ഡാര്‍ക്ക് വെബ്: ഇന്റര്‍നെറ്റിലെ അധോലോകം

ഇന്റര്‍നെറ്റിലെ അപകടച്ചുഴിയാണ് ഡാര്‍ക്ക് വെബ്. മയക്കുമരുന്നുകള്‍, ആയുധങ്ങള്‍, ലൈംഗിക വ്യാപാരം, വാടകകൊലയാളികളെ ഏര്‍പ്പെടുത്തല്‍ മനുഷ്യക്കടത്ത് തുടങ്ങി നിയമവിരുധമായ ഏത് കാര്യവും ഏര്‍പ്പാടാക്കുകയും വില്‍പ്പന നടത്തുകയും ചെയ്യുന്ന ഇടമാണ് ഡാര്‍ക്ക് വെബ്.

Update: 2020-07-29 17:04 GMT

ഇന്റര്‍നറ്റ് ഒരു കടല്‍ ആണെങ്കില്‍ അതിന്റെ മുകള്‍പരപ്പാണ് നമ്മള്‍ ഉപയോഗിക്കുന്ന വെബ്‌സൈറ്റുകള്‍. ഇവ എല്ലാം തന്നെ ഗൂഗിള്‍ പോലുള്ള സെര്‍ച്ച് എന്‍ജിനുകളില്‍ ലഭ്യമാകുന്നതും വെബ് ബ്രൗസര്‍ ഉപയോഗിച്ച് സന്ദര്‍ശിക്കാന്‍ സാധിക്കുന്നവയുമാണ്. നാലര കോടിയിലധികം വെബ് സൈറ്റുകളാണ് ഇത്തരത്തില്‍ ഇന്റര്‍നെറ്റിലുള്ളത്. എന്നാല്‍ ഈ വെബ്‌സൈറ്റുകള്‍ എല്ലാം ആകെയുള്ള ഇന്റര്‍നെറ്റിന്റെ 16 ശതമാനത്തോളം മാത്രമേ വരികയുള്ളൂ. അപ്പോള്‍ ബാക്കിയുള്ള സൈറ്റുകള്‍ എല്ലാം എവിടെയാണ്? ലോകത്ത് നിലവിലുള്ള ഇന്റര്‍നെറ്റിന്റെ 80 ശതമാനത്തില്‍ അധികം വിവരം ഗൂഗിള്‍ പോലുള്ള സാധാരണ സെര്‍ച്ച് എന്‍ജിനുകളില്‍ തിരഞ്ഞാല്‍ ലഭിക്കില്ല. അവ പൊതുജനങ്ങള്‍ക്ക് നേരിട്ട് കാണാനും കഴിയില്ല. ഡിപ് വെബിലും ഡാര്‍ക്ക് വെബിലുമാണ് അവയുള്ളത്.

ഡീപ് വെബ്

ഫേസ്ബുക്കിലെ പ്രൈവറ്റ് ഷെയറുകള്‍, പ്രൈവറ്റ് ചാറ്റുകള്‍, ക്ലോസ്ഡ് ഗ്രൂപ്പുകള്‍. വാട്‌സാപ്പ് മെസ്സേജുകള്‍, നെറ്റ് ബാങ്കിംഗ് ഡാറ്റകള്‍, പാസ്വേഡ് ഉപയോഗിച്ച് പ്രവേശിച്ചാല്‍ മാത്രം ലഭിക്കുന്ന കാര്യങ്ങള്‍ തുടങ്ങി വിവിധ സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കപ്പെടുന്നതും പൊതുജനങ്ങള്‍ക്ക് ലഭ്യമല്ലാത്തതുമായ എല്ലാ വിവരങ്ങളും ഡീപ്പ് വെബ്ബിലാണ് ഉള്ളത്. ഇവ സാധാരണമായി ഗൂഗിള്‍ സെര്‍ച്ച് ലിങ്കുകളില്‍ പ്രത്യക്ഷപ്പെടുകയില്ല.

ഡാര്‍ക്ക് വെബ്

ഇന്റര്‍നെറ്റിലെ അപകടച്ചുഴിയാണ് ഡാര്‍ക്ക് വെബ്. മയക്കുമരുന്നുകള്‍, ആയുധങ്ങള്‍, ലൈംഗിക വ്യാപാരം, വാടകകൊലയാളികളെ ഏര്‍പ്പെടുത്തല്‍ മനുഷ്യക്കടത്ത് തുടങ്ങി നിയമവിരുധമായ ഏത് കാര്യവും ഏര്‍പ്പാടാക്കുകയും വില്‍പ്പന നടത്തുകയും ചെയ്യുന്ന ഇടമാണ് ഡാര്‍ക്ക് വെബ്. ബിറ്റ്കൊയിന്‍ എന്ന ഇന്റര്‍നെറ്റ് ക്രിപ്‌റ്റോ കറന്‍സി ഉപയോഗിച്ചാണ് ഡാര്‍ക്ക് വെബിലെ വിനിമയങ്ങള്‍ നടത്തുന്നത്. ബിറ്റ്‌കൊയിന്‍ ഇടപാടില്‍ ആര് ആര്‍ക്കു കൊടുത്തുവെന്ന് മൂന്നാമത് ഒരാള്‍ക്ക് കണ്ടുപിടിക്കാന്‍ സാധിക്കില്ല. വിവരം നല്‍കുന്നവരും വിവരം ഉപയോഗിക്കുന്നവരും ഡാര്‍ക് വെബില്‍ എപ്പോഴും മറയത്താണ്. അതുകൊണ്ട് ഇന്റര്‍നെറ്റിന് സെന്‍സര്‍ഷിപ് ഏര്‍പ്പെടുത്തിയിട്ടുള്ള രാജ്യങ്ങളിലും ഭരണകൂടത്തിനെതിരായ അഭിപ്രായങ്ങള്‍ നിരോധിച്ചിട്ടുള്ള വിവിധ രാജ്യങ്ങളിലെയും ഉപയോക്താക്കള്‍ക്ക് വലിയൊരു ആശ്രയമാണ് ഡാര്‍ക്ക് വെബ്.




 


നിയമവിരുദ്ധമായ കാര്യങ്ങളുടെ കൂടാരമാണ് ഡാര്‍ക്ക് വെബ്. ഇത്തരത്തിലുള്ളവയുടെ വില്പനയും ഇടപാടുകളും സേവനങ്ങളും എല്ലാം നല്‍കുന്ന ലക്ഷക്കണക്കിന് വെബ്‌സൈറ്റുകള്‍ ചേര്‍ന്നതാണ് ഡാര്‍ക് വെബ്. ടോര്‍ വെബ്‌സൈറ്റുകളാണ് ഡാര്‍ക്ക് വെബിലുള്ളത്. ഒരു ടോര്‍ ക്ലയന്റ് ഉപയോഗിച്ച് മാത്രമേ ഇത്തരം വെബ്‌സൈറ്റുകളിലേക്ക് പ്രവേശനം സാധിക്കുകയുള്ളു. സാധാരണ കാണുന്ന വെബ്‌സൈറ്റുകളെ പോലെയല്ല ഡാര്‍ക്ക് വെബിലെ വെബ്സൈറ്റുകള്‍. ഇവ .onion എന്ന എക്സ്റ്റന്‍ഷനിലാണ് അവസാനിക്കുന്നത്. വെബ്‌സൈറ്റിന്റെ അഡ്രസ് തന്നെ എന്‍ക്രിപ്റ്റഡായ ഒരു വാക്കായിരിക്കും. ഇവ നമ്മള്‍ ഉപയോഗിക്കുന്ന സാധാരണ വെബ് ബ്രൗസറുകളില്‍ നിന്നും സന്ദര്‍ശിക്കാന്‍ സാധ്യമല്ല. അതിനായി ടോര്‍ബ്രൗസര്‍ എന്ന പ്രത്യേകതരം ബ്രൗസര്‍ തന്നെ വേണം. ഉപയോഗിക്കുന്ന വ്യക്തിയുടെ IP അഡ്രസ്, മറ്റു ഡാറ്റകള്‍ എന്നിവ പലതവണ എന്‍ക്രിപ്റ്റ് ചെയ്താണ് ടോര്‍ നെറ്റ്വര്‍ക്കില്‍ കണക്റ്റ് ചെയ്യപ്പെടുന്നത്. അതിനാല്‍ ടോര്‍ ഉപയോഗിക്കുന്ന വ്യക്തിയെ തിരിച്ചറിയാന്‍ വളരെ ബുദ്ധിമുട്ടാണ്. ആരും അറിയാതെ എന്തും ചെയ്യാവുന്ന ഇടമായതിനാല്‍ സൈബര്‍ ക്രിമിനലുകളുടെ കൂടാരമാണ് ടോര്‍ വെബ്‌സൈറ്റുകള്‍.

ഡാര്‍ക് വെബില്‍ ഒരു രാജ്യത്തിന്റെയും നിയമങ്ങള്‍ പ്രയോഗിക്കാനാവില്ല. വാങ്ങുന്നവനും വില്‍ക്കുന്നവനുമെല്ലാം തിരിച്ചറിയപ്പെടാത്ത സുരക്ഷിത ഇടങ്ങളിലിരുന്നാണ് ഇടപാട് നടത്തുന്നത്. എന്തു ചെയ്താലും ആരും അറിയില്ല എന്നതിനാല്‍ ഡാര്‍ക് വെബില്‍ എന്തും സാധ്യമാണ്. കൊലപാതകങ്ങളുടെ ക്വട്ടേഷന്‍ ഏറ്റെടുക്കലും, അവയവ വില്‍പ്പനയും, കുട്ടികളെ തട്ടികൊണ്ടു പോയി വില്‍പ്പന നടത്തുവരുടെ ഇടപാടുകളും, വ്യാജ രേഖകള്‍ നിര്‍മിച്ച് നല്‍കലും തുടങ്ങി നിയമവിരുദ്ധമായ എന്തും നടക്കുന്ന ഇടമാണ് ഇത്. അതിനാല്‍ തന്നെ ഡാര്‍ക്ക് വെബ് ഇന്റര്‍നെറ്റിലെ അധോലോകമാണ്. അതില്‍ പ്രവേശിക്കാന്‍ ശ്രമിക്കുക പോലും ചെയ്യാതെ അകന്നു നില്‍ക്കുകയാണ് ഉചിതം.


Tags:    

Similar News