ഗ്രൂപ്പില്‍ 512 അംഗങ്ങള്‍, രണ്ട് ജിബി ഫയലുകള്‍ അയക്കാം, അഡ്മിന് കൂടുതല്‍ അധികാരങ്ങള്‍; വാട്‌സ് ആപ്പിലെ പുതിയ മാറ്റങ്ങള്‍ ഇങ്ങനെ...
ഉപയോക്താക്കളെ ആകര്‍ഷിക്കുന്ന ഒട്ടനവധി പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് മെറ്റാ കമ്പനിയുടെ മെസേജിങ് ആപ്ലിക്കേഷനായ വാട്‌സ് ആപ്പ്. അപാകതകളെന്ന് ഉപയോക്താക്കള്‍ ചൂണ്ടിക്കാട്ടിയ പ്രശ്‌നങ്ങള്‍ പരിഹരിച്ച് കൂടുതല്‍ മോഡേണായി മാറിയിരിക്കുകയാണ് വാട്‌സ് ആപ്പ്. ഗ്രൂപ്പ് അംഗങ്ങളുടെ മെസേജുകള്‍ ഒറ്റ ക്ലിക്കില്‍ ഡിലീറ്റ് ചെയ്യാന്‍ അഡ്മിന് അധികാരം നല്‍കല്‍ തുടങ്ങി ഗ്രൂപ്പ് അംഗങ്ങളുടെ എണ്ണം ഇരട്ടിയോളം വരെ വര്‍ധിക്കുകയും ചെയ്തിട്ടുണ്ട്. ഗ്രൂപ്പുകളില്‍ വ്യക്തികള്‍ പോസ്റ്റ് ചെയ്യുന്ന വാര്‍ത്തകളും അഭിപ്രായങ്ങളും കുഴപ്പം പിടിച്ചവയോ അശ്ലീലമോ ആണെങ്കില്‍ അവ നീക്കം ചെയ്യാനുള്ള അധികാരമാണ് വാട്‌സ് ആപ്പ് അഡ്മിന് നല്‍കുക.
മുമ്പ് ഇത്തരം സന്ദേശങ്ങള്‍ ഒഴിവാക്കണമെങ്കില്‍ ഗ്രൂപ്പില്‍ അവ പോസ്റ്റ് ചെയ്തവരോട് പറഞ്ഞും അഭ്യര്‍ഥിച്ചും ഡിലീറ്റ് ചെയ്യിക്കുകയേ വഴിയുണ്ടായിരുന്നുള്ളൂ. ഇനി അയച്ച ആളിന്റെ അനുവാദമില്ലാതെ തന്നെ ഒഴിവാക്കാനാവും. വാട്‌സ് ആപ്പ് ഗ്രൂപ്പിന് ഉള്‍ക്കൊള്ളാന്‍ കഴിയുന്ന അംഗങ്ങളുടെ എണ്ണത്തിനുമുണ്ട് മാറ്റം. അപ്‌ഡേഷന്‍ വരുന്നതോടെ ഇപ്പോഴുള്ളതിന്റെ ഇരട്ടി അംഗങ്ങളെ ഉള്‍ക്കൊള്ളാന്‍ ഓരോ വാട്‌സ് ആപ്പ് ഗ്രൂപ്പിനുമാവും. നിലവില്‍ 256 അംഗങ്ങളെയാണ് ഒരു വാട്‌സ് ആപ്പ് ഗ്രൂപ്പിന് ഉള്‍ക്കൊള്ളാനാവുക. ഇത് കുറച്ച് പ്രായോഗിക ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചിരുന്നു. പുതിയ അപ്‌ഡേഷന്‍ വരുന്നതോടെ പരിധി 512 ആവും. 256 എന്ന പരിധി മൂലം ഒരു ആവശ്യത്തിന് തന്നെ ഒന്നിലധികം ഗ്രൂപ്പുകള്‍ സൃഷ്ടിക്കേണ്ടിവന്നിരുന്ന സംരംഭകര്‍ക്കും സ്ഥാപനങ്ങള്‍ക്കുമായിരിക്കും ഇതുകൊണ്ട് കൂടുതല്‍ പ്രയോജനം.
കൂടാതെ ഒറ്റത്തവണയായി അയക്കാന്‍ കഴിയുന്ന ഫയലുകളുടെ വലിപ്പവും ഒറ്റയടിക്ക് 20 ഇരട്ടിയായി വര്‍ധിപ്പിച്ചിട്ടുണ്ട്. പുതിയ അപ്‌ഡേറ്റില്‍ 2 ജിബി വലുപ്പമുള്ള ഫയല്‍വരെ ഒറ്റത്തവണയായി അയയ്ക്കാന്‍ കഴിയും. അതായത് വേണമെങ്കില്‍ സിനിമകള്‍ വരെ ഇനി വാട്‌സ് ആപ്പിലൂടെ ഷെയര്‍ ചെയ്യാം. മുമ്പ് 100 എംബി വരെയുള്ള ഫയലുകള്‍ മാത്രമായിരുന്നു അയക്കാന്‍ കഴിഞ്ഞിരുന്നത്. പക്ഷേ, ഇത് ടെലഗ്രാം ആപ്പിന് സമാനമായ ഒരു അവസ്ഥ സിനിമ പൈറസിയുമായി ബന്ധപ്പെട്ട് സൃഷ്ടിക്കുമോ എന്നത് ഒരു ആശങ്കയാണ്. മറ്റൊരു അപ്ഡേഷന്‍ വോയ്‌സ് കോളുകളുമായി ബന്ധപ്പെട്ടാണ്. വോയ്‌സ് കോളുകളില്‍ ഒരേസമയം 32 പേരെവരെ ചേര്‍ക്കാനാവും. ഇപ്പോള്‍ 8 പേരെയാണു ചേര്‍ക്കാവുന്നത്.
32 പേരില്‍ കൂടുതലുള്ള കോളുകള്‍ക്ക് നിലവിലുള്ള ഗ്രൂപ്പ് കോള്‍ സംവിധാനം തന്നെ ഉപയോഗിക്കാം. ഐഒഎസ് ഉപയോക്താക്കള്‍ക്ക് വോയിസ് നോട്ട് റെക്കോര്‍ഡ് ചെയ്യുന്നത് ഇടയ്ക്കുവച്ച് താല്‍ക്കാലികമായി നിര്‍ത്താനും പിന്നീടത് അയയ്ക്കും മുന്പ് ഒന്നുകൂടി കേള്‍ക്കാനും സാധിക്കുന്ന ഫീച്ചര്‍ അടുത്തിടെ വാട്‌സ് ആപ്പ് അവതരിപ്പിച്ചിരുന്നു. വൈകാതെ തന്നെ ഇന്‍ആപ്പ് ചാറ്റ് സൗകര്യവും അവതരിപ്പിക്കാനൊരുങ്ങുകയാണ് വാട്‌സ് ആപ്പ്.
ഫേസ്ബുക്കിലേതിന് സമാനമായി സന്ദേശങ്ങളോട് ഇമോജികളാല്‍ പ്രതികരിക്കാനാവുന്ന അപ്‌ഡേഷന്‍ കഴിഞ്ഞ ദിവസം വാട്‌സ് ആപ്പ് ലഭ്യമാക്കിയിരുന്നു. ഇതിന് പുറമേയുള്ള ഫീച്ചറുകളെക്കുറിച്ചാണ് മുമ്പ് പറഞ്ഞത്. ഉപയോക്താക്കളുടെ അഭിപ്രായം മാനിച്ച് തയ്യാറാക്കിയ അപ്‌ഡേഷനുകള്‍ വരുന്ന ആഴ്ചകളിലായി ലഭ്യമാവും. വാട്‌സ് ആപ്പ് അപ്‌ഡേറ്റ് ചെയ്തിട്ടും ഈ ഫീച്ചറുകള്‍ ഇതുവരെ ലഭിക്കാത്തവര്‍ വിഷമിക്കേണ്ടതില്ല. വൈകാതെ തന്നെ നിങ്ങളുടെ വാട്‌സ് ആപ്പിലും പുതിയ മാറ്റങ്ങള്‍ വന്നുതുടങ്ങും.