ഇന്‍സ്റ്റഗ്രാം വീഡിയോകള്‍ക്ക് ഓട്ടോമാറ്റിക് കാപ്ഷന്‍ സംവിധാനം വരുന്നു

Update: 2022-03-02 16:01 GMT

മെറ്റയുടെ ഉടമസ്ഥതയിലുള്ള ഫോട്ടോ ഷെയറിങ് പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാം ഫീഡില്‍ പങ്കുവയ്ക്കുന്ന വീഡിയോകളില്‍ ഓട്ടോമാറ്റിക് കാപ്ഷന്‍ സംവിധാനം അവതരിപ്പിക്കുന്നു. വീഡിയോകള്‍ക്ക് കീഴില്‍ സബ്‌ടൈറ്റില്‍ വരുന്ന സംവിധാനമാണിത്. യൂ ട്യൂബിലും ഫേസ്ബുക്കിലും ഇതേ സൗകര്യം നിലവിലുണ്ട്. തിരഞ്ഞെടുത്ത ഭാഷകളില്‍ മാത്രമായിരിക്കും ആദ്യഘട്ടത്തില്‍ ഓട്ടോമാറ്റിക് കാപ്ഷന്‍ ലഭിക്കുക. അടുത്ത ഘട്ടത്തില്‍ കൂടുതല്‍ രാജ്യങ്ങളിലേക്കും കൂടുതല്‍ ഭാഷകളിലേക്കും ഈ സൗകര്യം വ്യാപിപ്പിക്കാനാണ് പദ്ധതി. ഇത് ആക്ടിവേറ്റ് ചെയ്യാന്‍ പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതില്ല.

ഡിഫോള്‍ട്ടായി ലഭിക്കും. മികവുറ്റ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. പഠിക്കുന്നതിനനുസരിച്ച് ഗുണനിലവാരം പരിഷ്‌കരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇന്‍സ്റ്റാഗ്രാം പറയുന്നു. കേള്‍വിക്കുറവുള്ളവര്‍ക്കും കേള്‍വിശക്തിയില്ലാത്തവര്‍ക്കും ഇന്‍സ്റ്റഗ്രാം വീഡിയോകള്‍ ആസ്വദിക്കാന്‍ ഈ സംവിധാനം സഹായകമാവും. അവര്‍ക്ക് ഓപ്ഷന്‍ തിരഞ്ഞെടുക്കാന്‍ സംവിധാനമുണ്ടാവും.

നിലവില്‍ ക്രിയേറ്റര്‍മാര്‍ക്ക് കാപ്ഷന്‍ സ്വയം തയ്യാറാക്കി ചേര്‍ക്കാന്‍ സാധിക്കില്ല. എങ്കിലും വീഡിയോകള്‍ ശബ്ദമില്ലാതെ തന്നെ ആസ്വദിക്കാന്‍ ഇത് സൗകര്യപ്രദമാവുമെന്നാണ് ഇന്‍സ്റ്റഗ്രാം പറയുന്നത്. ആരെങ്കിലും എന്താണ് പറയുന്നതെന്ന് മനസ്സിലാക്കാന്‍ ഉപയോക്താക്കള്‍ക്ക് വോളിയം ടോഗിള്‍ ചെയ്യേണ്ടതില്ല- റിപോര്‍ട്ട് പറയുന്നു. ഐജിടിവി ആപ്പ് ഒഴിവാക്കി ഇന്‍സ്റ്റഗ്രാം ആപ്പില്‍തന്നെ എല്ലാത്തതരം വീഡിയോകളും ഉള്‍ക്കൊള്ളിക്കാനാണ് കമ്പനി ഇപ്പോള്‍ താല്‍പ്പര്യപ്പെടുന്നത്.

ഉപഭോക്താക്കളെ രസിപ്പിക്കുന്ന റീലുകള്‍ സൃഷ്ടിച്ച് വരുമാനം സമ്പാദിക്കാനുള്ള കൂടുതല്‍ വഴികള്‍ തേടുന്നതായും ഇന്‍സ്റ്റഗ്രാം അറിയിച്ചു. വീഡിയോ ഉള്ളടക്കങ്ങള്‍ക്ക് വേണ്ടിയുള്ള കൂടുതല്‍ സൗകര്യങ്ങള്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി. ഈ വര്‍ഷാവസാനം ഇന്‍സ്റ്റഗ്രാമില്‍ പുതിയ പരസ്യ സംവിധാനം പരീക്ഷിക്കാന്‍ തുടങ്ങും. ഇത് ക്രിയേറ്റര്‍മാര്‍ക്ക് അവരുടെ റീലുകളില്‍ പ്രദര്‍ശിപ്പിക്കുന്ന പരസ്യങ്ങളില്‍നിന്ന് വരുമാനം നേടാന്‍ കഴിയുന്നതാണ് പുതിയ പരിഷ്‌കാരം.

Tags:    

Similar News