സോഷ്യല്‍ മീഡിയയില്‍ തരംഗമായി ക്ലബ് ഹൗസ് ആപ്പ്; ഇന്‍സ്റ്റാള്‍ ചെയ്ത് ഉപയോഗിക്കേണ്ട വിധം നോക്കാം
കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ മലയാളികള്‍ ഏറെ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന ഒരു ആപ്ലിക്കേഷനാണ് 'ക്ലബ് ഹൗസ്'. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളിലും കൊവിഡ് മഹാമാരിയിലും കുരുങ്ങി പൊതു ഇടങ്ങള്‍ നഷ്ടമാവുന്ന മനുഷ്യര്‍ക്ക് ശബ്ദത്തിലൂടെ ഗ്രൂപ്പായി ഇടപെടാന്‍ കഴിയുന്ന ആപ്പാണ് ക്ലബ് ഹൗസ്.
ഫെയ്‌സ്ബുക്ക്, വാട്‌സ് ആപ്പ് പോലെ പ്രചാരം കിട്ടിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ വേറെയില്ലെന്ന് എല്ലാവര്‍ക്കുമറിയാം. ട്വിറ്റര്‍ പോലും ഇതിന്റെയൊക്കെ പിന്നിലാണ്. ഇപ്പോഴിതാ മുഖ്യധാരയിലേക്ക് ഉയരുകയാണ് സ്റ്റാര്‍ട്ടപ്പ് മാത്രമായി തുടങ്ങിയ 'ക്ലബ് ഹൗസ്' എന്ന ആപ്ലിക്കേഷന്‍. സോഷ്യല്‍ മീഡിയയില്‍ ആകെ തരംഗമായി മാറിയതോടെ ഇപ്പോള്‍ എല്ലാവരും തിരഞ്ഞുകൊണ്ടിരിക്കുന്ന ആപ്പാണ് ക്ലബ് ഹൗസ്. വെര്‍ച്വല്‍ റിയാലിറ്റിയില്‍ പൊതു ഇടങ്ങള്‍ സൃഷ്ടിക്കുകയെന്ന ഉദ്ദേശമാണ് ആപ്പിനുള്ളത്.
എന്താണ് ക്ലബ് ഹൗസിന്റെ പ്രത്യേകതകള്‍
ഐഒഎസ്, ആന്‍ഡ്രോയ്ഡ് പ്ലാറ്റ്‌ഫോമുകളില്‍ പ്രവര്‍ത്തിക്കുന്ന, ക്ഷണിക്കപ്പെട്ടവര്‍ക്ക് മാത്രം പ്രവേശിക്കാന്‍ കഴിയുന്ന ഒരു സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനാണു ക്ലബ് ഹൗസ്. നിലവില്‍ ഇത് ബീറ്റാ വേര്‍ഷനാണ്. മറ്റ് ആപ്പുകളില്‍നിന്ന് ക്ലബ് ഹൗസ് എന്ന ആപ്പിനെ വ്യത്യസ്തമാക്കുന്നത് ക്ലബ് ഹൗസ് ഒരു ഓഡിയോ ചാറ്റ് ആപ്പാണ് എന്നതാണ്. അതുകൊണ്ടുതന്നെ ശബ്ദരൂപത്തില്‍ മാത്രമാണ് ഇതില്‍ മറ്റുള്ളവരുമായി ആശയം പങ്കുവയ്ക്കാന്‍ സാധിക്കുക.
പ്രവേശിക്കുന്ന ഉപയോക്താക്കള്‍ക്ക് 5,000 പേരെ വരെ ഉള്‍ക്കൊള്ളിക്കാവുന്ന ചാറ്റ് റൂമുകള്‍ സൃഷ്ടിക്കാനും അതിലൂടെ ശബ്ദരൂപത്തില്‍ സംവദിക്കാനും സാധിക്കും. 2019 ല്‍ പോള്‍ ഡേവിസണ്‍, രോഹന്‍ സേത്ത് എന്നിവര്‍ ചേര്‍ന്നാണ് ഒരു സോഷ്യല്‍ മീഡിയ സ്റ്റാര്‍ട്ടപ്പായി ക്ലബ് ഹൗസ് ആരംഭിക്കുന്നത്. ടോക്ക്‌ഷോ എന്ന പേരില്‍ പോഡ്കാസ്റ്റുകള്‍ക്കായി ആദ്യം രൂപകല്‍പ്പന ചെയ്ത ഈ ആപ്ലിക്കേഷന്‍ 'ക്ലബ് ഹൗസ്' എന്ന് പുനര്‍നാമകരണം ചെയ്യുകയും 2020 മാര്‍ച്ചില്‍ ഐഒഎസ് ഓപറേറ്റിങ് സിസ്റ്റത്തിനായി ഔദ്യോഗികമായി പുറത്തിറക്കുകയും ചെയ്തു.
ആദ്യം ഐഫോണ്‍ ആപ്പ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. 2021 ഫെബ്രുവരി മുതലാണ് ആന്‍ഡ്രോയ്ഡ് ആപ്പ് തുടങ്ങിയത്. ഇന്ത്യയില്‍ ഇത് ലഭ്യമായിത്തുടങ്ങിയത് 2021 മെയ് 21 ന് മാത്രമാണെന്നാണ് റിപോര്‍ട്ടുകള്‍. ലോകത്തെ കൊവിഡ് മഹാമാരി വിഴുങ്ങിയപ്പോള്‍ ആശയസംവാദത്തിനുള്ള ഇടമായാണ് ക്ലബ് ഹൗസ് ജനങ്ങളില്‍ ഇടംപിടിച്ചത്. കൊവിഡിന്റെ ആദ്യമാസങ്ങളില്‍തന്നെ ഈ ആപ്ലിക്കേഷന്‍ കൂടുതല്‍ ജനപ്രീതിയാകര്‍ഷിച്ചു. 2020 ഡിസംബറോടെ 600,000 രജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കളുണ്ടായിരുന്നു.
2021 ജനുവരിയില്‍, സിഇഒ പോള്‍ ഡേവിസണ്‍, ആപ്ലിക്കേഷന്റെ സജീവപ്രതിവാര ഉപയോക്തൃ അടിത്തറയില്‍ ഏകദേശം രണ്ട് ദശലക്ഷം വ്യക്തികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പ്രഖ്യാപിച്ചു. 2021 ഫെബ്രുവരി 1ന് ആഗോളതലത്തില്‍ 3.5 ദശലക്ഷം ഡൗണ്‍ലോഡുകള്‍ ക്ലൗഡ് ഹൗസിനുണ്ടായിരുന്നു, ഫെബ്രുവരി 15 ഓടെ ഇത് 8.1 ദശലക്ഷം ഡൗണ്‍ലോഡുകളായി അതിവേഗം വളര്‍ന്നു. സെലിബ്രിറ്റികളായ എലോണ്‍ മസ്‌ക്, മാര്‍ക്ക് സക്കര്‍ബര്‍ഗ് എന്നിവര്‍ ആപ്ലിക്കേഷനില്‍ പ്രത്യക്ഷപ്പെട്ടതിന് ശേഷമാണ് ഈ ജനപ്രീതി വര്‍ധിച്ചത്.
ഇന്‍സ്റ്റാള്‍ ചെയ്ത് ഉപയോഗിക്കുന്നത് എങ്ങനെ
ആദ്യമായി പ്ലേ സ്റ്റോറില്‍നിന്ന് ക്ലബ് ഹൗസ് ആപ്പ് സ്മാര്‍ട്ട് ഫോണുകളില്‍ ഡൗണ്‍ലോഡ് ചെയ്യുക. താഴെ നല്‍കിയിട്ടുള്ള ലിങ്ക് ഉപയോഗിക്കാം.
ആന്‍ഡ്രോയ്ഡ്: https://play.google.com/store/apps/details?id=com.clubhouse.app
ഐഒഎസ്: https://apps.apple.com/in/app/clubhousedropinaudiochat/id1503133294
ഇനി ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം നമ്മുടെ മൊബൈല്‍ നമ്പര്‍ കൊടുത്തുകഴിഞ്ഞാല്‍ അവര്‍ OTP അയക്കും. അതിനുശേഷം ഫസ്റ്റ് നെയിമും സെക്കന്റ് നെയിമും കൊടുക്കണം. ശേഷം unique id ക്കുള്ള പേരും നമ്മുടെ ഫോട്ടോയും കൊടുത്ത് നമുക്ക് താല്‍പര്യമുള്ള വിഷയങ്ങള്‍ തിരഞ്ഞെടുക്കാനുള്ള ഓപ്ഷന്‍ വരവായി. കൂടെ കുറേ പേരെ ഫോളോ ചെയ്യാനുള്ള ഓപ്ഷനും കാണാം. വേണ്ടവരെ മാത്രം ഫോളോ ചെയ്ത് കഴിഞ്ഞാല്‍ നമ്മുടെ ക്ലബ്ബ് ഹൗസ് ആക്ടീവ് ആയി. ശേഷം Club House യൂസറായ ആരെങ്കിലും Invite ചെയ്താല്‍ ആപ്പ് ഓപണ്‍ ചെയ്ത് ഉപയോഗിക്കാം.
നമുക്ക് ലൈവായി സംസാരിക്കാമെന്നതാണ് ഈ ആപ്പിന്റെ പ്രത്യേകത. നമുക്ക് താല്‍പര്യമുള്ള വിഷയങ്ങളിലുള്ള ചര്‍ച്ചകള്‍ തിരഞ്ഞെടുക്കാനും അവസരമുണ്ട്. ഇനി എന്തെങ്കിലും റൂമില്‍ കയറി നമുക്ക് സംസാരിക്കണമെന്നുണ്ടെങ്കില്‍ വലത് വശത്ത് ? hand ഐക്കണ്‍ ടച്ച് ചെയ്യുക. അപ്പോള്‍ ആ ചാറ്റ് റൂമിന്റെ അഡ്മിന്‍സ് അനുവദിക്കുന്നതോടെ അരേ ഗ്രൂപ്പില്‍ നേരിട്ട് സംസാരിക്കാം. ഒരു അപ്രൂവലുമില്ലാതെ തന്നെ ചാറ്റ് റൂമില്‍ വരുന്നവര്‍ക്ക് അല്ലാവര്‍ക്കും ചാറ്റുകള്‍ കേള്‍ക്കാന്‍ കഴിയും. (Closed റൂമുകള്‍ക്കുള്ള ഓപ്ഷനുകളുമുണ്ട്).
നമ്മള്‍ ഉപയോഗിച്ച് വരുന്ന ട്വിറ്റര്‍, വാട്‌സാപ്പ്, ഫെയ്‌സ്ബുക്ക് പ്ലാറ്റ്‌ഫോമില്‍നിന്ന് തികച്ചും വ്യത്യസ്തമാണ് ക്ലബ് ഹൗസ്. ഇതില്‍ നമുക്ക് ടെക്സ്റ്റ് എഴുതാനോ പടമോ വീഡിയോയോ അപ്‌ലോഡ് ചെയ്യാനോ കഴിയില്ല. വോയിസ് മാത്രമാണ് ഇവിടെ സപ്പോട്ട് ചെയ്യുന്നത്. സ്വകാര്യതയുടെ വ്യത്യസ്ത തലങ്ങളെ അടിസ്ഥാനമാക്കിയാണ് മുറികള്‍ തരംതിരിക്കുന്നത്. 'ഓപണ്‍ റൂമുകള്‍' ക്ലബ് ഹൗസിലെ ആര്‍ക്കും ചേരാം. നമുക്ക് സ്വന്തമായി റൂം ക്രിയേറ്റ് ചെയ്യാം. കൂടാതെ നിലവില്‍ ആക്ടീവ് ആയുള്ള റൂമില്‍ കയറുകയുമാവാം.
അവിടെ ചര്‍ച്ച ചെയ്യുന്ന വിഷയങ്ങള്‍ കേള്‍ക്കുകയും നമുക്ക് സംസാരിക്കുകയുമാവാം. നമ്മള്‍ ഫോളോ ചെയ്യുന്ന സുഹൃത്തുക്കള്‍ പങ്കെടുക്കുന്ന പൊതുമുറികള്‍ നമ്മുടെ ന്യൂസ്ഫീഡില്‍ കാണിക്കുന്നതാണ്. അതില്‍ നമുക്ക് താല്‍പര്യമുള്ള റൂമില്‍ കയറാം. പബ്ലിക് റൂം ആയതുകൊണ്ട് ആ റൂമില്‍ നമ്മള്‍ ഫോളോ ചെയ്യുന്നവരുണ്ടാവണമെന്ന നിര്‍ബന്ധമില്ല. ആ റൂമില്‍ പങ്കെടുക്കുന്നവരുടെ റും നമുക്ക് കാണാന്‍ പറ്റും. അതുപോലെ അവിടെയുള്ളവര്‍ക്ക് നമ്മള്‍ റൂമില്‍ കടന്നതും അറിയാന്‍ പറ്റും. 'അടച്ച മുറികളില്‍' ചേരുന്നതിന് ഉപയോക്താക്കള്‍ക്ക് മോഡറേറ്റര്‍മാരില്‍നിന്ന് ഒരു ക്ഷണം സ്വീകരിക്കേണ്ടതുണ്ട്.
ഒരു മുറിക്കുള്ളില്‍. മൂന്ന് ഘട്ടങ്ങളുണ്ട്: 'സ്റ്റേജ്,' 'തുടര്‍ന്ന് സ്പീക്കറുകള്‍,' 'റൂമിലെ മറ്റുള്ളവര്‍. ഒരു മുറിയില്‍ നിലവിലുള്ള ഓരോ ഉപയോക്താവിന്റെയും പ്രൊഫൈല്‍ ചിത്രവും പേരും ഉചിതമായ രീതിയില്‍ പ്രദര്‍ശിപ്പിക്കും. ഒരു ഉപയോക്താവ് ഒരു മുറി സൃഷ്ടിക്കുമ്പോള്‍, അവര്‍ക്ക് സ്റ്റേജിലേക്ക് ഉപയോക്താക്കളെ വിളിക്കാനും ഉപയോക്താക്കളെ നിശബ്ദമാക്കാനും സ്റ്റേജില്‍നിന്ന് സ്പീക്കറുകള്‍ നീക്കംചെയ്യാനും മോഡറേറ്റര്‍ക്ക് കഴിയുന്നു.
ഉപയോക്താവിന്റെ പേരിന് അടുത്തായി ദൃശ്യമാവുന്ന ഒരു പച്ച നക്ഷത്രം മോഡറേറ്റര്‍ റോളിനെ സൂചിപ്പിക്കുന്നു. ഒരു ഉപയോക്താവ് ഒരു മുറിയില്‍ ചേരുമ്പോള്‍, അവരെ ആദ്യം ഒരു 'ശ്രോതാവിന്റെ' റോളിലേക്ക് നിയോഗിക്കുകയും അവര്‍ക്ക് സ്വയം അണ്‍മ്യൂട്ട് ചെയ്യാന്‍ കഴിയില്ല. 'കൈ ഉയര്‍ത്തുക' റൈസ് ഹാന്‍ഡ്‌സ് ഐക്കണില്‍ ക്ലിക്കുചെയ്ത് ശ്രോതാക്കള്‍ക്ക് വേദിയില്‍ ചേരാനും സംസാരിക്കാനുമുള്ള അവരുടെ ഉദ്ദേശ്യത്തെ മോഡറേറ്റര്‍മാരെ അറിയിക്കാനാവും.
സ്റ്റേജിലേക്ക് ക്ഷണിക്കപ്പെട്ട ഉപയോക്താക്കള്‍ 'സ്പീക്കറുകളായി' മാറുകയും സ്വയം അണ്‍മ്യൂട്ട് ചെയ്യാനുള്ള കഴിവ് നേടുകയും ചെയ്യുന്നു. 'ശാന്തമായി വിടുക 'Leave Quietly' ബട്ടണ്‍ അല്ലെങ്കില്‍ സമാധാന ചിഹ്‌ന ഇമോജി ടൈപ്പുചെയ്തുകൊണ്ട് ഉപയോക്താക്കള്‍ക്ക് ഒരു മുറിയില്‍നിന്ന് പുറത്തുകടക്കാന്‍ കഴിയും.