ചെന്നൈ: ജനപ്രിയ ഷോര്‍ട്ട് വീഡിയോ ആപ്ലിക്കേഷനായ ടിക് ടോക്കിന് നിരോധനം കൊണ്ടുവരുന്ന കാര്യം പരിഗണിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് മദ്രാസ് ഹൈക്കോടതി. ടിക് ടോക്കിലൂടെ ആശ്ശീലദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നതായുള്ള പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് ആപ് നിരോധനം കൊണ്ടുവരുന്ന കാര്യം ഹൈക്കോടതി ആവശ്യപ്പെട്ടത്.അഞ്ച് കോടിയിലധികം പേരാണ് ഇന്ത്യയില്‍ ടിക് ടോക് ആപ്പ് ഉപയോഗിക്കുന്നത്. ലക്ഷക്കണക്കിന് വീഡിയോകളാണ് ദിവസവും ഇതിലൂടെ ആളുകള്‍ അപ്‌ലോഡ് ചെയ്യപ്പെടുന്നത്. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചാണ് നടപടി ആവശ്യപ്പെട്ടത്. ടിക് ടോക്കിലൂടെ അശ്ശീലദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നത് ചൂണ്ടിക്കാട്ടി മുതിര്‍ന്ന അഭിഭാഷകനും സാമൂഹിക പ്രവര്‍ത്തകനുമായ മുത്തുകുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി. ടിക് ടോക് ആപ്ലിക്കേഷന്‍ ഉപയോഗിച്ചു നിര്‍മ്മിച്ച വിഡിയോകള്‍ മാധ്യമങ്ങള്‍ സംപ്രേക്ഷണം ചെയ്യരുതെന്നും കോടതി നേരത്തേ, ഉത്തരവിട്ടിരുന്നു. സാംസ്‌കാരിക തകര്‍ച്ച, ശിശു പീഢനം, ആത്മഹത്യ തുടങ്ങിയവയ്ക്കും ടിക് ടോക് കാരണമാകുന്നു എന്നും ഹര്‍ജിയില്‍ പറയുന്നു.കോടതി ഉത്തരവ് വന്നശേഷം വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും ടിക് ടോക് വക്താവ് അറിയിച്ചു.