2021 നവംബറില്‍ ഇന്ത്യയില്‍ വാട്‌സ് ആപ്പ് നിരോധിച്ചത് 17.59 ലക്ഷം അക്കൗണ്ടുകള്‍
പുതിയ ഐടി നിയമം 2021 അനുസരിച്ചാണ് വാട്‌സ് ആപ്പ് കണക്കുകള്‍ പുറത്തുവിട്ടത്. ആറാമത്തെ പ്രതിമാസ റിപോര്‍ട്ടിലാണ് നവംബറിലെ കണക്കുകള്‍ പുറത്തുവന്നിരിക്കുന്നത്.
ന്യൂഡല്‍ഹി: 2021 നവംബറില്‍ മാത്രം 17,59,000 ലക്ഷം ഇന്ത്യന്‍ അക്കൗണ്ടുകള്‍ വാട്‌സ് ആപ്പ് നിരോധിച്ചു. ഇക്കാലയളവില്‍ 602 പരാതികളാണ് ലഭിച്ചത്. ഇതില്‍ 36 എണ്ണത്തില്‍ നടപടിയെടുത്തുവെന്നും കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. പുതിയ ഐടി നിയമം 2021 അനുസരിച്ചാണ് വാട്‌സ് ആപ്പ് കണക്കുകള്‍ പുറത്തുവിട്ടത്. ആറാമത്തെ പ്രതിമാസ റിപോര്‍ട്ടിലാണ് നവംബറിലെ കണക്കുകള്‍ പുറത്തുവന്നിരിക്കുന്നത്. ഉപഭോക്താവ് നല്‍കുന്ന പരാതികളുടെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികളാണ് റിപോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
വാട്‌സ് ആപ്പ് ദുരുപയോഗം ചെയ്യുന്നത് തടയുകയാണ് ലക്ഷ്യമെന്ന് കമ്പനി അറിയിച്ചു. എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്റ്റഡ് മെസേജിങ് സിസ്റ്റങ്ങളില്‍ വച്ച് ദുരുപയോഗം തടയുന്നതില്‍ വാടസ് ആപ്പ് ഏറ്റവും മികച്ച കമ്പനിയാണ്. ഒക്ടോബറില്‍ 500 പരാതികള്‍ ലഭിച്ചതിനെത്തുടര്‍ന്ന് വാട്‌സ് ഇന്ത്യയില്‍ 20 ലക്ഷത്തിലധികം അക്കൗണ്ടുകള്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇന്ത്യയില്‍ വാട്‌സ് ആപ്പിന് ഏകദേശം 40 കോടി ഉപയോക്താക്കളുണ്ടെന്നാണ് കണക്ക്. മുമ്പ് വാട്‌സ് ആപ്പിന്റെ 95 ശതമാനം സസ്‌പെന്‍ഷനുകളും അനധികൃത ഓട്ടോമേറ്റഡ് അല്ലെങ്കില്‍ മാസ് മെസേജിങ് (സ്പാം) ഉപയോഗത്തില്‍ നിന്നാണുണ്ടായിരുന്നത്.
നടപടിയെടുക്കുക എന്നതിനര്‍ഥം ഒന്നുകില്‍ ഒരു അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്യുക അല്ലെങ്കില്‍ പരാതിയുടെ ഫലമായി മുമ്പ് നിരോധിച്ച അക്കൗണ്ട് പുനസ്ഥാപിക്കുക എന്നതാണ്. മെയില്‍ പ്രാബല്യത്തില്‍ വന്ന പുതിയ ഐടി മാര്‍ഗനിര്‍ദ്ദേശങ്ങള്‍, പ്രധാന ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ക്ക് (50 ലക്ഷത്തിലധികം ഉപയോക്താക്കളുള്ള) ലഭിച്ച പരാതികളും സ്വീകരിച്ച നടപടികളും ഉള്‍പ്പെടെ എല്ലാ മാസവും നടപടി റിപോര്‍ട്ടുകള്‍ ഹാജരാക്കേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി തയ്യാറാക്കിയ റിപോര്‍ട്ടിലാണ് വാട്‌സ് ആപ്പ് അക്കൗണ്ടുകള്‍ നിരോധിച്ചതായി വ്യക്തമാക്കിയിരിക്കുന്നത്.