്‍ Koo എന്ന് മാത്രമെയുള്ളൂ. ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ ആപ്പ് നിര്‍മാതാക്കളുടെ ഭാഗത്ത് ബോംബിനെറ്റ് ടെക്‌നോളോജിസ് പ്രൈവറ്റ് ലിമിറ്റഡ് തന്നെയല്ലേ എന്നുറപ്പ് വരുത്തുക.

ബദലായി ആദ്യമെത്തിയത് 'ടൂറ്റെര്‍'

ഇതാദ്യമായല്ല ട്വിറ്ററിന് ബദല്‍ എന്ന നിലയില്‍ ഒരു ഇന്ത്യന്‍ ആപ്പ് ശ്രദ്ധ നേടുന്നത്. നവംബറില്‍ ടൂറ്റെര്‍ ശ്രദ്ധ നേടിയിരുന്നു. ഇന്റര്‍ഫെയ്‌സും, പ്രവര്‍ത്തന രീതിയും, നിറങ്ങള്‍ പോലും ട്വിറ്ററിനോട് ഏറെക്കുറെ സമാനമാണ്. ചുരുക്കത്തില്‍ ട്വിറ്ററിന്റെ പാരഡി പതിപ്പാണ് ടൂറ്റെര്‍ എന്നെ ഒറ്റ നോട്ടത്തില്‍ തോന്നൂ. നീല നിറത്തിലുള്ള ശംഖ് ആണ് ടൂറ്റെറിന്റെ ലോഗോ. സ്വദേശി ആന്ദോളന്‍ 2.0 എന്ന പ്രാദേശിക പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ടൂറ്റെര്‍ തയ്യാറാക്കിയിരിക്കുന്നത് എന്നാണ് നിര്‍മാതാക്കള്‍പറയുന്നത്. തെലങ്കാനയിലെ ശ്രീസിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന ടൂറ്റെര്‍ െ്രെപവറ്റ് ലിമിറ്റഡ് ആണ് ആപ്പിന്റെ പിന്നില്‍ എന്നാണ് ഗൂഗിള്‍ പ്ലേയ് സ്‌റ്റോര്‍ വ്യക്തമാക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, സദ്ഗുരു, രാഹുല്‍ ഗാന്ധി എന്നിവര്‍ക്കെല്ലാം ടൂറ്റെറില്‍ വെരിഫൈഡ് അക്കൗണ്ടുണ്ട്. ബിജെപിയുടെ ടൂറ്റെര്‍ അക്കൗണ്ടും വെരിഫൈഡ് ആണ്. സിനിമാ താരങ്ങളായ ദീപിക പദുകോണ്‍, അക്ഷയ് കുമാര്‍, അമിതാഭ് ബച്ചന്‍, ഷാറുഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, അഭിഷേക് ബച്ചന്‍, സംവിധായകന്‍ കരണ്‍ ജോഹര്‍, ക്രിക്കറ്റ് താരം വിരാട് കോലി എന്നിവരാണ് ടൂറ്റെര്‍ അക്കൗണ്ടുള്ള മറ്റ് പ്രമുഖര്‍.

Tags:    

Similar News