ഇക്കൊല്ലം സാധാരണയേക്കാള്‍ കൂടുതല്‍ മണ്‍സൂണ്‍ മഴ ലഭിക്കും; കേന്ദ്ര കാലാവസ്ഥ വകുപ്പ്

ന്യൂഡല്‍ഹി: ഇക്കൊല്ലം ഇന്ത്യയില്‍ സാധാരണയേക്കാള്‍ കൂടുതല്‍ മണ്‍സൂണ്‍ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ദീര്‍ഘകാല ശരാശരിയുടെ 105% സീസണല്‍ മഴ ലഭിക്കുമെന്നാണ് പ്രവചനം.
തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ സാധാരണയായി ജൂണ്‍ ഒന്നിന് കേരളത്തില്‍ ആരംഭിച്ച് സെപ്റ്റംബര്‍ പകുതിയോടെ പിന്‍വാങ്ങും. ശരാശരിയേക്കാള്‍ കൂടുതല്‍ മഴ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നത് കാര്‍ഷിക മേഖലയ്ക്ക് ഗുണം ചെയ്യുമെന്ന് ഭൗമശാസ്ത്ര മന്ത്രാലയം അറിയിച്ചു.
കാലാവസ്ഥ വകുപ്പിന്റെ കണക്കനുസരിച്ച്, ഏതാനും പ്രദേശങ്ങള്‍ ഒഴികെ, രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും അനുകൂലമായ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് പറയുന്നത്. നാല് മാസത്തെ മണ്‍സൂണ്‍ സീസണില്‍ ലഡാക്ക്, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍, തമിഴ്നാട് എന്നിവിടങ്ങളില്‍ മഴ സാധാരണയിലും താഴെയായിരിക്കുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
എല്‍നിനോ, ഇന്ത്യന്‍ മഹാസമുദ്രത്തിലെ കാലാവസ്ഥ പ്രതിഭാസവും ആരോഗ്യകരമായ മണ്‍സൂണിന് അനുകൂല ഘടകങ്ങളായി കണക്കാക്കപ്പെടുന്നു.മധ്യ, കിഴക്കന്‍ പസഫിക് സമുദ്രത്തിലെ ഉപരിതല ജലം പതിവിലും ചൂടാകുന്ന ഒരു കാലാവസ്ഥാ രീതിയാണ് എല്‍നിനോ, ഇതിനുപുറമെ, യുറേഷ്യയിലും ഹിമാലയന്‍ മേഖലയിലും മഞ്ഞുമൂടിയതിന്റെ അളവില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്, ചരിത്രപരമായി, ഇന്ത്യയിലെ മണ്‍സൂണ്‍ മഴയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് ഗവേഷകരുടെ അഭിപ്രായം.